അതുല്യമായ അഭിനയ മികവ് കൊണ്ട് സിനിമ, നാടക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാപ്രതിഭ കെപിഎസി ലളിത ഇനി ഓർമ

February 23, 2022 - By School Pathram Academy

അതുല്യമായ അഭിനയ മികവ് കൊണ്ട് സിനിമ, നാടക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാപ്രതിഭ കെപിഎസി ലളിത ഇനി ഓർമ. അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കെപിഎസി ലളിതയുടെ അഞ്ഞൂറിലേറെ വേഷങ്ങൾ.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്‌സനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകൻ ഭരതൻ ഭർത്താവാണ്. 1978ലായിരുന്നു ഭരതനുമായുള്ള വിവാഹം. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി മക്കൾ.ആലപ്പുഴയിലെ രാമപുരത്ത് 1947 ഫെബ്രുവരി 25നാണ് മഹേശ്വരിയമ്മ എന്ന കെ.പി.എ.സി ലളിത ജനിച്ചത്. പത്താംവയസിൽ ഗീതയുടെ ബലിയിലൂടെ നർത്തകിയായി നാടകത്തിലെത്തി. 1964ൽ കെ.പി.എ.സിക്കൊപ്പം ചേർന്നപ്പോൾ തോപ്പിൽഭാസി മഹേശ്വരിയെ ലളിതയാക്കി. അരങ്ങിൽ നിന്നുള്ള പ്രകടനമായിരുന്നു ലളിതയുടെ എക്കാലത്തെയും കരുത്ത്. മുടിയനായ പുത്രൻ, സർവ്വേ കല്ല്, അശ്വമേധം, ശരാശയ്യ തുടങ്ങിയ സൂപ്പർ ഹിറ്റ് നാടകങ്ങളിലൂടെ അരങ്ങിലെ താരോദയമായി. കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം. കൊടിയേറ്റത്തിൽ ഭരത് ഗോപിക്കൊപ്പം നായികയായി. പിന്നീട് അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെയുള്ള വേഷപ്പകർച്ചകൾ.കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറക്കൊപ്പം നിറഞ്ഞുനിന്നു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങൾ. ശാന്തത്തിലൂടെയും അമരത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം നേടി. നാല് തവണ സംസ്ഥാന പുരസ്കാരവും നേടി. മലയാള സിനിമയിലെ നി പുഞ്ചിരിയും അമ്മയുമായ കെപിഎസി ലളിത ഇനി ഓർമകളിലൂടെ ജീവിക്കും.

Category: News