ജീവിതം ആസ്വദിക്കാൻ വിവാഹം ഒരു തടസമായി കാണുന്നു യുവാക്കൾ

September 01, 2022 - By School Pathram Academy

കൊച്ചി: ബാധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസമായി പുതുതലമുറ കാണുന്നുവെന്ന് കേരള ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ ബന്ധങ്ങൾ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം കൂടുന്നത് സമൂഹ വളർച്ചയ്ക്ക് നല്ലതെന്നെന്നും ഡിവിൻ ബ‌ഞ്ച് വ്യക്തമാക്കി.

മൂന്ന് പെൺകുട്ടികളുടെ അച്ഛനായ ആലപ്പുഴ സ്വദേശി നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് വിവാഹ ബന്ധങ്ങളിലെ തകർച്ചയിൽ ഹൈക്കോടതി ആശങ്കയും നിരീക്ഷണങ്ങളും പങ്കുവെച്ചത്. വിവാഹ ബന്ധങ്ങൾക്ക് വലിയ വില നൽകിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ സ്വാർത്ഥതയും വിവാഹേതര ബന്ധങ്ങൾക്കും വേണ്ടി കുട്ടികളുടെ മാനസികാവസ്ഥ പോലും നോക്കാതെ വിവാഹ ബന്ധങ്ങൾ അവസാനിപ്പിക്കുന്നത് കൂടി വരികയാണ്.

ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുകയാണ്. ഭാര്യ എന്നത് അനാവശ്യമാണെന്ന ചിന്തയും വര്‍ധിക്കുകയാണ്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃസംസ്കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചിരിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറയാവുന്ന ലിവിഗ് ടുഗതർ ബന്ധങ്ങൾ വർധിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരുടെയും ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെയും എണ്ണംകൂടിവരുന്നത് സമൂഹ വളർച്ച മുരടിപ്പിക്കുമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവർ ചൂണ്ടികാട്ടി.

ഭാര്യയിൽ നിന്നുള്ള പീഡനം കാരണം വിവാഹമോചന വേണമെന്നായിരുന്നു ആലപ്പുഴ സ്വഗദേശിയായ യുവാവിന്‍റെ ആവശ്യം എന്നാൽ പരസ്ത്രീ ബന്ധം കാരണമാണ് തന്നെയും കുട്ടികളെയും ഉപേക്ഷിക്കുന്നതെന്നായിരുന്നു യുവതി ഹൈക്കോടതിയെ അറിയിച്ചത്. ഭർത്താവിനൊപ്പം ജീവക്കാൻ ഒരുക്കമാണെന്ന് യുവതി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭാര്യയിൽ നിന്നുള്ള പീഡനം തെളിയിക്കാൻ യുവാവിന് സാധിച്ചില്ല. ഭർതൃമാതാവും യുവതിയ്ക്ക് അനുകൂലമായാണ് മൊഴി നൽകിയിരുന്നത്.

Category: News