ഗാന്ധി ഇന്നും ജീവിക്കുന്ന സബർമതി ആശ്രമം – ബഷീർ തൊട്ടിയൻ

April 29, 2023 - By School Pathram Academy

ഗാന്ധി ഇന്നും ജീവിക്കുന്ന സബർമതി ആശ്രമം

ബഷീർ തൊട്ടിയൻ –

 

ചരിത്രം ദുർവ്യാഖ്യാനം ചെയ്യുകയും അപനിർമ്മിതി നടക്കുകയും ചെയ്യുന്ന സമകാലിക ഇന്ത്യയിൽ ഗുജറാത്തിലെ സബർമതി നദിയുടെ തീരത്ത് സത്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞ, അഹിംസയിലൂടെയും നിരാഹാര സത്യാഗ്രഹത്തിലൂടെ നാടിന്റെ സ്വാതന്ത്ര്യം നേടിത്തന്ന മാഹാത്മാവിന്റെ ജീവിക്കുന്ന ഓർമ്മകൾ തുടികൊള്ളുന്ന ചരിത്ര സംഭവമാണ് സബർമതി ആശ്രമം.. കാലം കാത്ത് സൂക്ഷിക്കുന്ന ഈ ജീവിക്കുന്ന തെളിവുകൾക്കിനി എത്രയായുസ്സ് ഉണ്ടായിരിക്കും എന്നും അറിയില്ല.. 12 വർഷത്തോളം ഗാന്ധി ജീവിച്ച് സ്വതന്ത്ര സമര പോരാട്ടത്തിന് നേതൃത്വം നൽകിയ സമരഭൂമി.. മാനവികതയും നന്മയും ഭക്തിയും ഇഴച്ചേർന്ന പ്രാർത്ഥന ഭൂമികയാണ് . സ്വതന്ത്ര സമര ചരിത്രത്തിലെ നാഴികകല്ലായ ദണ്ടി യാത്രയുടെ ആരംഭ സ്ഥലവും ഇത് തന്നെയാണ് . 

 

 ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ച സബർമതി സന്ദർശനം ചരിത്രന്വേഷികൾക്ക് സ്വാതന്ത്ര്യ സമരപഠനത്തിലേക്കുള്ള വലിയൊരു വാതായനമാണ് തുറന്ന് വെക്കുന്നത്. അനുഭവതലങ്ങളുടെ വല്ലാത്തൊരു അനുഭൂതി സമ്മാനിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത് .. 

 

സബർമതി ആശ്രമം ഇന്ന് ഒരു സംരക്ഷിത സ്മാരകമാണ്. ആശ്രമകത്തിനകത്ത് സ്ഥിതിചെയ്യുന്ന ഗാന്ധി സ്മാരക സംഗ്രഹാലയം ഇന്ന് സഞ്ചാരികളെ ഗുജറാത്തിലേക്കുള്ള ആകർഷണ കേന്ദ്രമാണ് . 

 ആശ്രമത്തിനുള്ളിൽ ഗാന്ധിജി താമസിച്ചിരുന്ന വീട് ഹൃദയ്കുഞ്ജ്, ഹൃദയ്കുഞ്ജിന്റെ വലതുഭാഗത്തായ് സ്ഥിതിചെയ്യുന്ന പഴയ ആശ്രമ അതിഥിമന്ദിരം നന്ദിനി, ആശ്രമത്തിലെത്തിയ ആചാര്യ വിനോബാ ഭാവേ താമസിച്ചിരുന്ന വിനോബാ കുടീർ, ഇതിനോടുചേർന്നു നിൽക്കുന്ന മന്ദിരമായ മീരാ കുടീരം.

 ഹൃദയ്കുഞ്ജിനും മഗൻ കുടീരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രാർത്ഥനാലയം ഉപാസന മന്ദിരം എല്ലാം സാബർമതിയിലെ ഹൃദ്യമായ ചരിത്ര കാഴ്ചകളാണ്.

 

മനസ്സ് നിറയുന്നതും ഹൃദയത്തിൽ തട്ടുന്നതുമായ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ സബർമതി സന്ദർശനം എന്തുകൊണ്ടും അനിവാര്യമാണ്..

 

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” ചിത്രശാല,ഗാന്ധിജിയുടെ ജീവിതത്തിലെ 250ഓളം ചിത്രങ്ങൾ,

ഗാന്ധിജിയുടെ എണ്ണഛായ ചിത്രങ്ങൾ, 

ഗാന്ധിവാക്യങ്ങളുടെയും, എഴുത്തുകളുടെയും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളുടെയും പ്രദർശനകേന്ദ്രം,

ഗാന്ധിജിയുമായ് ബന്ധപ്പെട്ട പുസ്തകങ്ങൾ, ശേഖരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥാലയം എന്നിങ്ങനെയെല്ലാം ആണ് പ്രദർശനം ഒരുക്കിയത്. ഏകദേശം 35000ത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്

 ഗാന്ധിജിയെ സംബന്ധിക്കുന്ന പുസ്തകങ്ങളും സാഹിത്യ സൃഷ്ടികളും ഇവിടെനിന്നും ലഭ്യമാണ്. ചർക്കകളുടെ വലിയ ശേഖരം കൈത്തറി നിർമ്മാണവുമെല്ലാം ഈ ആശ്രമത്തിൽ നല്ല കാഴ്ചകളാണ്..

 

ഗാന്ധിക്ക് പ്രാധാന്യം മനഃപൂർവം കുറയുകയും സബർമതി സന്ദർശനം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന കാലത്ത് ഗുജ്‌റാത്ത് സന്ദർശിക്കുന്നവർ നിർബന്ധമായും കാണേണ്ട കേന്ദ്രമാണ് ഈ ആശ്രമം.

Category: News