സ്‌കൂൾ സുരക്ഷാ പ്ലാനുകൾ തയ്യാറാക്കാൻ ഇനി ‘ഉസ്‌കൂൾ’ ആപ്പ്

October 10, 2022 - By School Pathram Academy

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പ്ലാനുകൾ (സ്‌കൂൾ ദുരന്തനിവാരണ പ്ലാനുകൾ) തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന ആപ്പ് വികസിപ്പിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. യൂണിസെഫിന്റെ സംയുക്ത സഹകരണത്തോടെ ‘ ഉസ്‌കൂൾ ‘ എന്ന പേരിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെയും അധ്യാപക -അനധ്യാപക-രക്ഷാകർത്തൃ സമിതികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുക, അവ നടപ്പിലാക്കുക എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു. ഈ സുരക്ഷാ പദ്ധതി രേഖ തയ്യാറാക്കുന്നതിൽ അധ്യാപകരെ സഹായിക്കുക എന്നതാണ് ഉസ്കൂൾ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, സ്‌കൂളുകളിലെ വിവിധ അപകട സാധ്യതകളുടെ വിവരണം, സ്‌കൂൾ സുരക്ഷാസമിതി അംഗങ്ങളുടെ പേര് വിവരങ്ങൾ, സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകൾ തുടങ്ങിയവയെല്ലാം ആപ്പിൽ രേഖപ്പെടുത്തി പ്ലാനുകൾ തയ്യാറാക്കാം.

എല്ലാ സ്‌കൂളുകളിലും സുരക്ഷാ പ്ലാനുകൾ പൂർത്തിയാക്കുകയും കുട്ടികളിൽ ദുരന്ത പ്രതിരോധ അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ആഘാതങ്ങൾ ഏറിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് വികസിപ്പിച്ചത്.

ദുരന്തനിവാരണ നിയമത്തിനെ (DM ആക്ട് 2005) ആധാരമാക്കി എല്ലാ സ്‌കൂളുകളിലും സുരക്ഷ ഉറപ്പാക്കുക എന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അനുശാസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ വിവിധ സ്‌കൂൾ സുരക്ഷാ പ്രവർത്തനങ്ങളും ക്യാമ്പയിനുകളും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തി വരുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഉസ്കൂൾ ആപ്പും. പാണഞ്ചേരി ഗവൺമെന്റ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ ഒക്ടോബർ 13 ന് നടക്കുന്ന അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ടി എൻ പ്രതാപൻ എം പി ആപ്പ് പ്രകാശനം ചെയ്യും.

Category: News