കാല് കൊണ്ട് പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടിയ കണ്‍മണി എല്ലാവരുടെയും കണ്ണിലുണ്ണിയാകുന്നു
കാല് കൊണ്ട് പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടിയ കണ്‍മണി എല്ലാവരുടെയും കണ്ണിലുണ്ണിയാകുന്നു.
കേരള സര്‍വകലാശാലയില്‍ നിന്ന് 82 ശതമാനം മാര്‍കോടെ ബാചിലര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സില്‍ (വോകല്‍) ഒന്നാം റാങ്ക് നേടിയ എസ് കണ്‍മണിക്ക് കൈ തടസമായില്ല. കൈകളില്ലാതെയും കാലുകള്‍ക്ക് ചെറിയ വൈകല്യങ്ങളോടെയുമാണ് കണ്‍മണി ഈ ലോകത്തേക്ക് വന്നത്. കുട്ടിക്കാലം മുതല്‍ പഠനത്തിലും ചിത്രകലയിലും സംഗീതത്തിലും മിടുക്കിയായിരുന്നു കണ്‍മണിയെന്ന് അമ്മ രേഖ ശശികുമാര്‍ പറയുന്നു. വൈകല്യങ്ങള്‍ ഈ മിടുക്കിക്ക് മുന്നില്‍ മുട്ടുമടക്കി. കാലുകള്‍ കൊണ്ടാണ് കണ്‍മണി കടലാസുകളില്‍ ഉത്തരങ്ങള്‍ നിറയ്ക്കുന്നത്.
‘കണ്‍മണിയുടെ ജീവിതം മികച്ചതാക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തി. അവളുടെ നേട്ടത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, വളരെ സന്തോഷമുണ്ട്,’ അമ്മ പറയുന്നു. ആലപ്പുഴ ജില്ലയിലെ അറുനൂറ്റിമംഗലം സ്വദേശിയായ കണ്‍മണി സ്‌കൂള്‍ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിയായി.
താമരക്കുളത്തെ വിവി ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജ് ഓഫ് മ്യൂസികില്‍ ബിപിഎ കോഴ്സിന് ചേര്‍ന്നു. കണ്‍മണിയുടെ സൗകര്യാര്‍ഥം കുടുംബം അവിടെ ഒരു വീട് വാടകയ്ക്കെടുത്തു. ‘സംഗീതം ജീവിത സപര്യയായി പിന്തുടരാനും ബിരുദാനന്തര ബിരുദം നേടാനും മകള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ അവളെ പിന്തുണയ്ക്കും,’ വീട്ടമ്മയായ രേഖ പറയുന്നു.
കണ്‍മണിയുടെ അച്ഛന്‍ ജി ശശികുമാര്‍ ഖത്വറില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു, സഹോദരന്‍ മണികണ്ഠന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സ്റ്റേജില്‍ പ്രകടനം നടത്തുന്നതിനുപുറമെ,
21-കാരി തന്റെ കാലുകള്‍ ഉപയോഗിച്ച് വരയ്ക്കുകയും പെയിന്റ് ചെയ്യുകയും ചെയ്യുന്നു, ഇത് കണ്ട് പലരും അത്ഭുതപ്പെടുന്നു. 2019-ലെ മികച്ച സര്‍ഗാത്മകതയ്ക്കുള്ള അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം അവളുടെ കഴിവും നിശ്ചയദാര്‍ഢ്യത്തിനും അംഗീകാരം നല്‍കി.
അംഗവൈകല്യമുള്ളവരുടെ ജീവിതകഥയാണ് തനിക്ക് പ്രചോദനമായതെന്ന് കണ്‍മണി പറയുന്നു. ‘നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞാല്‍ നമുക്ക് അവ വികസിപ്പിക്കാനാകും. വൈകല്യങ്ങള്‍ ഒരാളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഒരു തടസമല്ല. ഞാന്‍ എന്റെ കലാസൃഷ്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു, അവ എനിക്ക് ചെറിയ വരുമാനം നല്‍കുന്നു. സ്റ്റേജിലെ എന്റെ സംഗീത പ്രകടനങ്ങള്‍ക്ക് എനിക്ക് കുറച്ച് പ്രതിഫലവും ലഭിക്കുന്നു’, അവര്‍ പറയുന്നു.
മാതാപിതാക്കളും അധ്യാപകരുമാണ് തന്റെ വളര്‍ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ശക്തിയെന്ന് കണ്മണി വ്യക്തമാക്കി.
കൈകളുടെ അഭാവം എന്നെ ഒരിക്കലും അലട്ടിയിട്ടില്ല. ഞാന്‍ സാധാരണ കുട്ടികളെ പോലെ തന്നെ കംപ്യൂടറുകളും മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നു. സുഹൃത്തുക്കളുമൊത്ത് കളിക്കുന്നു, ഒരിക്കലും ഒറ്റപ്പെടാന്‍ തോന്നുന്നില്ല,’ കണ്‍മണി പറയുന്നു. അവളുടെ മാതാപിതാക്കള്‍ എടുക്കേണ്ട ഒരു വലിയ തീരുമാനം അവളെ എവിടെ സ്‌കൂളില്‍ എത്തിക്കണം എന്നതായിരുന്നു.
‘കണ്‍മണിയെ സ്പെഷ്യല്‍ സ്‌കൂളില്‍ അയക്കാന്‍ പലരും ഞങ്ങളെ ഉപദേശിച്ചു. എന്നാല്‍ ഞങ്ങള്‍ അവളെ ഒരു സാധാരണ സ്‌കൂളില്‍ അയയ്ക്കാന്‍ തീരുമാനിച്ചു. അവളെ ഒരു ബഹുമുഖ പ്രതിഭയാക്കാനുള്ള ഏറ്റവും നല്ല തീരുമാനമായിരുന്നു അത്,’ അമ്മ കൂട്ടിച്ചേർത്തു.
കടപ്പാട്: ബിജു ഇ പോള്‍, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്