ഒരു വിദ്യാർഥിക്ക് ഒരേസമയം രണ്ടുകോളേജുകളിലായി കോഴ്സുകൾ: ഇരട്ട ബിരുദപഠനം ഈ അധ്യയനവർഷം മുതൽ
ഒരു വിദ്യാർഥിക്ക് ഒരേസമയം രണ്ടുകോളേജുകളിലായി കോഴ്സുകൾ: ഇരട്ട ബിരുദപഠനം ഈ അധ്യയനവർഷം മുതൽ
ന്യൂഡൽഹി: ഒരേസമയം രണ്ട് മുഴുനീള അക്കാദമിക് കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന രീതി 2022 അധ്യയനവർഷംമുതൽ നടപ്പാക്കാൻ നിർദേശിച്ച് യു.ജി.സി. ഇതുസംബന്ധിച്ച് വൈസ് ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും യു.ജി.സി. സെക്രട്ടറി കത്തയച്ചു.
വിശദവിവരങ്ങൾക്ക് ugc.ac.in. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിൽ വിദ്യാർഥികളെ ഒരേസമയം വ്യത്യസ്ത വിഷയങ്ങളിൽ പ്രാവീണ്യരാക്കുകയാണ് ലക്ഷ്യം. ഒരുവിദ്യാർഥിക്ക് ഒരേസമയം രണ്ടുകോളേജുകളിലായി കോഴ്സുകൾ ചെയ്യാനും സാധിക്കും. സയൻസ്- ആർട്സ് ഭേദമില്ലാതെ ഏതുവിഷയവും ഒരേസമയം വിദ്യാർഥിക്ക് പഠിക്കാനാകുമെന്നതാണ് കോഴ്സിന്റെ പ്രത്യേകത.
ഒരു കോഴ്സ് ഓൺലൈനായും രണ്ടാമത്തെ കോഴ്സ് നേരിട്ട് കോളേജിൽ പോയി പഠിക്കാനും സാധിക്കും. ഇരു കോഴ്സുകളും ഓൺലൈനായും പഠിക്കാം. രണ്ടുകോഴ്സുകളിലെയും സമയക്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുപോകേണ്ടത് വിദ്യാർഥിയുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്.
ഒരേസമയം ഒരു മുഴുനീള കോഴ്സ് ചെയ്യാൻ മാത്രമാണ് നേരത്തെ യു.ജി.സി.യുടെ അനുമതിയുണ്ടായിരുന്നത്. അതിനൊപ്പം ഓൺലൈനായോ പാർട്ട് ടൈമായോ ഡിപ്ലോമാകോഴ്സുകളും ചെയ്യാമായിരുന്നു. എന്നാൽ, പുതിയ പദ്ധതിപ്രകാരം വിദ്യാർഥികൾക്ക് രണ്ട് മുഴുനീള കോഴ്സുകൾവരെ ഒരേസമയം ഒന്നോ രണ്ടോ കോളേജുകളിൽ നിന്നായിപഠിക്കാം.
നിലവിൽ രണ്ടാംവർഷവും മൂന്നാംവർഷവും ബിരുദം പഠിക്കുന്നവർക്ക് മറ്റൊരു കോഴ്സിൽ ഒന്നാംവർഷ കോഴ്സിന് ചേരാം. സർവകലാശാലകളുടെയും കോളേജുകളുടെയും മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം. പ്രവേശന നടപടികളിലും മാറ്റമുണ്ടാകില്ല. വിദ്യാർഥികളുടെ ഹാജർനിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമതീരുമാനം സർവകലാശാലയുടേതാകും.