ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തണമെന്ന നിര്‍ദേശം ഒഴിവാക്കി; കരടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

August 24, 2022 - By School Pathram Academy

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിവാദത്തിന് പിന്നാലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി പകരം ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. ക്ലാസ് റൂമുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും തിരുത്തിയിട്ടുണ്ട്. വിവാദങ്ങളെ തുടര്‍ന്നാണ് നടപടി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദേശം ഒഴിവാക്കി. സമീപനരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വെച്ച കരട് രേഖയിലാണ് മാറ്റം. കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തണമെന്ന നിര്‍ദേശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമസ്ത അടക്കമുള്ള സംഘടനകളും ഇതിനെതിരെ രംഗത്തെത്തി. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്നായിരുന്നു ആവശ്യം.

Category: News