അടുത്ത ഏഴു വർഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം എങ്കിലും കോളേജുകൾ പൂട്ടിപ്പോകുമെന്ന് …
കോളേജുകൾ പൂട്ടേണ്ട കാലം
അടുത്ത ഏഴു വർഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം എങ്കിലും കോളേജുകൾ പൂട്ടിപ്പോകുമെന്ന് ഞാൻ രണ്ടു മാസം മുൻപ് പറഞ്ഞിരുന്നു.
ആളുകൾക്ക് അതിശയമായിരുന്നു. കോളേജുകൾ ഒക്കെ തുറക്കുന്നതല്ലാതെ പൂട്ടുന്നതൊന്നും നമ്മൾ ഇതുവരെ കണ്ടിട്ടില്ലല്ലോ?
ഈ വർഷത്തെ അഡ്മിഷനുള്ള ആപ്പ്ളിക്കേഷനുകളിൽ വരുന്ന കുറവുകൾ കാണുമ്പോൾ അതിന് ഏഴു വർഷം വേണമോ എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.
ഇരുപത് മുതൽ നാല്പത് വരെ ശതമാനം കുറവാണ് ഈ തവണ കോളേജുകളിൽ ആപ്പ്ളിക്കേഷനിൽ വന്നിട്ടുള്ളത്. ഒന്നാം കിട കോളേജുകളിൽ ഒഴിച്ച് മറ്റിടങ്ങളിൽ സീറ്റുകൾ വെറുതെ കിടക്കും, ഉറപ്പാണ്.
ഇതിലൊന്നും ഒരു അതിശയവും ഇല്ല
യാതൊരു തൊഴിൽ സാധ്യതയും ഇല്ലാത്ത വിഷയങ്ങൾ, വിഷയത്തിൽ പ്രത്യേക താല്പര്യം ഒന്നുമില്ലെങ്കിലും പഠിക്കാൻ എത്തുന്ന കുറച്ചു കുട്ടികൾ, അവരെ പഠിപ്പിക്കുന്നതിൽ പ്രത്യേക താല്പര്യം ഒന്നുമില്ലാത്ത അധ്യാപകർ, പാർട്ടിരാഷ്ട്രീയം നിയന്ത്രിക്കുന്ന കോളേജുകൾ, വിദ്യാർത്ഥികളുടെ വർത്തമാനത്തിലോ ഭാവിയിലോ വലിയ താല്പര്യം കാണിക്കാത്ത യൂണിവേഴ്സിറ്റികൾ, യുവാക്കളെ “കുട്ടികൾ” ആയി കാണുന്ന മാതാപിതാക്കൾ, പുതിയ തലമുറയുടെ നേരെ സദാചാര ലെൻസും ആയി നടക്കുന്ന സമൂഹവും സർക്കാർ സംവിധാനങ്ങളും.
ഇതിൽ തല വച്ച് മൂന്ന് വർഷവും ജീവിതവും എന്തിനാണ് കളയുന്നതെന്ന് വിദ്യാർഥികൾ ചിന്തിച്ചാൽ അവർക്ക് വിവേചനബുദ്ധി ഉണ്ടെന്ന് മാത്രം കരുതിയാൽ മതി.
ഇതൊരവസരമായി എടുത്താൽ മതി
വിദ്യാർഥികൾ ഒട്ടും താല്പര്യം കാണിക്കാത്ത കോഴ്സുകൾ എല്ലാ കോളേജിലും തുടരേണ്ടതില്ലല്ലോ. കോളേജുകൾ പൂട്ടുന്നതിന് മുൻപ് കോളേജുകളിലെ കോഴ്സുകൾ നിർത്തലാക്കി തുടങ്ങാം.
കുറച്ച് അധ്യാപകരുടെ ഒക്കെ തൊഴിൽ നഷ്ടപ്പെടും, പഴയ സ്കൂളിലെ പ്രൊട്ടക്ഷൻ പോലെ കുറച്ചു നാൾ ഒക്കെ പ്രൊട്ടക്ഷൻ കൊടുത്തും ക്ലസ്റ്റർ ആക്കിയും ഒക്കെ പിടിച്ചു നില്ക്കാൻ നോക്കാം, പക്ഷെ നടക്കില്ല, ഇന്നത്തെ വിഷയങ്ങൾ കുട്ടികൾക്ക് വേണ്ടാതാകുമ്പോൾ അത് പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണം കുറക്കേണ്ടി വരും .
നാലാം വ്യവസായവിപ്ലവത്തിന്റെ കാലത്ത് തൊഴിലുകൾ ഏറെ നഷ്ടപ്പെടാൻ പോവുകയാണ്. അതിൽ ഓട ശുദ്ധിയാക്കുന്ന തൊഴിലാളികൾ തൊട്ട് വിമാനം പറത്തുന്ന പൈലറ്റ് വരെ ഉണ്ടാകും. അവരെ ഒക്കെ റീട്രെയിൻ ചെയ്യുക എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അധ്യാപകർക്ക് അതിനുള്ള സഹായം കൊടുത്താൽ മതി. നാളെ ഇതൊക്കെ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ചെയ്യേണ്ടി വരും.
നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് നിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, കുറച്ചു സ്ഥലത്തൊക്കെ അതിൻ്റെ ഫലം കാണുന്നുണ്ട്.
പക്ഷെ ഇതുകൊണ്ട് നമ്മുടെ കുട്ടികൾ ഇവിടെ നിൽക്കില്ല, കാരണം അവർ തേടുന്നത് കൂടുതൽ സ്വാതന്ത്ര്യവും വരുമാനവും ആണ്.
അത് കൊണ്ട് പുതിയ വിദ്യാഭ്യാസ നയത്തിലെ സാദ്ധ്യതകൾ മുഴുവൻ ഉപയോഗിച്ച് നല്ല കൊളേജുകൾക്ക് പരമാവധി സ്വയംഭരണാവകാശം കൊടുക്കുക, പറ്റുന്നവയെ ഒക്കെ യൂണിവേഴ്സിറ്റികൾ ആക്കി ഉയർത്തുക.
ഇതൊക്കെ ആയിട്ടും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന കോളേജുകൾ ഒക്കെ പൂട്ടാനുള്ള തീരുമാനം എടുക്കുക, അനുമതി നൽകുക.
ഇപ്പോഴത്തെ അഫിലിയേറ്റഡ് യൂണിവേഴ്സിറ്റികൾ മൊത്തമായി നിറുത്തുക. ഇത് കാലഘട്ടത്തിന് ചേർന്നതോ കാലത്തിനനുസരിച്ച് പുരോഗമിക്കുന്നതോ ഒന്നുമല്ല.
അധ്യാപകർക്കും അനധ്യാപകർക്കും യൂണിവേഴ്സിറ്റി ജീവനക്കാർക്കും മറ്റു തൊഴിൽ ചെയ്തു ജീവിക്കാനുള്ള പരിശീലനവും സ്വയം തൊഴിൽ ചെയ്യാനുള്ള ബാങ്ക് ലോൺ പദ്ധതികളും നടപ്പിലാക്കുക.
ഇനി അധികം സമയമില്ല.
മുരളി തുമ്മാരുകുടി