സമഗ്ര ശിക്ഷാ കേരളം, സ്റ്റാർസ് ; 1031.92 കോടിയുടെ പദ്ധതികൾക്ക്‌ അംഗീകാരം

May 18, 2023 - By School Pathram Academy

തിരുവനന്തപുരം 

സമഗ്ര ശിക്ഷാ കേരളം (എസ്‌എസ്‌കെ), വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി സ്റ്റാർസ്‌ എന്നിവയിൽ 1031.92 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും.

മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ എഡ്യൂക്കേഷൻ സൊസൈറ്റി ഓഫ് കേരളയുടെ (സെഡസ്‌ക്‌) ഗവേണിങ്‌ കൗൺസിൽ യോഗമാണ്‌ 2023–-24 വർഷിക പദ്ധതി നടത്തിപ്പിന്‌ അംഗീകാരം നൽകിയത്‌.

എസ്‌എസ്‌കെയുടെയും സ്റ്റാർസിന്റെയും പദ്ധതികൾ വ്യത്യസ്ത തലങ്ങളിലാണ് അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ നടത്തുന്നത്‌. എസ്‌എസ്‌കെയ്‌ക്ക്‌ 605.69 കോടിയുടെയും സ്റ്റാർസിന്‌ 426.23 കോടിയുടെയും പ്രവർത്തനങ്ങൾക്കാണ്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയത്.

ആകെ തുകയുടെ 60 ശതമാനമാണ്‌ കേന്ദ്രവിഹിതം. 40 ശതമാനം സംസ്ഥാനം വഹിക്കണം. ഗവേണിങ്‌ കൗൺസിലിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌, ബാലാവകാശ സംരക്ഷണ കമീഷൻ അംഗം സി വിജയകുമാർ, എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

Category: News