പരിഷ്‌കരിച്ച ഗ്രേസ് മാർക്ക് ഈ വർഷംമുതൽ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
ആലപ്പുഴ:- കാലോചിതമായി പരിഷ്‌കരിച്ച ഗ്രേസ് മാർക്ക് ഈ വർഷംമുതൽ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്‌തകകത്തിന്റെ സംസ്ഥാനതല വിതരണം ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
കോവിഡ് കാരണം മുൻവർഷങ്ങളിൽ ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. ഇതു സംബന്ധിച്ച് വിദ്യാർഥികൾ വേദിയിൽ മന്ത്രിക്ക് നിവേദനം നൽകി. ഇവ പരിഗണിച്ചശേഷമാണ് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. 4.90 കോടി പുസ്‌തകങ്ങളാണ് ആവശ്യം. ഇതിൽ 2.81 കോടി പാഠപുസ്‌തകങ്ങളാണ് ഇപ്പോൾ വിതരണംചെയ്യുക. സുഗമമായ വിതരണത്തിന് 14 ജില്ലാ ഹബ്ബുകളും 3,313 സൊസൈറ്റികളും 13,300 സ്‌കൂളുകളും സജ്ജമാക്കി. പ്ലസ്‌വൺ സീറ്റ് പ്രശ്‌നം പഠിക്കുന്ന സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ സീറ്റുകൾ പുനർവിന്യസിക്കും.
ലിപി മാറ്റിയടിച്ച പാഠപുസ്‌തകമാണ് ഒന്നാംതരത്തിൽ വിതരണംചെയ്യുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്‌തകത്തിൽ മലയാള അക്ഷരമാലയും ഉൾപ്പെടുത്തി. പാഠപുസ്‌തകത്തിൽനിന്ന് എടുത്തുമാറ്റിയ അക്ഷരമാല ഉൾപ്പെടുത്താമെന്ന് മന്ത്രിയെന്ന നിലയിൽ കൊടുത്ത വാഗ്‌ദാനമാണ് പാലിക്കുന്നത്. പണം അടയ്‌ക്കുന്ന മുറയ്‌ക്ക് അൺ എയ്‌ഡഡ് സ്‌കൂളുകൾക്കും പുസ്‌തകം നൽകും. ഏകദേശം 100 കോടിയിലധികം രൂപയാണ് പാഠപുസ്‌തക അച്ചടി, വിതരണം എന്നീ ഇനത്തിൽ വർഷംതോറും സർക്കാർ ചെലവഴിക്കുന്നത്. ഏകദേശം 38 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ആദ്യമായാണ് ക്ലാസ് തുടങ്ങുന്നതിന് രണ്ടുമാസം മുമ്പ് പാഠപുസ്‌തകം വിതരണംചെയ്യുന്നത്. വേനലവധിക്ക് കുട്ടികൾക്ക് അഞ്ചുകിലോ അരി നൽകുന്ന പദ്ധതിക്ക് 29നു തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്ന 1,000 രൂപ ധനസഹായം അക്കൗണ്ടുകളിലെത്തിയില്ലെന്ന പരാതി പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപി, എച്ച് സലാം എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. പി പി ചിത്തരഞ്ജൻ എംഎൽഎ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, കലക്ടർ ഹരിത വി കുമാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ആർ വിനീത, കൗൺസിലർ പി രതീഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) സി എ സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ പി സുജാത, ലജനത്തുൽ മുഹമ്മദിയ എച്ച്എസ്എസ് പ്രിൻസിപ്പൽ ടി എ അഷ്‌റഫ് കുഞ്ഞ് ആശാൻ, മാനേജർ എ എം നസീർ തുടങ്ങിയവർ പങ്കെടുത്തു.