മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്നപേരിൽ നടക്കുന്ന തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക

March 30, 2022 - By School Pathram Academy

മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്നപേരിൽ നടക്കുന്ന തട്ടിപ്പുകൾ.

മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്ത് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്ന പേരിൽ നടത്തുന്ന തട്ടിപ്പുകളിൽ ജനങ്ങൾ വഞ്ചിതരാകരുത്.

മൾട്ടിലെവൽ മാർക്കറ്റിങ്ങ് , ചെയിൻ മാർക്കറ്റിങ്ങ്, പിരമിഡ് സ്ട്രക്ചർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത്തരം കമ്പനികൾ അവരുടെ സ്കീമുകളിൽ ചേരുന്നവർക്ക് എളുപ്പത്തിലും വേഗത്തിലും പണം സമ്പാദിക്കാമെന്ന വാഗ്ദാനം നൽകുന്നു.

 

ഇത്തരം സ്കീമുകളിൽ ചേരുന്നവർക്ക് ലഭിക്കുന്ന വരുമാനം പ്രധാനമായും അവർക്കു കീഴിൽ കൂടുതൽ അംഗങ്ങൾ ചേരുമ്പോഴാണ്. തങ്ങൾക്കുകീഴിൽ കൂടുതൽ അംഗങ്ങളെചേർക്കുന്നതിന് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടായിരിക്കും. തങ്ങൾക്കു കീഴിൽ പുതുതായി ആളുകൾ ചേരുമ്പോൾ കൂടുതൽ വരുമാനമുണ്ടാകുന്നതുപോലെ, ആളുകൾ ചേരാതിരിക്കുമ്പോൾ വരുമാനം കുറയുന്നതിനും സാധ്യയുണ്ട്.

വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളിൽ നിന്നുള്ള ലാഭത്തേക്കാൾ ഉപരിയായി, ഈ പദ്ധതിയിൽ എത്രപേരെ കൂടുതലായി ചേർത്തു എന്നനിലയിലാണ് കൂടുതൽ വരുമാനം ലഭിക്കുന്നത്.

പുതുതായി ചേരുന്നവരുടെ പ്രവേശേനഫീസിൽ നിന്നും ഒരു ഭാഗം പിരമിഡിന്റെ മുകളിലുള്ള അംഗങ്ങൾക്കിടയിൽ ലാഭവിഹിതം എന്നപേരിൽ വിതരണം ചെയ്യുന്നു.

ഇത്തരത്തിൽ ആളുകളെ കണ്ണിചേർക്കുന്ന ചങ്ങലയിൽ എന്തെങ്കിലും വിള്ളൽ സംഭവിച്ചാൽ അത് പിരമിഡിന്റെ തകർച്ചയിലേക്ക് നയിക്കുന്നു.

പിരമിഡിന്റെ ഏറ്റവും താഴെയുള്ള അംഗങ്ങൾക്കായിരിക്കും തകർച്ചയുടെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

ഇത്തരം മൾട്ടി ലെവൽ മാർക്കറ്റിങ്ങ് സ്ഥാപനങ്ങൾ വിവിധ പേരുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്കീമുകളിൽ പ്രലോഭിപ്പിക്കപ്പെടരുതെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ജീവിതകാലം മുഴുവൻ പണിയെടുത്ത്, നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇത്തരം മോഹന വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി മൾട്ടിലെവൽ മാർക്കറ്റിങ്ങ് പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ പണം എന്നന്നേക്കുമായി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കുക. അതിനാൽ ഇത്തരം അപകടങ്ങളിൽ നിന്നും സ്വയം വിട്ടുനിൽക്കുന്നതാണ് ഉചിതം.

1978ലെ പ്രൈസ് ചിറ്റ് & മണി സർക്കുലേഷൻ നിരോധന നിയമ പ്രകാരം മൾട്ടിലെവൽ മാർക്കറ്റിങ്ങ് സ്ഥാപനങ്ങൾ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം സ്വീകരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

ഇത്തരം കുറ്റകൃത്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.

റിസർവ്വ് ബാങ്ക് നൽകുന്ന മുന്നറിയിപ്പിന്റെ പൂർണരൂപം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

https://www.rbi.org.in/commonman/Upload/English/PressRelease/PDFs/IEPR1383PMO0115.pdf

 

കേരള സർക്കാർ ഉത്തരവ് G. O. (P) No. 8/2018/CAD. തിയതി 04.06.2018 പ്രകാരം സംസ്ഥാനത്ത് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് കമ്പനികൾ പ്രവർത്തിക്കുന്നതിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.

ഇതിന്റെ പൂർണരൂപം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

http://consumeraffairs.kerala.gov.in/wp-content/pdf/MLMguidelines.pdf

Category: News