വിദ്യാലയങ്ങളിൽ മലയാള ദിനത്തിൽ പ്രതിജ്ഞയെടുക്കണം;ബാനർ പ്രദർശിപ്പിക്കണം : സർക്കാർ ഉത്തരവ്

September 27, 2024 - By School Pathram Academy

കേരളത്തിലെ ഭരണഭാഷ പൂർണ്ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി സർക്കാർ വിവിധ പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണ്. അതിന്റെ ഭാഗമായി എല്ലാ വർഷവും നവംബർ 1 മലയാളദിനമായും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരമായും ആഘോഷിക്കുന്നതു സംബന്ധിച്ച് 18.03.2002-ൽ ജി.ഒ.(പി)നം.31/2002/പി&എആർഡി പുറപ്പെടുവിക്കുകയുണ്ടായി. ഇക്കാലയളവിൽ ഭരണഭാഷാമാറ്റത്തിന് ഉതകുംവിധമുള്ള ചർച്ചകളും സെമിനാറുകളും മറ്റും സംസ്ഥാന – ജില്ലാ – താലൂക്ക് – പഞ്ചായത്തുതലങ്ങളിൽ സംഘടിപ്പിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. മലയാളദിനവും ഭരണഭാഷാവാരവും ആഘോഷിക്കുമ്പോൾ സ്കൂൾതലത്തിൽ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് 2/5/2002 ൽ ജി.ഒ.(പി)നം. 20/2002/പി&എആർഡി നമ്പർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ എന്നിവ ഉപയോഗിക്കുന്ന കുട്ടികളെയും ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇവിടെ വന്നു പഠിക്കുന്ന കുട്ടികളെയും ഒഴിവാക്കിക്കൊണ്ട് സർക്കാരുത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.

സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും മേല്പറഞ്ഞ ഉത്തരവുകളുടെ വെളിച്ചത്തിൽ കേരളപ്പിറവിയുടെ 68-ാം വാർഷികവേളയായ ഈ വർഷവും ആഘോഷപരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. നവംബർ മാസത്തിലെ ആദ്യത്തെ പ്രവൃത്തിദിവസം മലയാളദിനാഘോഷവും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാ വാരാഘോഷവും സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് താഴെപ്പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. സംസ്ഥാനതലത്തിൽ ആഘോഷപരിപാടികളുടെ ഉദ്ഘാടനം 01.11.2024-ന് ബഹു. മുഖ്യമന്ത്രി നിർവഹിക്കുന്നതാണ്. 2024 നവംബർ 1-ാം തീയതി എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ ഓഫീസ് തലവന്റെ അധ്യക്ഷതയിൽ ഭരണഭാഷാസമ്മേളനം സംഘടിപ്പി ക്കേണ്ടതും താഴെച്ചേർത്തിട്ടുള്ള ഭരണഭാഷാപ്രതിജ്ഞ ഉദ്യോഗസ്ഥർക്ക് ഓഫീസ് തലവൻ ചൊല്ലിക്കൊടു ക്കേണ്ടതുമാണ്.

ഭരണഭാഷാപ്രതിജ്ഞ

മലയാളം എന്റെ ഭാഷയാണ്. മലയാളത്തിൻ്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാളഭാഷയെയും കേരളസംസ്കാരത്തെയും ഞാൻ ആദരിക്കുന്നു. ഭരണനിർവഹണ ത്തിൽ മലയാളത്തിൻ്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് എൻ്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും”

2. വിദ്യാലയങ്ങളിൽ മലയാളദിനത്തിൽ ചേരുന്ന അസംബ്ലിയിൽ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാർഥികളും താഴെച്ചേർത്തിട്ടുള്ള പ്രതിജ്ഞയെടുക്കേണ്ടതാണ്.

“മലയാളമാണ് എൻ്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻകാണുന്ന നക്ഷത്രമാണ്. എന്നെത്തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതുനാട്ടിലെ ത്തിയാലും ഞാൻ സ്വപ്നംകാണുന്നത് എൻ്റെ ഭാഷയിലാണ്. എൻ്റെ ഭാഷ ഞാൻതന്നെയാണ്.”

3. ഭരണ ഭാഷാ വാരാഘോഷക്കാലത്ത് ഓഫീസുകളിലും വിദ്യാലയങ്ങളിലും ആഘോഷം സംബന്ധിച്ച ബാനറുകൾ പ്രദർശിപ്പിക്കേണ്ടതാണ്.

ബാനറിൻ്റെ മാതൃക

ഭരണഭാഷ -മാതൃഭാഷ മലയാളദിനാഘോഷം – 2024 നവംബർ 1 ഭരണഭാഷാവാരാഘോഷം -2024 നവംബർ 1 മുതൽ 7 വരെ

4. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പരിശീലനക്ലാസുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, ഭരണഭാഷാപുരസ്കാരം ലഭിച്ചവർക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കേണ്ടതാണ്. അതോടൊപ്പം, വിവിധ വകുപ്പുകൾക്ക് യോജിച്ചതും ഭാഷാമാറ്റപുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും സംഘടിപ്പിക്കാവുന്നതാണ്.

5. ഓഫീസുകളിൽ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ്പദങ്ങളും സമാന മലയാളപദങ്ങളും എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.

6. മലയാളദിനാഘോഷത്തിൻ്റെയും ഭരണഭാഷാവാരാഘോഷത്തിൻ്റെയും ഭാഗമായി വിവിധ ഓഫീസുകളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങൾ സമാഹരിച്ച് വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കി എല്ലാ വകുപ്പുതലവൻമാരും നവംബർ 30- നു മുൻപ് ഔദ്യോഗികഭാഷാവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയയ്യേണ്ടതാണ്.

7.മലയാളദിന-ഭരണഭാഷാവാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ സംബന്ധിച്ച പ്രത്യേകറിപ്പോർട്ട് അതതുജില്ലയിലെ ജില്ലാഇൻഫർമേഷൻ ഓഫീസർ 2024 നവംബർ 30-നകം ഔദ്യോഗികഭാഷാവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ലഭ്യമാക്കേണ്ടതാണ്.

8. മലയാളദിന-ഭരണഭാഷാവാരാഘോഷത്തിനുള്ള ചെലവ് 26- ഭരണഭാഷ നടപ്പാക്കൽ’ എന്ന കണക്കിലോ, ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മറ്റു ചെലവുകൾ എന്ന കണക്കിലോ വകയിരുത്തേണ്ടതാണ്. പഞ്ചായത്തുതലത്തിലുള്ള പരിപാടികളുടെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിന്റെ കണക്കിൽ വകയിരുത്തേണ്ടതാണ്.

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More