സ്‌കൂളുകളിൽ ആസ്ബസ്റ്റോസ് ഷീറ്റിനു പകരം…

May 18, 2022 - By School Pathram Academy

സ്‌കൂളുകളിൽ ആസ്ബസ്റ്റോസ് ഷീറ്റിനു പകരം നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാം: മന്ത്രി

നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററുമായി മന്ത്രി ചർച്ച നടത്തി. സ്‌കൂളുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ച.

ടിൻ /അലൂമിനിയം ഷീറ്റ് മേഞ്ഞ സ്‌കൂൾ കെട്ടിടങ്ങൾക്ക് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഫാൾസ് സീലിംഗ് ചെയ്യണം. 2019ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് നിർമ്മാണം ആരംഭിച്ചതും അതിനുശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി സൗകര്യമൊരുക്കുന്നതിൽ ഇളവു നൽകി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് അനുമതി നൽകാനും നടപടിയുണ്ടാകും. കുട്ടികളുടെ സുരക്ഷയും സൗകര്യവുമാണ് മുഖ്യമെന്ന് യോഗത്തിനുശേഷം മന്ത്രിമാർ അറിയിച്ചു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടടെയാണ് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നതെന്നും പറഞ്ഞു.

Category: News