പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാക്കാനും,ലോവർ പ്രൈമറിക്ക് ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് : ചർച്ചക്ക് ശേഷം നടപ്പാക്കും
സ്കൂളുകളിലെ പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാക്കാൻ ഡോ.എം.എ. ഖാദർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ രണ്ടാം റിപ്പോർട്ടിൽ നിർദേശം. എന്നാൽ, പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സ്കൂളുകൾക്ക് സമയം ക്രമീകരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിർദേശങ്ങൾ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥയോടെ റിപ്പോർട്ട് മന്ത്രിസഭ യോഗം തത്ത്വത്തിൽ അംഗീകിച്ചു. പ്രീ സ്കൂൾ/ അംഗൻവാടികളുടെ സമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിർദേശം. നാല്-നാലര മണിക്കൂർ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചാൽ മതി. നിലവിൽ സംസ്ഥാന സിലബസിലുള്ള സ്കൂളുകൾ രാവിലെ ഒമ്പതര മുതൽ മൂന്നര വരെയും 10 മുതൽ നാലുവരെയുമാണ് പ്രവർത്തിക്കുന്നത്. പഠനസമയം കഴിഞ്ഞു രണ്ടുമുതൽ നാലുവരെ കലാ-കായിക അഭിരുചി പ്രവർത്തനങ്ങൾക്കും ലൈബ്രറി, ലബോറട്ടറി, തൊഴിൽ വിദ്യാഭ്യാസം തുടങ്ങിയവക്കായി വിനിയോഗിക്കാം.
സമയമാറ്റ നിർദേശം പുരോഗമനപരമാണെന്നും എന്നാൽ, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമായിട്ടില്ലെന്നും വിശദ ചർച്ചക്കു ശേഷം തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചകൾ കുട്ടികളുടെ സ്വതന്ത്രദിനമായി മാറണം. പരീക്ഷണ നിരീക്ഷണങ്ങളിലേർപ്പെടാനും സ്കൂൾ ലൈബ്രറികളിൽ വായനക്കും റഫറൻസിനും സംഘപഠനത്തിനും സഹായകമായ ദിനമാക്കി ഇതു മാറ്റാം.
അധ്യാപക മികവ്
പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ അധ്യാപകരെ സജ്ജമാക്കുക എന്നതു പ്രധാനമാണെന്ന് സമിതി നിരീക്ഷിച്ചു.
ആധുനിക സാങ്കേതികവിദ്യ വിവേകത്തോടെ ഫലപ്രദമായി പഠനബോധനപ്രവർത്തനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തിൽ അധ്യാപകർ പ്രാപ്തരാവണം. ഇതിനായി അധ്യാപകയോഗ്യതയിലും പരിശീലനത്തിലുമൊക്കെ അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്നു.
ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ളതും അതിനുശേഷമുള്ളതുമായ അധ്യാപകപരിശീലനം സമഗ്രമാറ്റത്തിന് വിധേയമാകണം. ഒരു ഡോക്ടറോ എൻജിനിയറോ അതതു മേഖലയിൽ അഭിരുചിയോടെയും സവിശേഷ വിദ്യാഭ്യാസത്തിലൂടെയും വാർത്തെടുക്കപ്പെടുന്ന രീതി അധ്യാപകർക്കും നിർബന്ധമാക്കണമെന്നാണ് സമിതിയുടെ നിർദേശം. ഇതിനായി ബിരുദവും ബിരുദാനന്തര ബിരുദവുമടക്കമുള്ള യോഗ്യതകൾ അടിസ്ഥാനമാക്കിയും അധ്യാപകവിദ്യാഭ്യാസം ഉൾപ്പെടുത്തിയുമുള്ള പഞ്ചവത്സര സംയോജിത കോഴ്സുകൾ വേണമെന്നാണ് ശുപാർശ.
ലോവർ പ്രൈമറിക്ക് ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കണമെന്ന് ഒന്നാം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആറ്, ഏഴ് ക്ലാസുകൾക്ക് എൻ.സി.ടി.ഇ. നിബന്ധനയനുസരിച്ചുള്ള അധ്യാപകയോഗ്യതയും എട്ടുമുതൽ 12വരെ ബിരുദാനന്തരബിരുദവും അതതു വിഷയങ്ങളിൽ വിദ്യാഭ്യാസബിരുദവും വേണമെന്നാണ് ശുപാർശ. ഇപ്പോഴത്തെ കോഴ്സുകൾക്കുപകരം, അധ്യയനത്തിനുള്ള അഭിരുചിക്ക് ഊന്നൽ നൽകി അധ്യാപക കോഴ്സുകൾ സംയോജിപ്പിച്ചുള്ള സവിശേഷബിരുദം അധ്യാപകർ നിർബന്ധമായും നേടിയിരിക്കണം. എന്നാൽ, പ്രൈമറിതലത്തിലും മറ്റും ഇപ്പോഴുള്ള രണ്ടു കോഴ്സുകളിലും സമൂലമായ മാറ്റം നിർദേശിക്കുന്ന ഈ പരിഷ്കാരം നടപ്പാക്കുന്നത് എളുപ്പമല്ല. എന്നാൽ, ഇതിന് വ്യക്തമായ അക്കാദമിക ആസൂത്രണം വേണമെന്നാണ് സമിതിയുടെ അഭിപ്രായം.