സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ആയിരത്തിൽപരം തസ്തികകൾ ഒഴിഞ്ഞു കിടക്കും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം.540 തസ്തികകൾ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ആയിരത്തിൽ പരം തസ്തികകളിൽ ബാക്കി വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു. ഇതിന്റെ ഗുണഫലം സ്കൂളുകൾക്ക് മാത്രമല്ല ആയിരത്തിൽപരം കുടുംബങ്ങൾക്കും ലഭിക്കും.
സംസ്ഥാനത്തെ എൽപി /യുപി/ ഹൈസ്കൂൾ പ്രധാനാധ്യാപക പ്രമോഷന് 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് വകുപ്പുതല പരീക്ഷകൾ പാസാകണം എന്ന നിബന്ധനയിൽ കാലങ്ങളായി ഇളവ് നിലനിൽക്കുന്നുണ്ടായിരുന്നു. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2011 ൽ സംസ്ഥാനത്ത് ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ പ്രധാനാധ്യാപക നിയമത്തിന് വകുപ്പ് തല പരീക്ഷ പാസാകണം എന്ന നിബന്ധന ഉൾപ്പെടുത്തി. വിദ്യാഭ്യാസ അവകാശനിയമം പ്രൈമറി വിദ്യാഭ്യാസത്തിന് മാത്രമാണ് ബാധകം എന്നതിനാൽ ഈ ഒരു വ്യവസ്ഥ എൽപി/യുപി പ്രധാനാധ്യാപക നിയമനത്തിന് മാത്രമാണ് ബാധകമായിട്ടുള്ളത്.
എന്നാൽ 50 വയസ്സ് പൂർത്തിയായവർക്ക് മുൻപ്നിലവിലുണ്ടായിരുന്നതുപോലെതന്നെ സ്ഥാനക്കയറ്റം നൽകി വരികയും ഈ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ചോദ്യം ചെയ്യപ്പെടുകയും ഇതിനെ തുടർന്ന് സർക്കാർ ഒന്നിലധികം ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ അവസാനം ഇറങ്ങിയ ഉത്തരവ് പ്രകാരം 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് വകുപ്പുതല പരീക്ഷ പാസാകണം എന്ന നിബന്ധനയിൽ 2019 ഫെബ്രുവരി 22 മുതൽ മൂന്നുവർഷം വരെ ഇളവ് അനുവദിച്ച് ഉത്തരവായിരുന്നു. ഈ ഉത്തരവ് കേരള ഹൈക്കോടതി മരവിപ്പിച്ചു. പ്രൈമറി പ്രധാന അധ്യാപക പ്രമോഷന് വകുപ്പുതല പരീക്ഷ പാസ്സാകാത്തവരെ പരിഗണിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനെതിരെ 50 വയസ് പിന്നിട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിൽ തൽസ്ഥിതി നിലനിർത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അന്തിമ വിധി വന്നിട്ടില്ല.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വ്യവസ്ഥകൾക്ക് വിധേയമായി സീനിയോറിറ്റി അടിസ്ഥാനമാക്കി താത്കാലിക പ്രധാനാധ്യാപക പ്രൊമോഷൻ നൽകുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് മാർഗ്ഗനിർദ്ദേശം നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പ്രൈമറി പ്രധാനാധ്യാപക പ്രമോഷൻ ഉത്തരവിറക്കി അധ്യാപകരെല്ലാം തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഈ നടപടികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മൂന്നാഴ്ച കാലത്തേക്ക് സ്റ്റേ ചെയ്തു. എന്നാൽ സർക്കാർ ഫയൽചെയ്ത അപ്പീലിൽ കേരള ഹൈക്കോടതി സ്റ്റേ ഒഴിവാക്കി.