മുപ്പത് തവണ രക്തദാനം ചെയ്ത് മാതൃകയായി ഒരു അധ്യാപകൻ
മുപ്പത് തവണ രക്തദാനം നൽകി മാതൃകയാകുന്നു.
വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനിടയിലും ഈ അധ്യാപകൻ രക്തം നൽകിയത് നിരവധി പേർക്ക്. ഇരിങ്ങാൾ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനും നാഷണൽ സർവീസ് സ്കീം യൂണിറ്റ് പ്രോഗ്രാം ഓഫീസറുമായ സമീർ സിദ്ദീഖി മാതൃകയാവുകയാണ്. ജീവൻ്റെ തുള്ളിയായ രക്തദാനം ചെയ്യാനായി ജീവിതം മാറ്റിവച്ച അധ്യാപകൻ. ജീവൻ്റെ തുടിപ്പ് നിലനിർത്താൻ മനം നൊന്ത് വിളിക്കുന്നവർക്ക് ജീവജലം പകർന്നത് മുപ്പത് തവണ.
ഒരു വ്യക്തിയുടെ ജീവിതത്തിൽ രക്തത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും പങ്കുവെക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 1-ന് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജി വഴി 1975 ഒക്ടോബർ 1-നാണ് ഇത് ആദ്യമായി ആഘോഷിക്കാൻ തുടങ്ങിയത്.
ജീവിച്ചിരിക്കുമ്പോൾ ഒരു മനുഷ്യന് നൽകാനാവുന്ന ഏറ്റവും വലിയ ദാനമാണ് രക്തദാനം. ആരുടെയും സമ്മതം ആവശ്യമില്ലാതെ ചെയ്യാനാവുന്ന പുണ്യ പ്രവൃത്തി. ലോക് ഡൗൺ കാലത്തും രക്തം നൽകാൻ മടിച്ചില്ല. രക്തദാനത്തിൻ്റെ മഹത്വത്തെക്കുറിച്ച് നൂറിലധികം ബോധവൽക്കരണ ക്ലാസുകളും രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി രക്തദാനം നൽകിയത്. തിരുവനന്തപുരം റീജീയണൽ ക്യാൻസർ സെൻ്ററിൽ വച്ച് അഞ്ച് വയസുള്ള ക്യാൻസർ രോഗിയ്ക്കായി രക്തം നൽകിയിട്ട് ബ്ലഡ് ബാങ്കിൽ നിന്ന് ഇറങ്ങുമ്പോൾ കുഞ്ഞിൻ്റെ അമ്മ പാരിതോഷികമായി സ്വന്തം കൈയിൽ കിടന്ന സ്വർണ മോതിരം ഊരി നൽകിയ നിമിഷം കണ്ണും മനസും നിറഞ്ഞു പോയി. ഇത് ഒരിക്കലും മറക്കില്ലെന്നും ഈ അധ്യാപകൻ പറയുന്നു.
വിവാഹ വാർഷികം, ജന്മദിനം പുതുവത്സരം, മറ്റ് ആഘോഷ ദിവസങ്ങളിലൊക്കെ ഭാര്യ തസ്നീമിനൊപ്പം പോയി രക്തം ദാനം ചെയ്യാറുണ്ട്. പ്രഷ്യസ് ഡ്രോപ്സ് ബ്ലഡ് ഡൊണേഷൻ ഫോറം ഏർപ്പെടുത്തിയ ബസ്റ്റ് കപ്പിൾ അവാർഡ്, രക്ത ദാന പ്രവർത്തന രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കുള്ള തെർമോ പെൻ പോൾ അവാർഡ്, കഴിഞ്ഞ വർഷത്തെ പ്രഷ്യസ് ഡ്രോപ്പ്‌സ് രക്ത ദാന പുരസ്കാരം കൊല്ലത്ത് വച്ച് നടന്ന ചടങ്ങിൽ ഗണേഷ് കുമാർ എം.എൽ എ യിൽ നിന്നും ഏറ്റുവാങ്ങി. ഡോക്ടേഴ്സ് ദിനത്തിൽ ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ മികച്ച രക്തദാന പ്രവർത്തകനുള്ള ഈ വർഷത്തെ അവാർഡും ലഭിച്ചിട്ടുണ്ട്
വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന പത്തിലധികം രക്തദാന ഗ്രൂപ്പുകളിലെ അഡ്മിനും സജീവ പ്രവർത്തകനുമാണ്. മൊബൈൽ ഫോണിൽ മറ്റുള്ളവരുടെ ഫോൺ നമ്പർ സേവ് ചെയ്യുമ്പോൾ പേരിനൊപ്പം രക്ത ഗ്രൂപ്പ് കൂടി ഉൾപ്പെടുത്തിയാൽ രക്തം ആവശ്യമായി വരുമ്പോൾ രക്ത ദാതാക്കളെ വേഗം കണ്ടു പിടിയ്ക്കാൻ കഴിയുമെന്ന് സമീർ സിദ്ദീഖി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹവും കുടുംബവും കഴിഞ്ഞ രണ്ട് വർഷമായി ഇരിങ്ങോളിലാണ് താമസം. ഹോം ബേക്കർ ആയ ഭാര്യ തസ്നിം സമീർ ,പന്ത്രണ്ട് വയസുകാരനും യൂട്യൂബറുമായ റൈഹാൻ സമീർ മകനുമാണ്.