നീറ്റ് പരീക്ഷയ്‌ക്ക് സെന്റർ മാറി; വിദ്യാർഥിനിയെയുംകൊണ്ട് 15 മിനിറ്റിൽ പത്തുകിലോമീറ്റർ പാഞ്ഞ് പൊലീസ് ജീപ്പ്
നീറ്റ് പരീക്ഷയ്‌ക്ക് സെന്റർ മാറി; വിദ്യാർഥിനിയെയുംകൊണ്ട് 15 മിനിറ്റിൽ പത്തുകിലോമീറ്റർ പാഞ്ഞ് പൊലീസ് ജീപ്പ്
ആലപ്പുഴ :- നീറ്റ് പരീക്ഷയ്‌ക്ക് സെന്റർ മാറിപ്പോയ വിദ്യാർഥിനിയെയുംകൊണ്ട് 15 മിനിറ്റിൽ പത്തുകിലോമീറ്റർ പാഞ്ഞ് പൊലീസ് ജീപ്പ്. അരമണിക്കൂറുകൊണ്ട് വിദ്യാർഥിനി അനുഭവിച്ച ടെൻഷൻ അവസാനിപ്പിച്ചത് അമ്പലപ്പുഴ എസ്‌ഐ ടോൾസൺ പി ജോസഫും പൊലീസുകാരൻ ജോജിയും. ചെട്ടികുളങ്ങര കണ്ണമംഗലം ദേവിക വീട്ടിൽ ആർച്ചദാസിനാണ് പരീക്ഷ സെന്റർ മാറിയത്.
ഹാൾ ടിക്കറ്റിൽ സെന്ററിനൊപ്പം നിയർ അമ്പലപ്പുഴ എന്നാണ് ഉണ്ടായിരുന്നത്. അച്ഛൻ ദാസിനും അച്ഛന്റെ സുഹൃത്ത് രതീഷിനുമൊപ്പമാണ് അമ്പലപ്പുഴ നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് ആർച്ചഎത്തിയത്. ഹാളിലെത്തിയശേഷമാണ് സെന്റർ മാറിയവിവരം അറിഞ്ഞത്. സെന്ററിൽ വിദ്യാർഥികളെ സഹായിക്കാനുണ്ടായിരുന്ന ആശാ വർക്കർ രജിത സന്തോഷ് ആർച്ചയേയുംകൂട്ടി രക്ഷിതാവിനെതേടി പുറത്തേക്ക് വന്നെങ്കിലും കണ്ടില്ല. ഈ സമയമാണ് എസ്‌ഐ എത്തിയത്. സമയം 12. 50 നോട് അടുത്തു.
പൊലീസ് ജീപ്പിൽ ആർച്ചയേയും കയറ്റി പരീക്ഷ സെന്ററായ എസ്‌ഡിവി സ്‌കൂളിലെത്തി. യാത്രക്കിടെ ആർച്ചയുടെ അച്ഛൻ ദാസിനെ എസ്‌ഐ ഫോണിൽ ബന്ധപ്പെട്ടു. ‘ആ സമയം പൊലീസ് അങ്കിൾമാർ അവിടെ എത്തിയില്ലെങ്കിൽ പരീക്ഷ എഴുതാൻ കഴിയില്ലായിരുന്നു. അരമണിക്കൂർ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു’ ആർച്ചദാസ് പറഞ്ഞു.