എങ്ങനെയെങ്കിലും ഞങ്ങളുടെ മകനെ കണ്ടെത്തിത്തരണം. ഞങ്ങളെ രക്ഷിക്കണം

April 01, 2022 - By School Pathram Academy

വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ.

വൈകീട്ട് 6 മണിക്ക് ഒരു സ്ത്രീയും പുരുഷനും കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് കയറിവന്നു.

സർ, ഞങ്ങളുടെ മകനെ കാണാനില്ല. കുറച്ചുനാളായി അവൻ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല.

ഇന്ന് അവൻ ഞങ്ങളെ വിട്ടു പോയി.

വഴക്കുണ്ടാക്കുമ്പോൾ അവൻ മരിക്കാൻ പോകുകയാണെന്ന് ഇടക്കിടെ പറയാറുണ്ട്.

എങ്ങനെയെങ്കിലും ഞങ്ങളുടെ മകനെ കണ്ടെത്തിത്തരണം. ഞങ്ങളെ രക്ഷിക്കണം.

അവർ കരയുകയായിരുന്നു.

സ്റ്റേഷൻ ഹൌസ് ഓഫീസർ മാധവൻ കുട്ടി അവരെ രണ്ടുപേരേയും വിളിച്ചിരുത്തി. സമാധാനിപ്പിച്ചു. മകനെ കണ്ടെത്താനുള്ള മാർഗങ്ങൾ സ്വീകരിക്കാം എന്ന് ഉറപ്പു നൽകി.

സാധാരണ ഗതിയിൽ കാണാതായവരെ കണ്ടെത്താൻ പോലീസിനെ സഹായിക്കുന്നത് അവർ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ആണ്. അയാൾ മൊബൈൽഫോൺ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, അത് സ്വിച്ച് ഓഫ് ആയിരുന്നു. അതുകൊണ്ട് അയാളുടെ സ്ഥാനം കണ്ടെത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല.

സമയം കടന്നുപോയി.

അയാൾ പോകാൻ സാധ്യതയുള്ള ബന്ധുവീടുകളിലും, ക്ഷേത്രപരിസരങ്ങളിലും, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കെല്ലാം സന്ദേശം കൈമാറി. സാധ്യമായ സ്ഥലങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം.

ഇതിനിടയിൽ അയാൾ ഒരു പ്രാവശ്യം വീട്ടിലേക്കു വിളിച്ചു.

അയാൾ വളരെ കോപാകുലനായിരുന്നു.

ഞാൻ കാണിച്ചു തരാം….. ഞാൻ മരിക്കാൻ പോകുകയാണ്, എന്നായിരുന്നു അയാൾ പറഞ്ഞത്.

പറഞ്ഞു കഴിഞ്ഞതും അയാൾ വീണ്ടും ഫോൺ സ്വിച്ച് ഓഫ് ആക്കി.

അതുകൊണ്ട് വീട്ടുകാർക്ക് അങ്ങോട്ട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.

ഇയാളുടെ ഫോൺ നിരീക്ഷിച്ചുകൊണ്ടിരുന്ന സൈബർസെൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇത് തിരിച്ചറിഞ്ഞു. ഉടനെ അയാളുടെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.

ഇതിനിടയിൽ അയാളുടെ വീട്ടുകാർ, ഇക്കാര്യം പറയാൻ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഓടിയെത്തി.

സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.

നൈറ്റ് ഡ്യൂട്ടി ഓഫീസർ സജീവ്, ഉത്തരവാദിത്വത്തോടെ ഇക്കാര്യം ഏറ്റെടുത്തു.

സൈബർസെല്ലിലെ ഉദ്യോഗസ്ഥർ നൽകിയ ലൊക്കേഷനും, വീട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളും സംയോജിപ്പിച്ച്, സമയമൊന്നും പാഴാക്കാതെ പോലീസുദ്യോഗസ്ഥർ പോലീസ് വാഹനത്തിൽ അവിടേക്ക് പുറപ്പെട്ടു. കാണാതായ ആളെ എളുപ്പത്തിൽ തിരിച്ചറിയാനായി വീട്ടുകാരേയും പോലീസ് ജീപ്പിൽ കയറ്റി.

ലൊക്കേഷൻ അന്വേഷിച്ചുള്ള യാത്രയിൽ എത്തിച്ചേർന്നത്, തൃശൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഒരു ആളൊഴിഞ്ഞ സ്ഥലത്ത്.

പോലീസുദ്യോഗസ്ഥരും, വീട്ടുകാരും അവിടെയിറങ്ങി, അരിച്ചുപെറുക്കി. കുറേ നേരത്തെ അന്വേഷണത്തിനൊടുവിൽ അയാളെ കണ്ടെത്തി.

അൽപ്പനേരം കൂടി കഴിഞ്ഞിരുന്നെങ്കിൽ അയാൾ റെയിൽവേ ട്രാക്കിലേക്ക് ചാടി ആത്മഹത്യ ചെയ്യുമായിരുന്നു.

പോലീസുദ്യോഗസ്ഥർ അയാളെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നു, ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു. അന്നു രാത്രി വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു.

പിറ്റേന്ന് രാവിലെ സ്റ്റേഷൻ ഹൌസ് ഓഫീസർ മാധവൻ കുട്ടി അയാളെ വിളിച്ചുവരുത്തി, തന്റെ മുറിയിലിരുത്തി, ഏറെ നേരം സംസാരിച്ചു. അയാൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും, വീട്ടിലെ പ്രശ്നങ്ങളും അയാൾ തുറന്നു പറഞ്ഞു. അയാളുടെ പ്രശ്നങ്ങൾ, വീട്ടുകാരുമായി സംസാരിച്ച് തീർപ്പാക്കാൻ സഹായിക്കാമെന്ന് പോലീസുദ്യോഗസ്ഥൻ പറയുകയും, വിദഗ്ദ കൌൺസിലിങ്ങിനായി മാനസികാരോഗ്യവിദഗ്ദന്റെ സേവനം ലഭ്യമാക്കുകയും ചെയ്തു.

കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിന് മുന്നിട്ടിറങ്ങിയ സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവ് എവി, ഡ്രൈവർ സിപിഓ സരിത്, ഹോം ഗാർഡ് എം.എൻ. ഓമനക്കുട്ടൻ എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

Category: News