ഹരിതം -മാത്യു എം കുഴിവേലി ബാലസാഹിത്യ പുരസ്കാരം നേടിയ മഞ്ഞുമ്മൽ സ്വദേശി മേരി മെറ്റിൽഡ കെ ജെ യുടെ വനരാക്ഷസി എന്ന ബാലനോവൽ വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നു
വനരാക്ഷസി വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നു
ഹരിതം -മാത്യു എം കുഴിവേലി ബാലസാഹിത്യ പുരസ്കാരം നേടിയ മഞ്ഞുമ്മൽ സ്വദേശി മേരി മെറ്റിൽഡ കെ ജെ യുടെ വനരാക്ഷസി എന്ന ബാലനോവൽ വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നു. പരിഷ്കൃത സമൂഹത്തെ വരച്ചിടുന്നതോടൊപ്പം ബാല്യം നഷ്ടപ്പെടുന്ന ഒരു തലമുറയേയും നാം മേനി നടിക്കുന്ന സംസ്കൃതിയുടെ പരിണാമവും നോവലിൽ അനാവൃതമാകുന്നു. നാം അധിവസിക്കുന്ന ഭൂമിയുടെ സംരക്ഷണത്തിന് മുന്നിട്ടറങ്ങണമെന്ന് കുരുന്നുമനസുകളിൽ ഇത് കോറിയിടുന്നുണ്ട് . നോവലിൽ നിന്ന്
” നമുക്കൊരുമിച്ച് പ്രകൃതിയെ സംരക്ഷിക്കണം. ഒരു വൃക്ഷം പോലും വെട്ടി നശിപ്പിക്കരുത്. പാടം തരിശാക്കുകയോ നികത്തുകയോ ചെയ്യരുത്. കുന്നുകൾ ജീവന്റെ ഉറവയായ് നിലനിർത്തണം. ജനിച്ചുവളർന്ന ഈ നാടിനായ് ജീവിക്കുകയും പരിസ്ഥിതി മലിനപ്പെടുത്താതെ സംരക്ഷിക്കുകയും വേണം…..”
ഇതാണ് നോവലിന്റെ അന്തഃസത്ത . ചിലത് എഴുത്തുകാരിയുടെ പ്രസ്താവനകളായും ഭാഷ ബാലസാഹിത്യത്തിന് അപ്പുറത്തേക്കും നീളുന്നുണ്ട്. (വായനക്കാരൻ എന്ന നിലയിൽ പറഞ്ഞു പോകുന്നതാണ്.. )
എഴുത്തുകാരിക്ക് ആശംസകൾ..
ഏലൂരിലെ പ്രീയപ്പെട്ട സി പി ഐ നേതാവായിരുന്ന സഖാവ് ടി ജെ വർഗീസിന്റെ മരുമകളും സുഹൃത്തും നേതാവുമായ സാലി വർഗീസിന്റെ സഹധർമ്മിണിയുമാണ് മേരി മെറ്റിൽഡ എന്ന് അറിഞ്ഞത് പുസ്തകം കൈയിൽ കിട്ടിയപ്പോൾ മാത്രമാണ്. വീട്ടിൽ പോയിട്ടുണ്ടെങ്കിലും സാലി സഖാവുമായി പലപ്പോഴും സംസാരിച്ചിട്ടുണ്ടെങ്കിലും എഴുത്തിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പുസ്തകത്തിന് ചിത്രീകരണം നടത്തിയിട്ടുള്ള ബാലകൃഷ്ണൻ കതിരൂർ മാഷാണ് ചിത്രപ്രദർശനത്തിനിടെ പരിചയപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ പരിസ്ഥിതി മലിനീകരണമുള്ള നാട്ടിലിരുന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം നോവലിലൂടെ പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്..
അഭിനന്ദനങ്ങൾ…
സസ്നേഹം
ഷാജി ഇടപ്പള്ളി