ജില്ലയിലെ വിവിധ സ്കൂളുകളിൽ ടോയ്ലറ്റ് നിർമിക്കുന്നതിനായി ഒരു കോടി രൂപ

March 28, 2022 - By School Pathram Academy

എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിലായി കൂടുതൽ ടിങ്കറിങ് ലാബുകളും ഓരോ ബി.ആർ.സിയുടെ കീഴിലും ഒരു സയൻസ് പാർക്കെങ്കിലും ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പെട്രോനെറ്റ് സി.എൻ.ജി ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളുകൾക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിൽ ടോയ്ലറ്റ് നിർമിക്കുന്നതിനായി ഒരു കോടി രൂപ പെട്രോനെറ്റ് സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി നൽകും. 20 സ്കൂളുകൾക്ക് ലാബ് ഉപകരണങ്ങൾ നൽകുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് കമ്പനി നൽകിയത്.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ.ജോമി, ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മുത്തേടന്‍, കെ.വി.രവീന്ദ്രന്‍, ഷാന്റി ഏബ്രഹാം, പി.എം നാസർ, ഷാരോൺ പനക്കൽ, സെക്രട്ടറി ജോബി തോമസ്, പെട്രോനെറ്റ് സി.എൻ.ജി ലിമിറ്റഡ് സീനിയർ മാനേജർ (സി.എസ്.ആർ ) ആഷിഷ് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.

Category: News