സ്കൂളിൽ വെള്ളമില്ല കൂട്ടുകാർക്ക് വെള്ളവുമായി അമ്മയും മകനും
![](https://www.schoolpathram.com/wp-content/uploads/2024/02/Screenshot_20240204-202844.jpg)
സ്കൂളിൽ വെള്ളമില്ല കൂട്ടുകാർക്ക് വെള്ളവുമായി അമ്മയും മകനും
പുല്ലാട് (പത്തനംതിട്ട): കൂട്ടുകാർക്ക് ദാഹിക്കുന്നതുകണ്ട് അവന്റെ നെഞ്ചുപിടഞ്ഞു. അവരുടെ തൊണ്ട വരളുന്നതറിഞ്ഞ് കണ്ണുകൾ നനഞ്ഞു. പിന്നെ അവന്റെ കരുതൽ, കൂട്ടുകാരിലേക്ക് ആശ്വാസത്തിന്റെ തെളിനീരായി ഒഴുകിയിറങ്ങി.
കടപ്ര എം.ടി.എൽ.പി. സ്കൂളിലാണ് ദേവതീർഥ് പഠിക്കുന്നത്. അമ്മ വിനീത ഇവിടത്തെ അധ്യാപികയും. ‘പാറേൽ പള്ളിക്കൂടം’ എന്നറിയപ്പെടുന്ന സ്കൂൾ കുന്നിൻമുകളിലാണ് സ്ഥിതിചെയ്യുന്നത്. പുല്ലാട് ജങ്ഷന് സമീപം പൈപ്പ്ലൈൻ പൊട്ടിയതിനാൽ രണ്ടുമാസമായി കടപ്രയിലേക്ക് കുടിവെള്ളം വിതരണം നിലച്ചിരിക്കുകയാണ്. ഇതോടെ സ്കൂളിലും വെള്ളം ഇല്ലാതായി.
വെള്ളം കിട്ടാതായതോടെ ദേവതീർഥിന്റെ സഹപാഠികൾ പലരും സമയത്ത് സ്കൂളിൽ വരാതായി. ഇതോടെയാണ് വീട്ടിൽനിന്ന് വെള്ളം കൊണ്ടുവരുന്നതിനെപ്പറ്റി ദേവതീർഥ് അമ്മയോട് പറഞ്ഞത്. 16 കിലോമീറ്റർ അകലെ ചെങ്ങന്നൂർ പാണ്ടനാട് പ്രയാറിലാണ് ദേവതീർഥിന്റെ വീട്.
വിനീതയും മകനും സ്കൂട്ടറിലാണ് സ്കൂളിൽ വരുന്നത്. ദേവതീർഥ് സ്കൂളിൽ കുടിവെള്ളം എത്തിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ വിനീതയാണ് 20 ലിറ്ററിന്റെ കാൻ വാങ്ങിയത്. ഇത് നിറയെ വെള്ളംനിറച്ച് സ്കൂട്ടറിൽവെച്ചാണ് അമ്മയും മകനും ഇപ്പോൾ സ്കൂളിൽ വരുന്നത്. കുട്ടികളുടെ കുടിവെള്ളക്ഷാമം ഇതോടെ പരിധിവരെ പരിഹരിക്കപ്പെട്ടു.
ഉച്ചഭക്ഷണം തയ്യാറാക്കാനും കുട്ടികളുടെ മറ്റാവശ്യങ്ങൾക്കുമായി പ്രഥമാധ്യാപിക ലീന. സി. കുരുവിള സ്വന്തംകൈയിൽനിന്ന് 650 രൂപ നൽകി ആഴ്ചയിൽ 1000 ലിറ്റർ വെള്ളവും വാങ്ങുന്നുണ്ട്.