പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ടോയ്‌ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും

June 06, 2022 - By School Pathram Academy

തിരുവനന്തപുരം

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ സംയുക്ത പരിശോധന. ജില്ലകളിലെ നൂൺഫീഡിങ്‌ സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ നൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിലെത്തി തിങ്കൾ മുതൽ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ടോയ്‌ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.

വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെയും നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.

വെള്ളിയാഴ്ചകൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർഥികൾക്ക് ശുചിത്വ ബോധവൽക്കരണം നൽകും. പാചകത്തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം ശുചിത്വ പരിശീലനം നൽകും. കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായ എൽഎംഎസ് എൽപിഎസ് ഉച്ചക്കട (തിരുവനന്തപുരം), കായംകുളം ടൗൺ ഗവ. യുപിഎസ് (ആലപ്പുഴ), ഗവ. എൽപിഎസ് പടന്നക്കാട് (കാസർകോട്)എന്നിവിടങ്ങളിലെ ഭക്ഷണ സാമ്പിൾ പരിശോധനാ ഫലവും ആരോഗ്യവകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ ഫലവും അഞ്ചു ദിവസത്തിനകം ലഭ്യമാകും.

 

മന്ത്രിമാരും ജനപ്രതിനിധികളും സ്‌കൂളിൽനിന്ന്‌ ഉച്ചഭക്ഷണം കഴിക്കും

 

സ്‌കൂൾ ഉച്ചഭക്ഷണപദ്ധതി വിലയിരുത്തലിന്റെ ഭാഗമായി മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി ആർ അനിൽ കോഴിക്കോട്ടും തിങ്കളാഴ്‌ച സ്‌കൂളുകളിൽനിന്ന്‌ ഭക്ഷണം കഴിക്കും.

ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണവേളയിൽ കുട്ടികൾക്കൊപ്പം പങ്കുചേരാൻ മന്ത്രി വി ശിവൻകുട്ടി അഭ്യർഥിച്ചു. സംസ്ഥാനത്തെ 12,302 സ്‌കൂളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.

Category: IAS