ക്ലാസിൽ കയറാതെ മയക്കുമരുന്ന വില്പനയ്ക്കിറങ്ങി വിദ്യാർഥികൾ, കാരിയറായി യുവതികൾ
കളമശ്ശേരി: കൊച്ചി സിറ്റി ഡാൻസാഫും കളമശ്ശേരി പോലീസും ചേർന്ന് ഇടപ്പള്ളി വി.പി. മരയ്ക്കാർ റോഡിന് സമീപം ഹരിതനഗറിലുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 8.3 ഗ്രാം എം.ഡി.എം.എ. യുമായി ആറുപേർ പിടിയിലായി.
ആലപ്പുഴ സൗത്ത് ആര്യാട് കുളങ്ങരയിൽ വീട്ടിൽ സച്ചിൻ സാബു (25), എറണാകുളം കളമശ്ശേരി മൂലേപ്പാടം കൃഷ്ണകൃപയിൽ വിഷ്ണു എസ്. വാരിയർ (20), എറണാകുളം മൂലമ്പിള്ളി ചീതപ്പറമ്പിൽ ഐശ്വര്യ പ്രസാദ് (20)എറണാകുളം തമ്മനം കീഴത്തുപറമ്പ് പന്തുവല്ലിയിൽ വീട്ടിൽ നിസാം നിയാസ് (20), എറണാകുളം കളമശ്ശേരി എച്ച്.എം.ടി. കോളനി പനയപ്പിള്ളി വീട്ടിൽ അജി സാൽ (20), ആലപ്പുഴ തിരുവമ്പാടി വലിയകുളം സച്ചു മൻസിലിൽ എബിൻ മുഹമ്മദ് (22), എന്നിവരാണ് അറസ്റ്റിലായത്.
സച്ചിൻ സാബുവാണ് ബെംഗളൂരുവിൽ നിന്നു മയക്കുമരുന്നെത്തിച്ച് നൽകിയിരുന്നത്. യുവതികളെ കാരിയറായി ഉപയോഗിച്ചാണ് ഇവർ നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥികളായ ഇവർ ക്ലാസിൽ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഡംബരമുറികൾ വാടകയ്ക്കെടുത്താണ് വില്പന നടത്തിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മയക്കുമരുന്ന്, ഉയർന്നവിലയ്ക്കാണ് വിറ്റഴിച്ചിരുന്നത്. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങി ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു.ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാർക്ക് മുറി എടുത്തുനൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തിരുന്നു.കൊച്ചിയിൽ റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതിനും കോളേജ് വിദ്യാർഥികൾക്കിടയിൽ വില്പന നടത്തുന്നതിനും വൻതോതിൽ സിന്തറ്റിക് ഡ്രഗ്സും കഞ്ചാവും അയൽസംസ്ഥാനങ്ങളിലെ ലഹരികേന്ദ്രങ്ങളിൽ നിന്ന് ആഡംബരവാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടുവരുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും.സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡി.സി.പി. വി.യു. കുര്യാക്കോസിന്റെ നിർദേശാനുസരണം നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൾ സലാം, ഡാൻസാഫ് എസ്.ഐ. രാമു ബാലചന്ദ്രബോസ്, കളമശ്ശേരി എസ്.ഐ. ദീപു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.