ഒന്നാം ക്ലാസ്സിലെ അധ്യാപിക അയച്ചു തന്ന ഒരു വാട്ട്സ് അപ്പ് സന്ദേശം വായിക്കാം… ഇത്തരത്തിൽ അക്കാഡമിക അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കുറെ അധ്യാപകരുമായി അക്കാഡമിക ചർച്ചകൾ നടത്തുന്നതും അറിവുകൾ പങ്കുവയ്ക്കുന്നതും റിട്ടയർമെന്റ് ജീവിതത്തിൽ ഒരു ആശ്വാസമാണ്…

May 06, 2023 - By School Pathram Academy

ഒന്നാം ക്ലാസ്സിലെ അധ്യാപിക അയച്ചു തന്ന ഒരു വാട്ട്സ് അപ്പ് സന്ദേശം വായിക്കാം… ഇത്തരത്തിൽ അക്കാഡമിക അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കുറെ അധ്യാപകരുമായി അക്കാഡമിക ചർച്ചകൾ നടത്തുന്നതും അറിവുകൾ പങ്കുവയ്ക്കുന്നതും റിട്ടയർമെന്റ് ജീവിതത്തിൽ ഒരു ആശ്വാസമാണ്…

 

“പുതിയൊരു അക്കാഡമിക വർഷത്തേയ്ക്കു കൂടിയുള്ള മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു മാഷേ…പ്രത്യേകിച്ചും ഒന്നാം ക്ലാസ്സിലെ അധ്യാപികയായ എനിക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒത്തിരി ചെയ്യാനുണ്ട്…

     കഴിഞ്ഞ വർഷത്തെ കൂട്ടുകാരോട് വിട പറയണം… അവരെല്ലാം രണ്ടാം ക്ലാസ്സിലേയ്ക്ക് പ്രമോട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് കഴിഞ്ഞ ദിനം ഗ്രൂപ്പ് മെസേജിലൂടെ അറിയിച്ചിരുന്നു.. ഓരോരുത്തരെയായി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു … സ്കൂൾ അടച്ചതിന് ശേഷം അവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഗ്രൂപ്പുകളിലൂടെയും മറ്റുമുള്ള നിരന്തരമായ ഇടപെടൽ മൂലം എല്ലാ കുട്ടികളും ഒപ്പമുണ്ടെന്ന തോന്നൽ സന്തോഷം പകരുന്നു… തോറ്റവരാരും കൂട്ടത്തിലില്ല എന്നത് ആശ്വാസകരമാണ്… ആൾ പ്രമോഷന്റെ പേര് പറഞ്ഞ് പൊതുവിദ്യാലയങ്ങളെ കളിയാക്കുമെങ്കിലും തോറ്റു പോകുന്ന കുട്ടികൾ എന്നും അധ്യാപകരുടെ തീരാ വേദനയാണെന്ന് ആരും ഓർക്കുന്നില്ല… ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന നല്ല മിടുക്കരായ ചില കൂട്ടുകാരെ പിന്നീട് കാണുമ്പോൾ ” മേസ്തിരിപ്പണിയാണ് ടീച്ചർ… പത്താം ക്ലാസ്സിൽ തോറ്റതിൽ പിന്നെ പഠിക്കാൻ കഴിഞ്ഞില്ല ” എന്ന് പരുങ്ങലോടെ പറയുന്നത് കേട്ടിട്ടുണ്ട്.. കുട്ടികളുടെ യഥാർത്ഥ മികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും നിരന്തര സഹായം നൽകി മെച്ചപ്പെടുത്താനും കഴിയാത്തതിന്റെ പരാജയമാണ് പഠനത്തിൽ നിന്നും ഇത്തരക്കാർ കൊഴിഞ്ഞു പോകുന്നത്.. ശരിക്കും ഇവിടെ തോൽക്കുന്നത് കുട്ടിയല്ല… അധ്യാപികയാണ്.

      ഓരോ കുട്ടിയുടെയും പോർട്ട്ഫോളിയോയും അവരുടേതായി ക്ലാസ്സിൽ പ്രദർശിപ്പിച്ചിട്ടുള്ള പഠനോല്പന്നങ്ങളും തിരിയെ അവർക്ക് നൽകണം. പുതിയ കൂട്ടുകാരുടെ ഉല്പന്നങ്ങളും പുതിയ പഠനോപകരണങ്ങളും പ്രദർശിപ്പിക്കുന്നതിന് ക്ലാസ് മുറി പുന:ക്രമീകരിക്കണം. ക്ലാസ് വായന മൂലയിൽ പുതിയ പുസ്തകങ്ങൾ കൂടി ചേർത്ത് ക്രമീകരിക്കണം. ക്ലാസ്സ് തല വാർഷിക പദ്ധതി തയ്യാറാക്കണം. പുതുതായി എത്തിച്ചേർന്ന കൂട്ടുകാരുടെ രക്ഷിതാക്കളുടെ ഫോൺ നമ്പരുകൾ ചേർത്ത് ക്ലാസ് വാട്ട്സ് അപ്പ് കൂട്ടായ്മ തുടങ്ങണം. അവരെ പൊതു സ്കൂൾ ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. ചേർന്ന എല്ലാ കുട്ടികൾക്കും യൂണിഫോമും പാഠപുസ്തകങ്ങളും കിട്ടി എന്ന് ഉറപ്പാക്കണം.

      പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ തുടങ്ങാൻ സമയമായി. പുതിയ കൂട്ടുകാർക്ക് പോർട്ട് ഫോളിയോ ബാഗുകൾ തയ്യാറാക്കി വയ്ക്കണം. കുട്ടികളുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി സഹായം ആവശ്യമുള്ളവരെ കണ്ടെത്തി മറ്റ് ഏജൻസികളുടെ പിന്തുണ ഉറപ്പാക്കണം. ഇനിയുള്ള ദിനങ്ങൾ തിരക്കുള്ളവ തന്നെ മാഷേ… കഴുത്തിന് താഴെയുള്ള വേദന മാറാതെ നിൽക്കുന്നു.. അത് പലപ്പോഴും എന്റെ പ്രവർത്തനങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്… പ്രവേശനോത്സവം , പോർട്ട് ഫോളിയോ തയ്യാറാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങൾ ഉണ്ടെങ്കിൽ മാഷ് പറഞ്ഞു തരണേ… അഭിമാന രേഖയുടെ കോപ്പി കൂടി അയച്ചു തരണേ…”

 

പേര് പറയാൻ താല്പര്യമില്ലാത്ത ഈ ടീച്ചറിന്റെ കുറിപ്പ് മനസ്സിന് നൽകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഇങ്ങനെയുള്ള നിരവധി അധ്യാപകരും ഉണ്ട് എന്നത് ആശ്വാസകരമാണ്. അധ്യാപനത്തിൽ പുതുമകൾ തേടാൻ , അധ്യാപനത്തെ ഒരു പാഷനായി കാണാൻ തയ്യാറാവുന്നവർ ….

ഒരു പുതു അധ്യയന വർഷം ആരംഭിക്കുമ്പോൾ പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ ഇത്തരക്കാർ കാട്ടുന്ന ആവേശം , അതിന് വേണ്ടി നടത്തുന്ന മുന്നൊരുക്കങ്ങൾ , പ്രയത്നം ഒക്കെ … ശ്ലാഘനീയമാണ്. “എന്റെ ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും നിശ്ചിത ശേഷി നേടിയവരാണ് എന്ന് ഉറപ്പാക്കിയ ശേഷമാണ് ക്ലാസ്സ് കയറ്റം നൽകിയത് …. ” എന്ന് അഭിമാനത്തോടെ പറയുന്ന അധ്യാപിക അധ്യാപക വർഗ്ഗത്തിന് തന്നെ മാതൃകയാണ്. ഈ മാതൃക തുടരണം…

ഇത്തരം അധ്യാപകർ നേടുന്ന മാനസിക സന്തോഷവും സംതൃപ്തിയും സ്വയം അനുഭവിച്ചു തന്നെ അറിയണം…

    പുതു വർഷത്തെ വരവേൽക്കാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായ അധ്യാപക പരിശീലനങ്ങൾക്ക് തിയതികൾ പ്രഖ്യാപിച്ചിരിക്കുന്നു. അധ്യാപക പരിശീലനങ്ങൾ നേർച്ചയായും ചടങ്ങായും മാറ്റുന്നവരോടും കാണുന്നവരോടും സഹതാപം മാത്രം… അധ്യാപകർ എന്നും എപ്പോഴും നവീകരിച്ചു കൊണ്ടേയിരിക്കണം … അധ്യാപന അറിവ് ആർജ്ജിച്ചു കൊണ്ടേയിരിക്കണം… അതിനുള്ള അവസരങ്ങളായി അധ്യാപക പരിശീലന വേദികൾ മാറട്ടെ… പങ്കാളിത്ത രീതിയിൽ നടക്കുന്ന പരിശീലനങ്ങളിൽ സ്വന്തം ക്ലാസ് അനുഭവങ്ങൾ അഭിമാനത്തോടെ പങ്കുവച്ചും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പുത്തൻ അറിവുകൾ സ്വാംശീകരിച്ചും മുന്നേറാൻ കഴിയട്ടെ… വിദ്യാലയത്തിലെ അധ്യാപകരെ മുഴുവൻ ഒപ്പം കൂട്ടി സാധാരണക്കാരന്റെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാം…

Prem Jith

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More