എസ്.എസ്.എൽ.സി പരീക്ഷ മാർക്ക് വിവരങ്ങൾക്ക് അപേക്ഷിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?
എസ്.എസ്.എൽ.സി മാർച്ച് 2007 പരീക്ഷ മുതൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാർക്ക് വിവരം ഒഴിവാക്കി ഗ്രേഡ് മാത്രം രേഖപ്പെടുത്തുന്നതിന് അനുമതി നൽകിക്കൊണ്ട് സൂചന(1) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസം, സ്കോളർഷിപ്പ്, ജോലി, റിക്രൂട്ടുമെൻ്റ്, ഇൻ്റർവ്യൂ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് മാർക്ക് വിവരം ആവശ്യമായി വരുന്ന സാഹചര്യത്തിൽ എസ്.എസ്. എൽ.സി പരീക്ഷയുടെ മാർക്ക് വിവരം വിദ്യാർത്ഥികൾക്ക് നേരിട്ട് നൽകാൻ സർക്കാർ ഉത്തരവാകുകയുണ്ടായി. സൂചന(2) ലെ സർക്കാർ ഉത്തരവുപ്രകാരം എസ്.എസ്. എൽ.സി പരീക്ഷ എഴുതിയ പരീക്ഷാർത്ഥികൾക്ക് പരീക്ഷ എഴുതി രണ്ട് വർഷത്തിനു ശേഷം (പ്ലസ് ടു പഠനത്തിനുശേഷം) അപേക്ഷിച്ചാൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം 200/- രൂപ (ഇരുനൂറ് രൂപാമാത്രം) ഫീസ് ഈടാക്കി നൽകുവാൻ അനുമതി നൽകുകയുണ്ടായി. സൂചന(3) സർക്കാർ ഉത്തരവിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്കുശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/-രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് (ഡി.ഡി) സഹിതം പരീക്ഷാഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനും ഉത്തരവാകുകയുണ്ടായി. എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്കുശേഷം പരീക്ഷാർത്ഥികൾക്ക് താഴെ സൂചിപ്പിക്കും പ്രകാരം മാർക്ക് വിവരങ്ങൾക്ക് അപേക്ഷിക്കാ വുന്നതാണ്.
1. വെള്ളപേപ്പറിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ തയ്യാറാക്കിയ വിശദമായ അപേക്ഷ,
2. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൻ്റെ അല്ലെങ്കിൽ പരീക്ഷാ ഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
3. എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്കുശേഷം പരീക്ഷാർത്ഥിയ്ക്ക് നടപ്പ് വർഷത്തെയും തൊട്ട് മുൻ വർഷത്തെയും മാർക്ക് വിവരം ലഭിക്കുന്നതിന് സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നും എടുത്ത 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് (ഡി.ഡി) അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
4. എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് രണ്ട് വർഷത്തിനുശേഷം (പ്ലസ് ടു പഠനത്തിനുശേഷം) അപേക്ഷിക്കുന്ന പരീക്ഷാർത്ഥി സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നും എടുത്ത 200/- രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് (ഡി.ഡി) അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മതിയാകും.
5. മാർക്ക് വിവരം ലഭിക്കുന്നതിന് മറ്റൊരുതരത്തിലും ഒടുക്കുന്ന ഫീസ് സ്വീകാര്യമല്ല.
പരീക്ഷാ കമ്മീഷണർ