ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ..? അപകട മുന്നറിയിപ്പുമായി…

August 21, 2022 - By School Pathram Academy

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ..? അപകട മുന്നറിയിപ്പുമായി …

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബ്രൗസർ ആപ്പാണ് ഗൂഗിൾ ക്രോം. ഇന്ത്യയടക്കം ലോകമെമ്പാടുമായി കോടിക്കണക്കിനാളുകളാണ് ക്രോം ബ്രൗസർ ദിനേനയെന്നോണം ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികൾക്ക് ഒരു വിളനിലം കൂടിയാണ് ക്രോം.

എന്നാൽ, ക്രോം യൂസർമാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In).

11 സുരക്ഷാ പ്രശ്‌നങ്ങളാണ് ക്രോം ബ്രൗസറില്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. പണി കിട്ടാതിരിക്കാൻ യൂസർമാരോട് ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. 11 സുരക്ഷാ പ്രശ്‌നങ്ങളിൽ ഒന്ന് ഗുരുതരമാണ്. ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്‌നമാണെന്നും മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്‌നമാണെന്നും ഗൂഗിള്‍ അറിയിച്ചു.

ലക്ഷ്യം വെക്കുന്ന സിസ്റ്റങ്ങളിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാൻ സൈബർ കുറ്റവാളികളെ അനുവദിക്കുന്ന ക്രോമിലെ പിഴവുകളാണ് പരിഹരിച്ചിരിക്കുന്നത്. അതേസമയം, 27 സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷന്‍ 104 ഗൂഗിള്‍ അവതരിപ്പിച്ചത് അടുത്തിടെയായിരുന്നു.

എല്ലാ ഗൂഗിൾ ക്രോം ഉപയോക്താക്കളും അപകടത്തിലാണോ..??

അല്ല, 104.0.5112.101 എന്ന പതിപ്പിന് മുമ്പുള്ള ക്രോം ഉപയോക്താക്കളാണ് പേടിക്കേണ്ടത്. നിങ്ങളുടെ കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന ക്രോം ബ്രൗസറിന്റെ വേർഷൻ പരിശോധിച്ച് ഉറപ്പുവരുത്തുക.

104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102/101 വിന്‍ഡോസ് വേര്‍ഷനുകളുമാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റുകളെല്ലാം ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

 

ക്രോം ബ്രൗസർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം

 

ബ്രൗസറിന്റെ വലതുഭാഗത്തുള്ള ത്രീ ഡോട്ട് മെനു തുറന്ന് അതിലെ ഹെൽപ് (help) എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിൽ About Google Chrome എന്ന ഓപ്ഷനിൽ പോയാൽ Updating Chrome എന്ന് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്ത് ബ്രൗസർ അപ്ഡേറ്റ് ചെയ്ത് Relaunch Button ​പ്രസ് ചെയ്യുക.

Category: News