സ്കൂളിൽ ഒന്നാം ക്ലാസിലേക്കു കുട്ടികളാരും എത്താതിരുന്ന വർഷം കൂടിയാണിത്. വർണാഭമായി പ്രവേശനോത്സവം നടക്കേണ്ട വിദ്യാലയത്തിൽ ഹാജരായത് അധ്യാപിക മാത്രം
സ്കൂളിൽ ഒന്നാം ക്ലാസിലേക്കു കുട്ടികളാരും എത്താതിരുന്ന വർഷം കൂടിയാണിത്. വർണാഭമായി പ്രവേശനോത്സവം നടക്കേണ്ട വിദ്യാലയത്തിൽ ഹാജരായത് അധ്യാപിക മാത്രം.
ടെസി ടീച്ചർ ഹാജർബുക്ക് തുറന്നില്ല, കുട്ടികളുടെ പേരു വിളിച്ചില്ല, ആരും ഹാജർ പറഞ്ഞതുമില്ല. കാരണം, ചാവക്കാട് പാലയൂർ എഎംഎൽപി സ്കൂളിൽ ഇന്നലെ അധ്യയന വർഷം തുടങ്ങിയത് ഒരു കുട്ടി പോലുമില്ലാതെയാണ്. കഴിഞ്ഞ വർഷം 9 കുട്ടികൾ ഉണ്ടായിരുന്നെങ്കിലും നാലാം ക്ലാസ് ജയിച്ച 3 കുട്ടികൾ പുതിയ സ്കൂളിലേക്കു മാറി. രണ്ടാം ക്ലാസിലേക്കു ജയിച്ച 4 കുട്ടികൾ മറ്റൊരു സ്കൂളിലേക്കു പോയി.
ചിറ്റിലപ്പിള്ളി വിവിഎൽപി സ്കൂൾ അധ്യാപികയായ ടെസി ടി. തോമസ് 5 വർഷം മുൻപാണു സംരക്ഷിത അധ്യാപികയായി പാലയൂരിലെത്തിയത്. താൽക്കാലിക അധ്യാപകരടക്കം 4 പേർ കൂടി അന്നു സ്കൂളിൽ ജോലി ചെയ്തിരുന്നു. പ്രധാനാധ്യാപിക സി. ഗിരിജ വിരമിച്ചതോടെ ടെസി ടി. തോമസ് 2 വർഷമായി ഒറ്റയ്ക്കാണു സ്കൂളിനെ നയിക്കുന്നത്. കോവിഡ് കാലത്ത് ഓൺലൈനായും ക്ലാസുകൾ മുടങ്ങാതെ നോക്കി. 1935 ൽ ആരംഭിച്ച വിദ്യാലയമാണിത്.
മൂന്നാം ക്ലാസിലേക്കു ജയിച്ച 2 കുട്ടികൾ കഴിഞ്ഞ ദിവസമെത്തി വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോകുകയും ചെയ്തതോടെയാണു ടീച്ചർ ഒറ്റയ്ക്കായത്. സ്കൂളിൽ ഒന്നാം ക്ലാസിലേക്കു കുട്ടികളാരും എത്താതിരുന്ന വർഷം കൂടിയാണിത്. വർണാഭമായി പ്രവേശനോത്സവം നടക്കേണ്ട വിദ്യാലയത്തിൽ ഹാജരായത് അധ്യാപിക മാത്രം.