സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർത്ഥിനിക്ക് 25,000/- രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000/- രൂപ, 10,000/- രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനോൽസവം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറങ്ങി.
തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗൺസിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുമായി സഹകരിച്ച് സംസ്ഥാനത്തെ എല്ലാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുമായി ഈ വർഷവും വായനോൽസവം സംഘടിപ്പിക്കുന്നു. സ്കൂൾ തലം, താലൂക്ക് തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെയാണ് മത്സരം നടത്തുക. സ്കൂൾതലത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് എഴുത്തുപരീക്ഷ നടത്തുന്നതാണ്. ഇതിൽ വിജയിക്കുന്ന ആദ്യത്തെ മൂന്നുസ്ഥാനക്കാർക്ക് താലൂക്കുതല മത്സരത്തിൽ പങ്കെടുക്കാം.
താലൂക്ക് തലത്തിലെ ആദ്യം സ്ഥാനക്കാർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജില്ലാതല മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. താലൂക്കുതലത്തിലും ജില്ലാതലത്തിലും എഴുത്തുപരീക്ഷയായിരിക്കും. സംസ്ഥാനതലത്തിൽ ക്വിസ് മത്സരവും എഴുത്തു പരീക്ഷയും ഓറൽ പരീക്ഷയും ഉണ്ടാവും.
വായനോത്സവം 2023 – തീയതികൾ
◾ഹൈസ്കൂൾ തലം : 2023 സെപ്റ്റംബർ 7
◾ഗ്രന്ഥശാലാ തലം : 2023 സെപ്റ്റംബർ 10
◾താലൂക്ക് തലം : 2023 ഒക്ടോബർ 8
◾ജില്ലാ തലം : 2023 ഒക്ടോബർ 28
◾സംസ്ഥാന തലം : 2023 ഡിസംബർ 29, 30
താലൂക്ക് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1500 രൂപ ക്യാഷ് അവാർഡും ആദ്യത്തെ പത്തു സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 10,000/- രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപ്രതവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി പഠിക്കുന്ന സ്കൂളിനും കുട്ടി അംഗമായ ലൈബ്രറിക്കും ട്രോഫി നൽകുന്നതാണ്.
സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർത്ഥിനിക്ക് 25,000/- രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000/- രൂപ, 10,000/- രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം ലഭിക്കുന്ന കുട്ടി പഠിക്കുന്ന സ്കൂളിനും കുട്ടി അംഗമായിട്ടുള്ള ഗ്രന്ഥശാലയ്ക്കും ട്രോഫി നൽകും. കൂടാതെ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് 1,500 – രൂപയുടെ ജയശങ്കർ സ്മാരക ക്യാഷ് അവാർഡും സ്കൂളിന് ജയശങ്കർ സ്മാരക റോളിംഗ് ട്രോഫിയും സമ്മാനിക്കും
അഖിലകേരള വായനോൽസവത്തിനായി കൗൺസിൽ എട്ട് പുസ്തകങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 2022 മെയ്, ജൂൺ എന്നീ ലക്കങ്ങൾ സ്കൂൾതല മത്സരം മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾതലത്തിലുള്ള മത്സരങ്ങൾ നടത്തേണ്ടത് സ്കൂൾ അധികൃതരാണ്. ഓരോ ക്ലാസ് തിരിച്ച് മത്സരം നടത്തി അതിലെ വിജയികളെയാണ് സ്കൂൾതല മത്സരത്തിൽ ഉൾപ്പെടുത്തേണ്ടത്.
മത്സരങ്ങൾ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുക. നിശ്ചയിച്ചു തീയതിക്കുതന്നെ മത്സരങ്ങൾ നടത്തുവാൻ പ്രഥമാധ്യാപകരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരും പൂർണ്ണമായ സഹകരണം നൽകേണ്ടതാണ്. താലൂക്ക്തല മത്സരങ്ങളും ജില്ലാതല മത്സരങ്ങളും സംഘടിപ്പിക്കുമ്പോൾ ആവശ്യമായ സ്ഥലങ്ങളിൽ മത്സരത്തിനായി സ്കൂളുകൾ സൗജന്യമായി നൽകേണ്ടതാണ്.