പക്ഷി നിരീക്ഷണത്തിലെ പാഠങ്ങൾ
പക്ഷി നിരീക്ഷണത്തിലെ പാഠങ്ങള്‍*
*ശുഹൈബ തേക്കിൽ*
*നല്ലൂർ നാരായണ എൽ പി* *ബേസിക് സ്കൂൾ,*
*ഫറോക്ക്*
യാത്രകളെ ഇഷ്ടപ്പെടാത്തവര്‍ ആരാണ്.? കാണാത്ത ലോകത്തെ അത്ഭുതങ്ങളിലേക്കും പരിചിതമല്ലാത്ത ജീവിതങ്ങളിലേക്കും ചരിത്രശേഷിപ്പുകളിലെ കാഴ്ചകളിലേക്കുമൊക്കെയാണല്ലോ പലപ്പോഴും നമ്മുടെ യാത്രകള്‍. അതിലാണ് ആവേശം. അതിനാണ് സാഹസം. എന്നാല്‍ തൊട്ടു മുമ്പിലുള്ള കാഴ്ചകളെ പലപ്പോഴും നമ്മള് അവഗണിക്കുന്നു. ആവാസവ്യവസ്ഥകളെ കണ്ടില്ലെന്നു നടിക്കുന്നു. ചുറ്റുമുള്ള ജീവജാലങ്ങളുടെ ജീവിതരീതികളെ കാണാനോ കേള്‍ക്കാനോ സമയമോ മനസോ പലപ്പോഴും കാണിക്കാറുമില്ല.
അതിനിടയിലാണ് തികച്ചും വ്യത്യസ്തമായൊരു യാത്രയുടെ ഭാഗമാകാന്‍ അധ്യാപികയായ എനിക്കും സാധിച്ചത്. രാമനാട്ടുകര ഗവ.യു.പി സ്കൂളായിരുന്നു സംഘാടകര്‍. അധ്യാപകര്‍ മാത്രമായിരുന്നു സഹയാത്രികര്‍. കിളികളും മനുഷ്യരും എന്നതായിരുന്നു യാത്രക്കായി കണ്ടെത്തിയ തലവാചകം. അതുകൊണ്ടുതന്നെ പക്ഷികളുടെ സൗന്ദര്യമളക്കാനും ജീവിത രീതികളെ അടുത്തറിയാനുമായിരുന്നു ആ യാത്ര.
രാമനാട്ടുകര ഇടിമൂഴിക്കലിലെ തിരുവങ്ങാട്ട് ക്ഷേത്രവളപ്പായിരുന്നു യാത്രാസംഘം എത്തിച്ചേര്‍ന്നത്.
*അകത്തളം*
വീടിനടുത്തുതന്നെയുള്ള പ്രദേശം. പലപ്പോഴും കണ്ടു മടുത്ത ദേശഭൂപടങ്ങള്‍. അവിടെ മനുഷ്യര്‍ മാത്രമല്ല, പക്ഷികളും മറ്റു ജീവജാലങ്ങളുമുണ്ട്.
ഇത്രയേറെ ഒരു പക്ഷിയെയും മുമ്പ് കണ്ടിട്ടില്ല. അവരുടെ ജീവിതത്തെ നിരീക്ഷിച്ചിട്ടില്ല. പലപ്പോഴും കുട്ടികളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അധ്യാപകരായ ഞങ്ങളുടെ പക്കലും ഉണ്ടാവാറില്ല. പാഠപുസ്തകത്തിനപ്പുറത്തുനിന്നുള്ള അറിവുകള്‍ തേടിയുള്ള ചെറിയ യാത്രപോലും വലിയ യാത്രയേക്കാള്‍ ഗുണം ചെയ്തെന്ന സത്യത്തിലൂടെയായിരുന്നു തിരിച്ചുമടങ്ങിയത്.
ഉച്ചക്ക് രണ്ടു മണിയോടെ സഹപ്രവര്‍ത്തകയായ ആയിഷ ടീച്ചറുടെ .കൂടെ ഞാനും പുറപ്പെട്ടു..
സ്കൂളില്‍ എത്തിയപ്പോള്‍ വിജേഷ് സാറിന്റെ ക്ലാസ്. മാഷിന്റെ നിരീക്ഷണ പാടവം
എത്രത്തോളമുണ്ടെന്ന് ഫോട്ടോകളുടെ സ്ലൈഡ് പ്രദര്‍ശനത്തില്‍ തന്നെ മനസിലായി.
പക്ഷികളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പലതും വ്യക്തവുമായി. ഒരു ബസിലായിരുന്നു യാത്ര.
ആട്ടും പാട്ടുമായി യാത്ര ആസ്വദിച്ചു. ആദ്യം സഹയാത്രികരോട് അടുത്തിടപഴകാന്‍ മടിയുണ്ടായിരുന്നു. പലരെയും ആദ്യമായി കാണുന്നവര്‍. മുന്‍പരിചയമില്ലാത്ത മുഖങ്ങള്‍. അതുകൊണ്ടുതന്നെ ഒരകല്‍ച്ച ഉറപ്പാണല്ലോ. അവിടെ ഇറങ്ങി
തിരുവങ്ങാട്ട് അമ്പലത്തിന്റെ താഴേക്ക് നടന്നു.
പ്രകൃതി രമണീയമായ നാട്ടുവഴികള്‍. അപൂര്‍വ സുന്ദര കാഴ്ചകള്‍. നാട്ടിന്‍പുറവും നഗരം കയ്യടക്കുമ്പോള്‍ പിടികൊടുക്കാതെ പിടിച്ചുനിന്ന ഒരു പച്ചതുരുത്ത്. വല്ലാത്ത നിശബ്ദതക്കുമൊരു സൗന്ദര്യം. താഴെ അരുവി ഒഴുകുന്നുണ്ട്. കാലംതെറ്റിയെത്തിയ മഴയാകണം ജീവന്റെ ജലത്തെ അവശേഷിപ്പിച്ചത്. അതിന്റെ പരിസരങ്ങളില്‍ ചില ജല ജീവികളും കര ജീവികളും കരയുകയും ചിരിക്കുകയും ചെയ്യുന്നു. ചിലര്‍ ഭയക്കുന്നുണ്ട്. ഞങ്ങളെ കണ്ടതുകൊണ്ടാകുമോ ?
പാറപ്പുറത്താണ് ഇരുന്നത്. എ.ഇ.ഒ സാര്‍ പക്ഷികളെ നിരീക്ഷിക്കേണ്ട പ്രാഥമിക പാഠങ്ങളുടെ ജാലകം തുറന്നത് അവിടെവെച്ചാണ്. പക്ഷി നിരീക്ഷണത്തിന്റെ സാധ്യതകള്‍ കുട്ടികളില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത,
കുട്ടികള്‍ ഏറ്റെടുത്താല്‍ പരിസ്ഥിതിയില്‍ ഉണ്ടാകാവുന്ന മാറ്റം അതെക്കുറിച്ചെല്ലാം അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനായി കിളി എന്ന ഒരു ആപ്പ് പരിചയപ്പെടുത്തിതന്നു. കണ്ട പക്ഷികളെ ആപ്പിലൂടെ എങ്ങനെ നോക്കാന്‍ സാധിക്കും. തിരിച്ചറിയാന്‍ സഹായിക്കും എന്നതും നിരീക്ഷിച്ച് പരീക്ഷിച്ചു.
എല്ലാം കഴിഞ്ഞ് സുഹൃത്തുക്കളായ അധ്യാപകരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴും പക്ഷി നിരീക്ഷണം എന്നത് എല്ലാവരുടെയും നിരീക്ഷണപാടവം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഠനതന്ത്രം തന്നെയാണെന്നാണ് ഉറപ്പിച്ചു.
ഒരു കൂഞ്ഞു ഉച്ചരിക്കാന്‍ തുടങ്ങുന്നത് ആദ്യം അമ്മ എന്ന പദമാണ്. കാക്ക എന്നതാകും അടുത്തത്.
ചെറിയ കുഞ്ഞുങ്ങള്‍ കാതും കണ്ണും പ്രകൃതിയിലേക്ക് തന്നെ സമര്‍പ്പിക്കുന്നു. അവരെല്ലാം നിരീക്ഷിക്കുന്നു. അതില്‍ കൗതുകമൂറുന്നു.
പക്ഷികളെ കാണുമ്പോള്‍, ജീവജാലങ്ങളെ തൊടുമ്പോള്‍, പൂമ്പാറ്റകളെ നിരീക്ഷിക്കുമ്പോള്‍, കിളിക്കൊഞ്ചലുകള്‍ കേള്‍ക്കുമ്പോള്‍…എല്ലാം, പിന്നീട് അവര്‍ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍ ആകുമ്പോഴാകണം തങ്ങളിലെ പ്രകൃതിസ്നേഹവും നിരീക്ഷണവും കുട്ടികള്‍ ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്.
ശരിക്കും ക്ഷമയും കായിക പരിശീലനവും നിരീക്ഷണപാടവം വര്‍ധിപ്പിക്കാനും പക്ഷികളുടെ പങ്കു എന്തെന്ന് മനസിലാക്കാനും സഹായിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിലെ വിഭവങ്ങള്‍ സ്വയം തൊട്ടറിയാനും നിരീക്ഷണ പഠനതന്ത്രത്തിന്റെ പങ്കുവലുതാണ്.
പക്ഷി നിരീക്ഷണം കുഞ്ഞുങ്ങളില്‍ എത്തിക്കാന്‍ വലിയ സാഹസം ഒന്നും എടുക്കേണ്ട ആവശ്യമില്ല.
സ്വന്തം വീട്ടില്‍ നിന്നോ, ചുറ്റുപാടില്‍ നിന്നോ, സ്കൂള്‍ പരിസരത്തു നിന്നോ വീക്ഷിച്ചാല്‍ മതി.
കുട്ടികളില്‍ പുതുതായി ഉണ്ടാകുന്ന കൗതുകം നില നിര്‍ത്തണം. നല്ല രീതിയില്‍ തുടരാനുമുള്ള ആത്മവിശ്വാസം വളര്‍ത്തി എടുക്കണം. അതിനായി അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം പങ്കുചേരേണ്ടതുണ്ട്. പകല്‍ സമയമാണ് പക്ഷി നിരീക്ഷണത്തിനു അനുയോജ്യമായ സമയം.
/
പക്ഷി നിരീക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ ഈ യാത്രയിലൂടെ സാധിച്ചു. കുട്ടികളില്‍ ഇതൊക്കെ എങ്ങനെ അവതരിപ്പിക്കും? സ്കൂളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആയിഷ ടീച്ചറുടെ മേല്‍നോട്ടത്തില്‍ അക്കാര്യവും ചര്‍ച്ച ചെയ്തു. ടീച്ചര്‍ക്ക് ഒരുപാട് താത്പര്യമുള്ള മേഖലകൂടിയായിരുന്നല്ലോ ഇത്.
അപ്പോഴേക്കും കൂട്ടത്തില്‍ ഉള്ള എല്ലാവരുമായി അടുത്തിരുന്നു. ബസില്‍ ഡാന്‍സും പാട്ടുമായി അടിച്ചു പൊളിച്ചു. മടക്കയാത്രയും ഉത്സവമാക്കി.
ഇനിയും ഒരുപാട് യാത്രകള്‍ ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചാണ് യാത്രാ ബസില്‍ നിന്ന് ഞങ്ങളിറങ്ങിയത്. ആയിഷ ടീച്ചറെ വീട്ടിലേക്ക് യാത്രയാക്കുമ്പോള്‍ ടീച്ചര്‍ സ്കൂളില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കും എന്തെല്ലാം പ്രവർത്തങ്ങൾ നടപ്പിലാക്കും എന്നതായിരുന്നു.
അതിലെന്റെ പങ്കാളിത്വമെ ങ്ങനെയാകുമെന്നും ഞാനും ചിന്തിച്ചു..