ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകന് കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരം
2021-ലെ കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നോവൽ വിഭാഗത്തിൽ പുരസ്കാരം നേടിയ വിനോയ് തോമസിന് .
കണ്ണൂർർ ജില്ലയിലെ ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനാണ് അദ്ദേഹമിപ്പോൾ. എഴുത്തിൽ ദേശത്തിന്റെ തനിമയെയും സ്വത്വത്തെയും അടയാളപ്പെടുത്തിയ അദ്ദേഹം ജീവിതത്തിലെ അപരിചിതാനുഭവങ്ങളെയാണ് കഥകൾക്കു വിഷയമാക്കുന്നത്.
2020 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ‘പുറ്റ് ’ എന്ന നോവലിനാണ് വിനോയ് തോമസിനു പുരസ്കാരം കിട്ടിയത്. പരിധികളും നിയന്ത്രണങ്ങളുമില്ലാതെ ജീവിച്ച മനുഷ്യരുടെ പ്രയാണത്തിന്റെയും പരിണാമത്തിന്റെയും കഥപറയുന്ന ഒരു വലിയ രചനയാണത്. കാടും മേടും നാടും മേളിക്കുന്ന പച്ചമനുഷ്യരുടെ ആ കഥ ഏറെ ഹൃദ്യമായ നോവലാണ്.
കുടിയേറ്റാനുഭവങ്ങളുടെ കഥാകാരനെന്നാണ് വിനോയ് തോമസ് പൊതുവെ അറിയപ്പെടുന്നത്. എന്നാൽ, അതിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പ്രമേയങ്ങളുടെ കാൻവാസ്. മാനവികത ചോദ്യംചെയ്യപ്പെടുന്ന ജീവിത പരിസരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കഥകൾ തിരുത്തൽശക്തിയായി ഇടപെടുന്നുണ്ട്. പ്രതിഭാധനനായ ഈ അധ്യാപകൻ നമ്മുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളിലും സജീവമായി സഹകരിക്കുന്ന വ്യക്തിയാണ്. വിദ്യാരംഗം കലാസാഹിത്യവേദിയുമായും മാസികയുമായും അദ്ദേഹത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. വിദ്യാരംഗം അധ്യാപകർക്കായി നടത്തിയ കലാസാഹിത്യമത്സരങ്ങളിൽ അദ്ദേഹം വിജയിയായി പുരസ്കാരം നേടിയിട്ടുണ്ട്. അതു തന്റെ എഴുത്തിന് പ്രോത്സാഹനായിരുന്നെന്ന് അദ്ദേഹം പറയാറുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞവർഷം വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ മലയാളകഥയെപ്പറ്റി ബഷീറിന്റെ ബേപ്പൂരിലെ വൈലാലിൽ വീട്ടിൽവച്ച് ഒരു സംവാദം നടത്തിയിരുന്നു. അതിൽ ‘കഥയുടെ ദേശാഖ്യാനങ്ങൾ’ എന്ന വിഷയത്തെ സംബന്ധിച്ച് സംസാരിച്ചത് വിനോയ് തോമസായിരുന്നു. അതോടൊപ്പം നിരവധി സാഹിത്യക്യാമ്പുകളിലും അദ്ദേഹം സജീസാന്നിദ്ധ്യമാണ്.
വിനോയ് തോമസിന്റെ ഈ പുരസ്കാരലബ്ധി വിദ്യാഭ്യാസവകുപ്പിന് അഭിമാനം നൽകുന്നു. അതോടൊപ്പം അത് മറ്റ് എഴുത്തുകാരായ അധ്യാപകർക്ക് പ്രചോദനമാകുകയും ചെയ്യും.