ഗൃഹചികിത്സയിലുള്ള കോവിഡ് രോഗികൾ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്
ഗൃഹചികിത്സയിലുള്ള കോവിഡ് രോഗികൾ മുൻകരുതലുകൾ സ്വീകരിക്കണം
ജില്ലയിൽ പ്രതിദിന കോവിഡ് കേസുകൾ കൂടിവരുന്നതിനനുസരിച്ച് ഗൃഹചികിത്സയിലുള്ളവരുടെയെണ്ണവും കൂടിവരുന്ന സാഹചര്യത്തിൽ ഹോം ഐസലേഷനിൽ ഉള്ളവർ മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗികളിൽ ഭൂരിഭാഗവും 95.86 % പേരും വീടുകളിലാണ് കഴിയുന്നത്. കോവിഡ് പോസിറ്റീവ് ആയവരിൽ നേരിയ രോഗ ലക്ഷണങ്ങളുള്ളവർക്കും, മറ്റ് ഗുരുതരാവസ്ഥയില്ലാത്തവർക്കും ഹോം ഐസോലേഷനിൽ കഴിയാം. അനുബന്ധരോഗങ്ങളുള്ളവർ, ശ്വാസകോശരോഗങ്ങളുള്ളവർ, ഹൃദയം, കരൾ, വൃക്കരോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഹോം ഐസൊലേഷനിൽ കഴിയാവൂ. ഹോം ഐസൊലേഷനിൽ ഇരിക്കുമ്പോൾ രോഗാവസ്ഥ സ്വയം നിരീക്ഷിക്കേണ്ടതും, അപായ സൂചനകൾ കണ്ടാൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടുകയുംവേണം.
അപായ സൂചനകൾ
കുറയാതെ തുടരുന്ന കടുത്ത പനി (മൂന്നു ദിവസമായി 100 ഡിഗ്രിയിൽ കൂടുതൽ ) , ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് , ഓക്സിജൻ സാച്ചുറേഷനിലുള്ള കുറവ് (ഒരു മണിക്കൂറിനുള്ളിൽ നടത്തിയ ചുരുങ്ങിയത് മൂന്ന് റീഡിങ്ങുകളിൽ ഓക്സിജൻ സാച്ചുറേഷൻ 94% ൽ കുറവോ അല്ലെങ്കിൽ ശ്വാസോച്ഛാസ നിരക്ക് ഒരു മിനിറ്റിൽ 24 ൽ കൂടുതലോ ), നെഞ്ചിൽ നീണ്ടു നിൽക്കുന്ന വേദന / മർദ്ദം, ആശയക്കുഴപ്പം , എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശിവേദന എന്നിവ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം.
അനുബന്ധ രോഗങ്ങളുള്ളവരും , മറ്റു രോഗങ്ങൾക്കും ചികിത്സ യെടുക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ കഴിക്കണം. ഇ സഞ്ജീവനി പോലുള്ള ടെലി കൺസൾട്ടേഷൻ സൗകര്യങ്ങളും ഉപയോഗപ്പെടുത്താം.
പൊതുജനങ്ങൾക്ക് കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനായി ജില്ലാ കൺട്രോൾ റൂമുമായി ബദ്ധപ്പെടാം. 24 മണിക്കൂറും സേവനങ്ങൾ ലഭിക്കുന്ന രീതിയിലാണ് ജില്ലാ കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്. നമ്പറുകൾ : 0484 2368802, 0484 2368702
മാനസികാരോഗ്യം ഹെൽപ്ലൈൻ നമ്പർ
90720 41164
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
എറണാകുളം