KER XIII (vi) (vii) ചട്ടപ്രകാരം അച്ചടക്ക നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ മുഴുവൻ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപകർക്കും (മൂന്നാംഘട്ട) ക്ലസ്റ്റർതല അധ്യാപക സംഗമങ്ങൾ 2024 ജനുവരി 27 ന് നടത്തിയിരുന്നു. അന്നേ ദിവസം ഹാജരാകാതിരുന്ന അധ്യാപകർക്കായി ഒരു പ്രത്യേക അധ്യാപക സംഗമം 2024 ഫെബ്രുവരി 17 ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും പങ്കെടുക്കാത്ത അധ്യാപകരുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകൾ ക്രമീകരിച്ച് ക്ലസ്റ്റർ യോഗങ്ങൾ നടത്തേണ്ടതാണ്.
ഏതെങ്കിലും കേന്ദ്രങ്ങളിൽ 55 ൽ അധികം പങ്കാളികളുണ്ടെങ്കിൽ ഒന്നിലധികം ബാച്ചുകളായി ക്രമീകരിക്കേണ്ടതും ഇത്തരത്തിൽ ക്രമീകരിക്കുമ്പോൾ വ്യത്യസ്ത ബി.ആർ.സി.കളിലായി യാത്രാസൗകര്യം കൂടി പരിഗണിച്ച് ക്ലസ്റ്റർ യോഗങ്ങൾക്കായുള്ള കേന്ദ്രങ്ങൾ നിശ്ചയിക്കേണ്ടതാണ്. അഞ്ചോ അഞ്ചിൽ കുറവോ എണ്ണം പങ്കാളികളാണുള്ളതെങ്കിൽ സമീപ ജില്ലയുമായി ക്ലബ്ബ് ചെയ്ത് ക്ലസ്റ്റർ നടത്താവുന്നതാണ്. ഇതിനായി രണ്ട് ജില്ലയിലെയും അതിർത്തി പങ്കുവയ്ക്കുന്ന ബി.ആർ.സി.കളിൽ സൗകര്യപ്രദമായ കേന്ദ്രങ്ങൾ ഡി.പി.സി.മാർ കൂടിയാലോചിച്ച് നിശ്ചയിക്കേണ്ടതാണ്. കേന്ദ്രങ്ങളും, റിസോഴ്സ് അംഗങ്ങളെയും ഇപ്രകാരം തിരുമാനിക്കേണ്ടതും ഈ കേന്ദ്രങ്ങൾ സംബന്ധിച്ച് പങ്കെടുക്കുന്ന അധ്യാപകരെ മുൻകൂട്ടി അറിയിക്കേണ്ടതുമാണ്.
കന്നട, തമിഴ് ഭാഷാ വിഷയങ്ങളിൽ പങ്കാളികളുടെ എണ്ണം പരിഗണിക്കാതെ തന്നെ അതാത് ജില്ലകളിൽ ക്ലസ്റ്റർ കേന്ദ്രങ്ങൾ ക്രമീകരിക്കേണ്ടതാണ്.
യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ വിഷയാധിഷ്ഠിത ക്ലസ്റ്ററിൽ ഭാഷാ വിഷയങ്ങൾ ഒഴികെ കന്നട, തമിഴ്, മലയാളം മീഡിയം സംയോജിപ്പിച്ച് ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിക്കാവുന്നതും വ്യത്യസ്ത മീഡിയങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടാകുന്ന തരത്തിൽ ആർ.പി.മാരെ ക്രമീകരിക്കേണ്ടതുമാണ്.
പത്ത് വരെ പങ്കാളികളുള്ള ബാച്ചുകൾക്ക് ഒരു ആർ.പി.യും, പത്തിന് മുകളിൽ പങ്കാളികളുള്ള ബാച്ചുകൾക്ക് 2 ആർ.പി.മാരെയും പങ്കെടുപ്പിക്കേണ്ടതാണ്. എന്നാൽ വ്യത്യസ്ത ഭാഷകളിലുള്ള ആർ.പി.മാരെ പങ്കെടുപ്പിക്കേണ്ടിവരുമ്പോൾ 2 ആർ.പി.മാരെ പങ്കെടുപ്പിക്കേണ്ടതാണ്.
ഇരുപതും ഇരുപതിന് താഴെ പങ്കാളികളുള്ള ബാച്ചുകൾക്ക് 250 രൂപ വീതവും (ബാച്ചൊന്നിന്) ഇരുപതിന് മുകളിൽ അംഗങ്ങളുള്ള ബാച്ചുകൾക്ക് 500 രൂപ വീതവും കണ്ടിൻജൻസി ഇനത്തിൽ അനുവദിക്കാവുന്നതാണ്. റിഫ്രഷ്മെൻറ് ഇനത്തിൽ 40 രൂപ പ്രതിശീർഷം ഓരോ ബാച്ചിനും അനുവദിക്കാവുന്നതാണ്. 17-2-2024 ന് നടക്കുന്ന ക്ലസ്റ്റർ യോഗങ്ങളിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് യാത്രാബത്ത അനുവദിക്കുന്നതല്ല.
ഓരോ ജില്ലയിലും ഓരോ ക്ലാസിനും/വിഷയത്തിനും ക്രമീകരിക്കുന്ന കേന്ദ്രങ്ങൾ മുൻകൂട്ടി അധ്യാപകരെ അറിയിക്കേണ്ടതാണ്.
2024 ഫെബ്രുവരി 17 ന് നടക്കുന്ന ക്ലസ്റ്റർതല അധ്യാപകസംഗമത്തിൽ എല്ലാ അധ്യാപകരെയും പങ്കെടുപ്പിക്കുവാൻ ആവശ്യമായ തുടർ നിർദ്ദേശം നൽകാൻ എല്ലാ ഉപഡയറക്ടർമാർക്കും നിർദേശം നൽകുന്നു
2024 ഫെബ്രുവരി 17 ന് നടക്കുന്ന പ്രത്യേക ക്ലസ്റ്റർതല പരിശീലന പരിപാടിയിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ KER XIII (vi) (vii) ചട്ടപ്രകാരം അച്ചടക്ക നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകുന്നു.