ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാറുള്ളത് ആര്‍ത്തവസമയത്തെ വേദനയാണ്.
ഇതൊഴിവാക്കാനായി പെയിന്‍ കില്ലേഴ്സില്‍ അഭയം തേടുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ ജീവിതരീതികളില്‍ തന്നെ ചിലത് ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ ആര്‍ത്തവ വേദന കുറയ്ക്കാനാകും.
ഒന്ന്…ഈ പട്ടികയില്‍ ആദ്യം വരുന്നത് ഭക്ഷണമല്ല. മറിച്ച് വെള്ളമാണ്. വെറും വെള്ളം കൊണ്ട് എന്ത് പ്രയോജനമെന്ന് ചിന്തിക്കല്ലേ. ധാരാളം വെള്ളം കുടിക്കുന്നത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാനും അസ്വസ്ഥതകളില്ലാതാക്കാനും സഹായിക്കും. വെള്ളത്തിന് പുറമെ ഇളനീര്, പച്ചക്കറി ജ്യൂസുകള്‍, മോര് എന്നിവയും കഴിക്കാം.
രണ്ട്…കട്ടത്തൈര് കഴിക്കുന്നത് ആര്ത്തവവസംബന്ധമായ വേദനയ്ക്ക് ആക്കം നല്‍കാം. കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും നല്ലൊരു കലവറയാണ് കട്ടത്തൈര്. ഇത് പേശികളെ അയച്ചുകൊടുക്കാനും ആര്‍ത്തവത്തിന് മുന്നോടിയായ അസ്വസ്ഥതകളെ കുറയ്ക്കാനുമെല്ലാം സഹായിക്കും. കട്ടത്തൈര് അല്ലെങ്കില്‍ മോര്, സ്മൂത്തീ എന്നിവയും കഴിക്കാവുന്നതാണ്.
മൂന്ന്…ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളില്‍ ആശ്വാസം ലഭിക്കാൻ നട്ട്സും സീഡ്സും കഴിക്കുന്നത് നല്ലതാണ്. ഇവയ്ക്ക് പൊതുവില്‍ തന്നെ ഏറെ ആരോഗ്യഗുണങ്ങളുണ്ട്. അതുപോലെ ഇവയിലടങ്ങിയിരിക്കുന്ന ഒമോഗ- 3 ഫാറ്റി ആസിഡും പ്രോട്ടീനുമെല്ലാം മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. അതുവഴി വയറിന് ഏറെ ആശ്വാസം ലഭിച്ചേക്കാം.
നാല്…നേന്ത്രപ്പഴം കഴിക്കുന്നതും ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം നല്‍കും. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള ‘മൂഡ് സ്വിംഗ്സ്’ പരിഹരിക്കാനാണ് ഇത് ഏറെയും സഹായകമാവുക.
അഞ്ച്…പയര്‍വര്‍ഗങ്ങള്‍ കാര്യമായി കഴിക്കുന്നതും ആര്‍ത്തവസമയത്തെ പ്രശ്നങ്ങള്‍ ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. അയേണിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. ഇത് രക്തയോട്ടം സുഗമമായി നടക്കാന്‍ സഹായിക്കും. അതുപോലെ പയറുവര്ഗങ്ങളിലടങ്ങിയിരിക്കുന്ന സിങ്ക് വേദന കുറയ്ക്കാനും സഹായകമാണ്.