പൂര്‍വവിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് കലാമണ്ഡലവുമായി ബന്ധവുമില്ല. ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് കലാമണ്ഡലത്തിന് കളങ്കമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി
ആര്‍.എല്‍.വി രാമകൃഷ്ണനെതിരായ പരാമര്‍ശത്തില്‍ നര്‍ത്തകി സത്യഭാമയെ തള്ളി കലാമണ്ഡലം. പരിഷ്കൃത സമൂഹത്തിന് നിരക്കാത്തതാണ് പ്രസ്താവന.
സത്യഭാമയുടെ നിലപാടിനെ അപലപിക്കുന്നെന്ന് കലാമണ്ഡലം വി.സിയും റജിസ്ട്രാറും അറിയിച്ചു. പൂര്‍വവിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് കലാമണ്ഡലവുമായി ബന്ധവുമില്ല. ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് കലാമണ്ഡലത്തിന് കളങ്കമാണെന്നും ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കി.
ജാതിയുടേയും നിറത്തിന്റെയും പേരിൽ അപമാനിച്ച സത്യഭാമയ്ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മോഹിനിയാട്ടം കലാകാരന്‍ ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. പരാമർശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം. അതേസമയം രാമകൃഷ്ണന് പിന്തുണയുമായി കലാരംഗത്ത് നിന്നുള്‍പ്പെടെ നിരവധി പേരെത്തി.
സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ . കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേര്‍ക്കാന്‍ പോലും ഇത്തരം സങ്കുചിത ചിന്തകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരി ഉള്ളിലുള്ള ജാതിചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍ നിന്ന് വെളിവാകുന്നത്. കല ആരുടേയും കുത്തകയല്ല. പ്രസ്താവന പിന്‍വലിച്ച് ആര്‍.എല്‍.വി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും കലാമണ്ഡലം സത്യഭാമ മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പരാമര്‍ശം വിവാദമായിട്ടും വംശീയാധിക്ഷേപം തുടര്‍ന്ന് നര്‍ത്തകി സത്യഭാമ. കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുക്കരുത്. പുരുഷന്‍മാര്‍ മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. പറഞ്ഞതില്‍ കുറ്റബോധമില്ല. ആര്‍.എല്‍.വി.രാമകൃഷ്ണനെ അറിയില്ല. കേസിന് പോകുന്നെങ്കില്‍ പോട്ടെയെന്നും സത്യഭാമ തിരുവനന്തപുരത്ത് പറഞ്ഞു.