ഗാർഹിക പീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണം: വനിത കമ്മീഷന്‍
![](https://www.schoolpathram.com/wp-content/uploads/2022/06/IMG-20220628-WA0006.jpg)
അദാലത്തിൻ്റെ രണ്ടാം ദിനം 107 പരാതികള്‍ പരിഗണിച്ചു
• അടുത്ത അദാലത്ത് ജൂലൈ 26ന്
ഗാർഹിക പീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. ഗാർഹിക പീഡന നിയമത്തിൻ്റെ പരിരക്ഷ പലപ്പോഴും സ്ത്രീകൾക്ക് അനുഭവിക്കാൻ കഴിയുന്നില്ലെന്നും പോലീസ് ഇത്തരം കേസുകളിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും വനിത കമ്മീഷന്‍ അംഗം പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലെ രണ്ടാംദിന പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
പരാതിക്കാരോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് പോലീസിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും വനിതാ കമ്മീഷനിൽ പരാതികൾ വർധിക്കുന്നുവെന്നും എന്നാൽ അദാലത്തിൽ പരാതിക്കാർ ഹാജരാകാതെ കേസുകൾ ദീർഘമായി നീട്ടിക്കൊണ്ടു പോകുന്നുവെന്നും ഷിജി ശിവജി പറഞ്ഞു.
കൂടാതെ പരാതിക്കാരെ എതിർകക്ഷികൾ പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നുവെന്നും ഇത് നിയമവ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നും അവർ വ്യക്തമാക്കി.
രണ്ടാം ദിനത്തിൽ 107 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 42 പരാതികള്‍ തീര്‍പ്പാക്കി. 6 പരാതികള്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പോലീസിനും മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറി. 214 പരാതികളാണ് രണ്ടു ദിവസമായി നടന്ന അദാലത്തിൽ പരിഗണിച്ചത്. 59 അപേക്ഷകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ജൂലൈ 26നാണ് അടുത്ത അദാലത്ത്.
കുടുംബ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള പരാതികളാണ് വനിതാകമ്മീഷന് മുമ്പില്‍ ഏറ്റവും കൂടുതല്‍ എത്തിയത്. അയൽവക്ക തർക്കങ്ങൾ, അതിർത്തി പ്രശ്നങ്ങൾ, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കൽ, വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട വഞ്ചന തുടങ്ങിയവയാണ് കമ്മീഷന് മുന്നില്‍ എത്തിയ മറ്റ് പ്രധാന പരാതികൾ.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഡ്വ. എ.ഇ അലിയാര്‍, അഡ്വ. യമുന, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, കൗണ്‍സിലര്‍ വി.കെ സന്ധ്യ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.