തസ്തിക നിർണയം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
പരാമർശം (1) പ്രകാരം തസ്തിക നിർണയം, കെ.ഇ.ആർ അദ്ധ്യായം XXIII, ചട്ടം-12 ൽ അനുശാസിക്കുന്ന സമയപരിധി കർശനമായി പാലിച്ചുകൊണ്ട് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2024-25 അധ്യയന വർഷത്തിൽ തസ്തിക നിർണയം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ആയതിനാൽ താഴെപ്പറയുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.
(1) 2023-24ൽ നടത്തിയതുപോലെ, വാലിഡേറ്റ് ചെയ്യപ്പെട്ട UID ആറാം പ്രവർത്തിദിനത്തിൽ ഉള്ള കട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് 2024-25 വർഷത്തെ തസ്തിക നിർണയം നടത്തുന്നത്.
(2) 6-ാം പ്രവർത്തി ദിന കണക്കു പ്രകാരം തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉള്ള എയ്ഡഡ് സ്കൂളുകൾക്ക് പ്രഥമ പരിഗണന നൽകി ജൂൺ 30 നുള്ളിലും മറ്റു സ്കൂകൂളുകളിൽ ജൂലൈ 10 നകവും തസ്തിക നിർണയം പൂർത്തിയാകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
(3) ഇപ്രകാരം തസ്തിക നിർണയം നടത്തുമ്പോൾ തസ്തിക നഷ്ടപ്പെടുന്നതും സംരക്ഷിതപുനർവിന്യാസത്തിന് അർഹതയുള്ളതുമായ ജീവനക്കാരെ മാതൃ ജില്ലയിൽ ഒഴിവുള്ള തസ്തികകളിൽ സീനിയോറിറ്റി പ്രകാരം ജൂലൈ 1 മുതൽ പുനർവിന്യസിക്കേണ്ടതും മാതൃജില്ലയിൽ ഒഴിവില്ലാത്ത പക്ഷം പ്രസ്തുത വിവരം ജൂലൈ 05 നകം, ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ പൊതു വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കേണ്ടതുമാണ്. പുനർവിന്യാസത്തിന് അർഹതയുള്ള ജീവനക്കാരൻ, കോർപ്പറേറ്റ് മാനേജ്മെന്റിനു പരിധിയിലുള്ളതാവുകയും ടിയാനെ മാനേജ്മെന്റിൽ ഉൾക്കൊള്ളാൻ തസ്തിക ലഭ്യമല്ലാത്തതിനാൽ പുനർവിന്യസിക്കപ്പെടേണ്ടതായി വരികയും ചെയ്താൽ പ്രസ്തുത വിവരം ജീവനക്കാരൻ നിലവിൽ സേവനത്തിലായിരിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക്, മാനേജർ, ജൂലൈ 2 നകം റിപ്പോർട്ട് ചെയ്യണം. അവരെ ജില്ലയിൽ പുനർവിന്യസിക്കാൻ കഴിയാത്തപക്ഷം, അവരുടെ പേരുവിവരങ്ങൾ അതതു വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ തന്നെ ബന്ധപ്പെട്ട മാനേജരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ, സമയ പരിധിക്കകം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ലഭ്യമാക്കേണ്ടതുമാണ്.
(4) ഇപ്രകാരം തസ്തിക നിർണയം നടത്തുമ്പോൾ, 2023-24 വർഷം നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകളെ അടിസ്ഥാനമാക്കി 2024-25 വർഷത്തെ തസ്തിക നിർണയം നടത്തുവാൻ എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകുന്നു. കൂടാതെ, 2023-24 വർഷം തസ്തിക നിർണയവുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ചിട്ടുള്ള പരാമർശം (2) പ്രകാരമുള്ള എല്ലാ നിർദേശങ്ങളുടെയും വെളിച്ചത്തിൽ, 2024-25 വർഷത്തെ തസ്തിക നിർണയം സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്. പുതിയ തസ്തിക നിർണയം 15 മുതൽ തന്നെ പ്രാബല്യത്തിലാവുന്നതാണ്. ചട്ടപ്രകാരമുള്ള സമയപരിധി ഏതൊരു കാരണവശാലും ദീർഘിപ്പിച്ച് നൽകാൻ കഴിയുന്നതല്ല.