5, 8 ക്ലാസുകളിൽ കുട്ടികൾ ഉചിതമായ പുരോഗതി കൈവരിച്ചില്ലെങ്കിൽ ഒരു വർഷം കൂടി അതേ ക്ലാസുകളിൽ പഠനം നടത്താൻ മാതാപിതാക്കൾക്കു തീരുമാനിക്കാം
5, 8 ക്ലാസുകളിൽ കുട്ടികൾ ഉചിതമായ പുരോഗതി കൈവരിച്ചില്ലെങ്കിൽ ഒരു വർഷം കൂടി അതേ ക്ലാസുകളിൽ പഠനം നടത്താൻ മാതാപിതാക്കൾക്കു തീരുമാനിക്കാം.
ന്യൂഡൽഹി ∙ വിദ്യാർഥികൾക്കു മേലുള്ള പരീക്ഷാ ഭാരം കുറയ്ക്കണമെന്നു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ (എൻസിഎഫ്) നിർദേശിക്കുന്നു. പാഠ്യഭാഗങ്ങൾ കുറയ്ക്കണം, പഠിച്ചത് ഓർമിച്ചെടുക്കുന്ന തിനു പകരം അവയുടെ പ്രായോഗികത പരിശോധിക്കണം. ഭാവിയിൽ എല്ലാ ബോർഡുകളും സെമസ്റ്റർ അല്ലെങ്കിൽ ടേം അധിഷ്ഠിത രീതിയിലേക്കു പരീക്ഷ മാറ്റണം. ഒരു വിഷയത്തിലെ പഠനം പൂർത്തിയാകുന്ന മുറയ്ക്ക് അതിന്റെ പരീക്ഷയെഴുതാൻ അവസരം നൽകണം. സമഗ്രമായ പരീക്ഷാ ബാങ്കുകൾ ഇതിനു വേണ്ടി സജ്ജമാക്കി, സോഫ്റ്റ്വെയർ സഹായത്തോടെ പരീക്ഷ നടത്തുന്ന രീതിയൊരുക്കണം. 11,12 ക്ലാസുകൾ ഭാവിയിൽ സെമസ്റ്റർ അടിസ്ഥാനത്തിൽ നടത്തണം – നിർദേശങ്ങളിൽ പറയുന്നു.
ഇന്റർ ഡിസിപ്ലിനറി പഠനം:
ഹയർ സെക്കൻഡറി തലത്തിൽ വിഷയങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: 1. ഭാഷ, 2. ആർട്–ഫിസിക്കൽ–വൊക്കേഷനൽ എജ്യുക്കേഷൻ, 3. സോഷ്യൽ സയൻസ്–ഇന്റർഡിസിപ്ലിനറി മേഖല, 4.സയൻസ്–മാത്തമാറ്റിക്സ്–കംപ്യൂട്ടർ. ഇതിൽ ഭാഷാ ഗ്രൂപ്പിൽനിന്നു 2 വിഷയങ്ങളെടുക്കണം. 4 വിഷയങ്ങൾ ചുരുങ്ങിയത് മറ്റു 2 ഗ്രൂപ്പുകളിൽനിന്നെങ്കിലുമാകണം. ഒരു വിഷയം ഓപ്ഷനലായി തിരഞ്ഞെടുക്കണം.
ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്:
ഓരോ ഘട്ടത്തിലുമുള്ള വിദ്യാർഥികളുടെ പഠനനിലവാരം മനസ്സിലാക്കാൻ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് തയാറാക്കണമെന്ന് എൻസിഎഫിൽ നിർദേശമുണ്ട്. ഭിന്നശേഷിയും പഠനവൈകല്യവുമുള്ള കുട്ടികൾക്കു വേണ്ടി ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ ഒരു മാസത്തെ ബ്രിജ് കോഴ്സ് ക്രമീകരിക്കണം. 3, 5 ക്ലാസുകളിൽ കുട്ടികളുടെ അടിസ്ഥാന ഭാഷാ, കണക്ക് പ്രായോഗികത പരിശോധിക്കണം. 5, 8 ക്ലാസുകളിൽ കുട്ടികൾ ഉചിതമായ പുരോഗതി കൈവരിച്ചില്ലെങ്കിൽ ഒരു വർഷം കൂടി അതേ ക്ലാസുകളിൽ പഠനം നടത്താൻ മാതാപിതാക്കൾക്കു തീരുമാനിക്കാം.
പ്രാദേശിക ഭാഷാ പഠനം ഉൾപ്പെടുത്തിയത് രണ്ടാംഘട്ടത്തിൽ
ഹയർ സെക്കൻഡറി തലത്തിൽ ഇന്ത്യൻ ഭാഷ പഠിക്കണമെന്ന നിർദേശം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (എൻസിഎഫ്) കരടിൽ ആദ്യം ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ആർഎസ്എസ് പിന്തുണയുള്ള പല സംഘടനകളും ഇതിനെതിരെ രംഗത്തെത്തുകയും പ്രാദേശിക ഭാഷാ പഠനമെന്ന ആവശ്യമുയർത്തുകയും ചെയ്തു. ജൂണിൽ ചേർന്ന ദേശീയ കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്ത് ഉൾപ്പെടുത്താൻ തീരുമാനിച്ചത്.