ഉൽഘാടനം, ഉത്ഘാടനം, ഉല്‍ഘാടനം, ഉദ്ഘാടനം എന്നീ നാലു രൂപങ്ങൾ ‘ഉദ്ഘാടന’ത്തിനു നാം നൽകുന്നുണ്ട് ! എന്നാൽ ശരിയേത് ?
ഉൽഘാടനം, ഉത്ഘാടനം, ഉല്‍ഘാടനം, ഉദ്ഘാടനം എന്നീ നാലു രൂപങ്ങൾ ‘ഉദ്ഘാടന’ത്തിനു നാം നൽകുന്നുണ്ട്! വിദ്യാഭ്യാസസ്ഥാപനങ്ങളിൽപ്പോലും ഇതു പ്രത്യക്ഷപ്പെടുന്നുമുണ്ട്! ഏതെങ്കിലും ഒന്ന് ഉറപ്പിക്കേണ്ടത് വിദ്യാർത്ഥികൾക്കും എഴുത്തിൽ തെറ്റുവരരുത് എന്ന് ആഗ്രഹിക്കുന്നവർക്കും അനുഗ്രഹമായിരിക്കും.
ഇതുപോലെ വരുന്ന മറ്റൊരു പദമാണ് ‘അദ്ഭുതം’. ഇതിൻ്റെ മറ്റു രൂപങ്ങൾ അത്ഭുതം, അൽഭുതം, അത് ഭുതം തുടങ്ങിയവയാണ്.
സംസ്കൃതപദങ്ങൾക്ക് സംസ്കൃതസന്ധിയാണ് പ്രയോഗിക്കുക. ബുദ്ധിമുട്ടു തോന്നാത്തവിധം എഴുതാൻ ശ്രമിക്കാം. താത്പര്യമുള്ളവർക്കു വായിക്കാം: ‘ത്’ എന്നവസാനിക്കുന്ന പദത്തിനു പിന്നിൽ ‘സ്വര’മോ (= ‘അ, ആ, ഇ, ഈ, ഉ, ഊ ‘ തുടങ്ങിയവയോ) ‘ഗ, ഘ, ദ, ധ, ബ, ഭ, യ, ര, ല, വ’ എന്നിവയിൽ ഏതെങ്കിലുമോ വന്നാൽ ‘ത്’ മാറി ‘ദ്’ ആകും. ഉദാ: ജഗ’ത്’ + ‘ഈ’ശൻ = ജഗ’ദീ’ശൻ (ജഗ’തീ’ശൻ എന്നല്ല); ഭഗവത് + ഗീത = ഭഗവദ്ഗീത (ഭഗവത്ഗീത എന്നല്ല); ഉത് + ഘാടനം = ഉദ്ഘാടനം; ഉത് + ഭവം = ഉദ്ഭവം; അത് + ഭുതം = അദ്ഭുതം.
പക്ഷേ, ‘ത്’ കഴിഞ്ഞ് മറ്റേതെങ്കിലും ശബ്ദമാണു വരുന്നതെങ്കിൽ ‘ത്’ മാറേണ്ടതില്ല. ഉദാ: ഉത് + ‘പ’ത്തി = ഉത്പത്തി; ഉത് + പാദനം = ഉത്പാദനം
ഈ ‘ത്’ ‘-ൽ’ ആണെന്നു തെറ്റിദ്ധരിച്ച് പലരും ‘ഉൽപ്പത്തി, ഉൽപ്പാദനം, താൽപ്പര്യം’ തുടങ്ങിയവ എഴുതാറുണ്ട്. ഇവ തെറ്റാണ്. ‘ഉത്പത്തി, ഉത്പാദനം, താത്പര്യം’ തുടങ്ങിയവയാണു ശരിരൂപങ്ങൾ. ‘ത്’ അല്ല ‘ല്‍’ ആണ് ‘ൽ’ ആയി വരുന്നത്. ഉദാ: തോല്‍വി = തോൽവി; നല്കി = നൽകി; വില്പന = വിൽപ്പന.