നിരന്തര മൂല്യനിർണയത്തിൽ വായന ഉൾപ്പെടുത്തും
നിരന്തര മൂല്യനിർണയത്തിൽ വായന ഉൾപ്പെടുത്തും
തിരുവനന്തപുരം: പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിർണയത്തിൽ വായനയും എഴുത്തും ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ഉദയ പാലസിൽ നടന്ന ചടങ്ങിൽ ദേശീയ വായനദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയെ ജനകീയമാക്കിയ പി.എൻ. പണിക്കരുടെ ഓർമയ്ക്കാണ് വായനാദിനം ആചരിക്കുന്നത്. ആധുനിക ലോകത്ത് ഡിജിറ്റൽ വായനയിലേക്ക് മാറുന്ന സാഹചര്യമുണ്ട്. അക്കാദമിക വിഷയങ്ങൾക്കൊപ്പം വായന വിദ്യാർത്ഥികളിൽ വളർത്തണമെന്നതാണ് സർക്കാർ നയം.
മാർക്ക് നൽകിക്കൊണ്ട് ‘വായന’യെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. വായനയുമായി ബന്ധപ്പെട്ട വൈവിദ്ധ്യമാർന്ന പ്രോജക്ടുകൾ പഠന പ്രക്രിയയുടെ ഭാഗമാക്കും. ഈ പ്രോജക്ടുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് മാർക്ക് നൽകുന്ന തരത്തിൽ ഈ പദ്ധതി ആസൂത്രണം ചെയ്യാൻ ആണ് ആലോചിക്കുന്നത്.
വായനയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. ഗ്രന്ഥശാല പ്രസ്ഥാനവും വായനശാലകളും നമ്മുടെ സമൂഹത്തിലെ വിളക്കുകൾ ആണ്. ഓരോ വായനശാലയും ഓരോ പ്രദേശത്തിന്റെ പ്രകാശവും പ്രതീക്ഷയുമാണ്. ഇന്റർനെറ്റ് കാലത്ത് വായനക്കും ആധുനിക കാല സ്വഭാവം കൈവന്നു. ഇന്ന് മാഗസിനുകളും മറ്റും പിഡിഎഫ് ഫോർമാറ്റുകളിലും ലഭ്യമാണ്. ഇ – വായന ആയാലും വായിക്കുക എന്നത് ശീലമാക്കണം, പ്രത്യേകിച്ച് കുട്ടികൾ.
വിമർശന ചിന്തയും പ്രശ്ന പരിഹാര ശേഷിയും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വളർത്തുന്നതിന് എഴുത്തും വായനയും സഹായിക്കും. സ്വയം ചിന്തിച്ച് യുക്തമായ തീരുമാനമെടുക്കാൻ നല്ല പുസ്തകങ്ങൾ വിദ്യാർഥികളെ സഹായിക്കും. 10 കോടി രൂപയുടെ പുസ്തകങ്ങളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഗവൺമെന്റ് വിതരണം ചെയ്യുന്നത്. എല്ലാ വിദ്യാലയങ്ങളിലും ലൈബ്രറികൾ ഉണ്ടാകണം. ലൈബ്രേറിയൻമാരില്ലാത്തിടത്ത് അധ്യാപകർ ആ ചുമതല നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സ്കൂളുകൾ മുൻകൈയെടുത്ത് പ്രത്യേക ക്യാമ്പയിനുകൾ നടത്തേണ്ടതുണ്ട് . ഈ അധ്യയന വർഷം തന്നെ ഈ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ട് . വായന പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യമായ എല്ലാ പ്രവർത്തനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.