നിങ്ങളുടെ വാഹനത്തിന്റെ ഫാസ്ടാഗിൽ നിന്ന് മറ്റൊരാൾക്കു പണം മോഷ്ടിക്കാനാകുമോ ?ട്രാഫിക് സിഗ്നലിൽ വച്ചു കാറിന്റെ ഗ്ലാസ് തുടയ്ക്കുന്ന ഒരു കുട്ടി ഗ്ലാസിൽ ഒട്ടിച്ചുവച്ചിരിക്കുന്ന ഫാസ്ടാഗ് സ്റ്റിക്കർ തന്റെ കയ്യിൽ കെട്ടിയിരിക്കുന്ന സ്മാർട് വാച്ച് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം തട്ടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ…
ന്യൂഡൽഹി: നിങ്ങളുടെ വാഹനത്തിന്റെ ഫാസ്ടാഗിൽ നിന്ന് മറ്റൊരാൾക്കു പണം മോഷ്ടിക്കാനാകുമോ? ഇല്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണ് ഫാസ്ടാഗിന്റെ ചുമതലയുള്ള നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ടോൾ പ്ലാസകളിൽ നിർത്താതെ തന്നെ ഓട്ടോമാറ്റിക് ആയി ടോൾ അടയ്ക്കാനുള്ള സംവിധാനമാണ് ഫാസ്ടാഗ്.
ട്രാഫിക് സിഗ്നലിൽ വച്ചു കാറിന്റെ ഗ്ലാസ് തുടയ്ക്കുന്ന ഒരു കുട്ടി ഗ്ലാസിൽ ഒട്ടിച്ചുവച്ചിരിക്കുന്ന ഫാസ്ടാഗ് സ്റ്റിക്കർ തന്റെ കയ്യിൽ കെട്ടിയിരിക്കുന്ന സ്മാർട് വാച്ച് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം തട്ടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ അടിസ്ഥാനരഹിതമാണെന്ന് എൻപിസിഐ അറിയിച്ചു.
വാച്ച് ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ ഫാസ്ടാഗ് ബന്ധിപ്പിച്ചിരിക്കുന്ന പേയ്ടിഎം വോലറ്റിൽനിന്ന് പണം നഷ്ടമാകുമെന്നാണ് വിഡിയോയിലെ അവകാശവാദം.
ഇതിനെതിരെ പേയ്ടിഎം കമ്പനിയും രംഗത്തെത്തി. വഴിയരികിൽ കുട്ടികൾക്കും ഭിക്ഷക്കാർക്കും സ്മാർട് വാച്ചുകൾ നൽകി പണം തട്ടുന്നുവെന്നാണു വിഡിയോയിലെ ആരോപണം.എൻപിസിഐ, ബാങ്കുകൾ, ടോൾ പ്ലാസകൾ എന്നിവ ഉൾപ്പെട്ട ഫാസ്ടാഗ് സംവിധാനം അതീവസുരക്ഷിതമാണെന്ന് എൻപിസിഐ വ്യക്തമാക്കി.
ഫാസ്ടാഗ് ഉടമയായ വ്യക്തിയും ടോൾ പ്ലാസയും തമ്മിലല്ലാതെ വ്യക്തികൾ തമ്മിൽ ഫാസ്ടാഗ് ഇടപാട് നടത്താനാവില്ല. ഓരോ ടോൾ പ്ലാസയ്ക്കും പ്രത്യേക കോഡും ജിയോ–കോഡുമുണ്ട്. നിശ്ചിത ബാങ്ക് അക്കൗണ്ടുമായിട്ടാണ് ഇതു ബന്ധിപ്പിച്ചിരിക്കുന്നത്.
പ്രത്യേകമായി അനുവദിച്ചിരിക്കുന്ന (വൈറ്റ്ലിസ്റ്റ്) ഐപി വിലാസങ്ങളിലൂടെയാണ് ഇടപാടുകൾ. അംഗീകൃത ടോൾ പ്ലാസകൾക്കു മാത്രമേ ഫാസ്ടാഗ് ഉപയോഗിച്ച് പണം സ്വീകരിക്കാൻ കഴിയൂ എന്നു ചുരുക്കം.
ഓരോ ടോൾ പ്ലാസയുടെയും ജിയോ ലൊക്കേഷൻ വെരിഫൈ ചെയ്യുന്നതിനാൽ നിശ്ചിത സ്ഥലത്തല്ലാതെ മറ്റൊരിടത്തു നിന്നും ഇവർക്ക് പണം ഈടാക്കാനാവില്ലെന്നും എൻപിസിഐ വ്യക്തമാക്കി.