ഒരു സ്ത്രീയുടെ ശബ്ദത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം ജനങ്ങളെ ദിവസങ്ങളാ‍യി വട്ടംചുറ്റിക്കുന്നു. ഒരു പുഴുവിന്റെയും മരിച്ചു കിടക്കുന്ന രണ്ടു പേരുടെയും ചിത്രങ്ങൾ സഹിതം പ്രചരിക്കുന്ന സന്ദേശത്തിലെ വാചകങ്ങൾ

October 12, 2022 - By School Pathram Academy

ഒരു സ്ത്രീയുടെ ശബ്ദത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം ജനങ്ങളെ ദിവസങ്ങളാ‍യി വട്ടംചുറ്റിക്കുന്നു. ഒരു പുഴുവിന്റെയും മരിച്ചു കിടക്കുന്ന രണ്ടു പേരുടെയും ചിത്രങ്ങൾ സഹിതം പ്രചരിക്കുന്ന സന്ദേശത്തിലെ വാചകങ്ങൾ ഇങ്ങനെ: ‘പുതുതായി ഇറങ്ങിയ പുഴുവാണ്. കർണാടകയിലാണു കണ്ടുപിടിച്ചിരിക്കുന്നത്. നമ്മുടെ പച്ചക്കറി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഇതു വ്യാപകമായിട്ടുണ്ട്. കടിച്ചാൽ അഞ്ചു മിനിറ്റിനുള്ളിൽ മരണം ഉറപ്പാണ്. ഈ പുഴുവിനെ തീ വച്ചു നശിപ്പിക്കുക.’ ഈ സന്ദേശം വിശ്വസിക്കരുതെന്നും പരുത്തിത്തോട്ടത്തിലും കരിമ്പിൻ കാടുകളിലും മറ്റും കാണപ്പെടുന്ന ഒരിനം പുഴുവാണ് ഇതെന്നും വിദഗ്ധർ പറയുന്നു.

ഒരുതരം നിശാശലഭത്തിന്റെ പുഴുവാണിത്. ഇതിന്റെ ശരീരം നിറയെ ഉള്ള രോമമുനകൾ ശരീരത്തിൽ സ്പർശിച്ചാൽ ചെറുതായി തുളഞ്ഞു കയറും. രോമങ്ങളുടെ ചുവടറ്റത്തു വിഷഗ്രന്ഥി ഉള്ളതുകൊണ്ട് മുള്ളു കൊള്ളുന്ന അസ്വസ്ഥതയോ പരമാവധി ഒരു മിന്നൽ വേദനയോ ഉണ്ടാകാം. ചൊറിച്ചിലും ഉണ്ടാകാം. ഈ പുഴുക്കൾ സ്പർശിച്ചോ അവ കടിച്ചോ ഇതു വരെ ആരും മരിച്ചതായി റിപ്പോർട്ടില്ല. സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന ചിത്രങ്ങളിലുള്ളതു മറ്റു കാരണങ്ങളാൽ മരിച്ചവരുടേതാണ്. ഈ പുഴുവുമായി അതിനു ബന്ധമില്ല.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ലിമാകോഡിഡേ കുടുംബത്തിൽപെട്ട പുഴുവിന്റെ ചിത്രമാണ്. തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കാനും ചിലപ്പോൾ ഷോക്കടിപ്പിക്കും പോലൊരു തരിപ്പ് ഉണ്ടാക്കാനും പോന്ന ലിമാകോഡിഡേ ശലഭം ആണ് ആളെക്കൊല്ലി പുഴുക്കൾ ആയി കുറച്ചു ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്. ഒച്ചിനെപ്പോലെ വളരെ പതുക്കെ സഞ്ചരിക്കും എന്നതിനാൽ ഒച്ചുശലഭം എന്നും ഇവയുടെ കൊക്കൂണുകൾക്ക് കപ്പിന്റെ ആകൃതിയാണ് എന്നതിനാൽ കപ്പ് ശലഭം എന്നും പേരുണ്ട്. മാവ്, വട്ട, ഇരിമുള്ള്, വാഴ, സപ്പോട്ട, തൊടലി എന്നീ മരങ്ങളുടെ ഇലകൾ തിന്നുന്ന ലിമാകോഡിഡേ ലാർവകളെ കണ്ടെത്തിയിട്ടുണ്ട്.

നിശാശലഭങ്ങൾ സാധാരണ ഇലകളിലാണു മുട്ടയിടുക. മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന പുഴുക്കൾ ഏകദേശം ഒരു മാസത്തോളം ഇലകളുടെ മൃദുഭാഗങ്ങൾ തിന്നു വളരുന്നു. പിന്നീട് കൊക്കൂൺ അഥവാ സമാധിദശയിലേക്കു മാറുന്നു. സമാധിദശ 10 – 20 ദിവസം നീണ്ടു നിൽക്കും. പിന്നീട് കൊക്കൂൺ പൊട്ടിച്ച് ശലഭമായി പുറത്തു വരും. മനുഷ്യർക്ക് മാരകമാകുന്ന വിഷം ഇവയ്ക്കില്ലെന്നും ഇവയുടെ രോമം ചൊറിച്ചിലിനു കാരണമാകുമെന്നല്ലാതെ മറ്റു ജീവികളെ കടിക്കാനോ മുറിവേൽപ്പിക്കാനോ ഇവയ്ക്കു കഴിയില്ലെന്നും വിദഗ്ധർ പറയുന്നു.

വിവരങ്ങൾക്കു കടപ്പാട്: ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസ് ഡയറക്ടർ

Category: News