പൊതുവിദ്യാഭ്യാസ വകുപ്പിൽ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളിൽ നിരവധി ഫയലുകൾ ഇനിയും തീരുമാനമാകാതെ നിലവിലുണ്ട്
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് നാളെ തുടക്കം. ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച( മെയ് 9) ന് രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി നിർവഹിക്കും.
പൂജപ്പുര പരീക്ഷാഭവനിലാണ് ചടങ്ങ്.
സർക്കാർ സേവനങ്ങൾ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലേക്കെത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഫയലുകൾ കടലാസുകെട്ടുകളല്ല മനുഷ്യരുടെ ജീവിതം തന്നെയാണെന്ന ബോധ്യത്തിന്മേലാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഫയലുകളുടെ വിനിമയവും അതിന്മേലുള്ള തീരുമാനവും ത്വരിതപ്പെടുത്താൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചുവരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിൽ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളിൽ നിരവധി ഫയലുകൾ ഇനിയും തീരുമാനമാകാതെ നിലവിലുണ്ട്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെന്ന നിലയിൽ ഇത്തരം ഫയലുകളിൽ അതിവേഗ തീരുമാനം കൈക്കൊള്ളാനാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്.വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും പൊതുജനങ്ങളുടെയും നിരവധി പ്രശ്നങ്ങൾ അദാലത്തിലൂടെ പരിഹരിക്കപ്പെടും.
പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ല. ഫയൽ അദാലത്തിലൂടെ പരമാവധി ഫയലുകൾ തീർപ്പാക്കും.