അധ്യാപികമാര്‍ക്ക് കോട്ട്; വിവേചനത്തില്‍ രാജിയുമായി അധ്യാപിക
അധ്യാപികമാര്‍ കോട്ടിട്ട് വരണമെന്ന് നിര്‍ബന്ധമുള്ള സ്‌കൂളില്‍ കോട്ടിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അപമാനിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് അധ്യാപികയുടെ രാജി.
പത്തനംതിട്ട കൊല്ലമുള ലിറ്റില്‍ഫ്ലവർ സ്‌കൂളിലാണ് സംഭവം. പുരുഷ അധ്യാപകര്‍ക്കില്ലാത്ത കോട്ട് അധ്യാപികമാര്‍ക്ക് മാത്രം അടിച്ചേല്‍പിക്കുന്നത് വിവേചനമാണെന്നും തന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും വിധം പ്രിന്‍സിപ്പള്‍ പെരുമാറിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അധ്യാപിക മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക കോറിഡോര്‍, പ്രത്യേക ഗോവആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ വെച്ച് പരസ്പരം മിണ്ടാന്‍ പാടില്ല, ക്ലാസ്സിനിടയില്‍ അത്യാവശ്യം വന്നാലും ടോയ്‌ലെറ്റില്‍ പോകാന്‍ അനുമതിയില്ല,സ്വന്തമായി കൊണ്ടു വരുന്ന കുപ്പിയിലെ വെള്ളം പോലും പരസ്പരം പങ്കുവെക്കാന്‍ പാടില്ല തുടങ്ങി അനവധി നിരവധി വിവേചനങ്ങള്‍ആണ് ഈ സ്‌കൂളില്‍ തങ്ങള്‍ നേരിടുന്നതെന്നും അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അഭ്യര്‍ഥിച്ച് കുറെയേറെ വിദ്യാര്‍ഥികളും മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിച്ചു.
തന്റെ രാജിയുമായി ബന്ധപ്പെട്ട് അധ്യാപികയായ റാണി പറയുന്നതിതാണ്, മേയ് 9-ന് സ്‌കൂളില്‍ ചേര്‍ന്ന ഞാന്‍ പ്രിന്‍സിപ്പളിന്റെ നിര്‍ദേശ പ്രകാരം 10-നു തന്നെ കോട്ടിന് അളവ് നല്‍കിയിരുന്നു. ഇത് തയ്ച്ച് തരേണ്ട ഉത്തരവാദിത്വം സ്‌കൂളിനാണ്. എന്നാല്‍ ജൂണില്‍ സ്‌കൂള്‍ തുറന്ന ശേഷവും കോട്ട് തയ്ച്ച് ലഭിച്ചിരുന്നില്ല. ഞാനെന്തോ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നയാള്‍ എന്ന തരത്തിലാണ് പലപ്പോഴും കോട്ട് ഓര്‍മ്മിപ്പിച്ചു കൊണ്ട് പ്രിന്‍സിപ്പാള്‍ സംസാരിച്ചത്.
മിസ്സിന് കോട്ട് കിട്ടിയില്ലേ എന്ന് എന്ന് പരസ്യമായി തന്നെ കുട്ടികളുടെ മുമ്പില്‍ വെച്ച് പലപ്പോഴായി ചോദിച്ചു. അധ്യാപകന്‍മാര്‍ക്ക് ഇല്ലാത്ത കോട്ട് അധ്യാപികമാരില്‍ അടിച്ചേല്‍പിക്കുന്നത് ശരിയല്ല എന്ന് പലപ്പോഴായി അഭിപ്രായം തുറന്നു പറഞ്ഞിരുന്നെങ്കിലും സ്‌കൂളിലെ കുട്ടികള്‍ മോശമാണെന്നും അവര്‍ അധ്യാപികമാരെ മോശമായി നോക്കുമെന്ന പ്രതികരണമാണ് പലപ്പോഴും സ്റ്റാഫ് മുറിയില്‍ നിന്ന് ലഭിച്ചത്.
സെപ്റ്റംബര്‍ 13-ന് കോട്ട് തയ്ച്ചു കിട്ടിയെങ്കിലും തയ്യലിലെ ചില പ്രശ്നങ്ങള്‍ കാരണം മാറി തയ്ക്കാന്‍ വീണ്ടും സ്കൂളിൽ തന്നെ ഏല്‍പിച്ചതായിരുന്നു. എന്നാല്‍ കുട്ടികള്‍ ക്ലാസ്സ് എടുക്കുന്നതിനിടയില്‍ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി കോട്ടെവിടെ എന്ന് പരസ്യമായി ചോദിക്കുകയായിരുന്നു പ്രിൻസിപ്പൾ. കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപികയായ എന്നോട് ഇത്തരത്തില്‍ ഭീഷണിമുഴക്കി സംസാരിച്ചത് ഫ്യൂഡല്‍ മനോഭാവമാണ്. വര്‍ക് പ്ലേസ് ഹരാസ്മെന്റായി ആണ് താനിതിനെ കാണുന്നത്. മാത്രവുമല്ല ആൺ ജീവനക്കാർക്കില്ലാത്ത കോട്ട് അധ്യാപികമാർക്ക് മാത്രം അടിച്ചേല്‍പിക്കുന്നത് ലിംഗ വിവേചനമാണ്”, റാണി പറയുന്നു.
മോശമായ കാര്യം ചെയ്തതുപോലെയാണ് ആ പരസ്യമായ താക്കീത് തനിക്ക് അനുഭവപ്പെട്ടതെന്നും ഇതോടൊപ്പം തന്നെ കുട്ടികള്‍ അനുഭവിക്കുന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളില്‍ കൂടി പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും റാണി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു . അതേ സമയം പത്ത് വര്‍ഷത്തിലധികമായി കോട്ടിട്ടാണ് സ്ത്രീകളായ അധ്യാപകര്‍ വരുന്നതെന്നും സൗകര്യപ്രദമായ വസ്ത്രം എന്ന രീതിയിലാണ് അതിവിടെ നടപ്പാക്കുന്നതെന്നും പ്രിൻസിപ്പാൾ ഫാദര്‍ സോജി ജോസഫ് മാതൃഭൂമിയോട് പറഞ്ഞു. “വിവേചനം ഉദ്ദേശിച്ചുകൊണ്ടല്ല ഇത്തരമൊരു നിയമം ഉള്ളത്. കോട്ട് പണ്ട് തൊട്ടേ ഉള്ളതാണ്. അധ്യാപികമാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ് കോട്ട് ബാധകമാക്കിയത്” എന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാദര്‍ സോജി ജോസഫ് നല്‍കുന്ന വിശദീകരണം. അധ്യാപികമാരുടെ സുരക്ഷാപ്രശ്നം എന്തെന്ന ചോദ്യത്തിന് അധ്യാപികമാര്‍ ഇടപഴകുന്നത് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി കുട്ടികളുമായല്ലേ എന്നായിരുന്നു പ്രിൻസിപ്പാൾ നല്‍കിയ വിശദീകരണം
ആണിനും പെണ്ണിനും പ്രത്യേകം ഗോവണി, ഇടനാഴി സ്കൂളിൽ കുട്ടികൾ ആരോപിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട് പ്രശ്നമാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള പ്രത്യേക ഗോവണിയും കോറിഡോറും അതുപോലെ ആണും പെണ്ണും സംസാരിക്കുന്നതിലെ പരസ്പര വിലക്കും. ഒന്നാം ക്ലാസ്സ് മുതലുള്ള കുട്ടികള്‍ അവര്‍ക്ക് ലിംഗപരമായി നിശ്ചയിച്ച കോണിയും കോറിഡോറും മാത്രമേ ഈ സ്‌കൂളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ആണ്‍കുട്ടികള്‍ക്ക് മുന്നിലെ കോറിഡോര്‍, പെണ്‍കുട്ടികള്‍ക്ക് പിന്നിലെ കോറിഡോര്‍ എന്നതാണ് ഈ സ്‌കൂളിലെ നിലവിലുള്ള രീതി. ഒരിക്കല്‍, മുമ്പിലെ ആണ്‍കുട്ടികള്‍ക്കെന്നു പറഞ്ഞുവെച്ച കോറിഡോറിലൂടെ ടീച്ചര്‍ക്കൊപ്പം നടന്നു നീങ്ങിയ പെണ്‍കുട്ടിയെ അധ്യാപിക മോശമായി അവഹേളിച്ച സംഭവമടക്കം സ്കൂളില്‍ ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്‌കൂളിനകത്തോ പുറത്തോ പരസ്പരം സംസാരിക്കാന്‍ പാടില്ല എന്നാണ് നിയമമെന്നും അന്വേഷണത്തില്‍ ചില വിദ്യാര്‍ഥികള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് വെളിപ്പെടുത്തി.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഗോവണിയും ഇടനാഴിയുമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഇന്റര്‍വെല്‍ സമയത്ത് അധ്യാപകര്‍ക്ക് കോറിഡോര്‍ ഡ്യൂട്ടിയുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം സംസാരിക്കുന്നുണ്ടോ, കോറിഡോര്‍ മാറി സഞ്ചരിക്കുന്നുണ്ടോ എന്ന് നോക്കാനാണിതെന്നും പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത വിദ്യാര്‍ഥി പറഞ്ഞു. രാജിവെച്ച് പോയ റാണി ടീച്ചറെ വീട്ടില്‍ പോയി കണ്ടതിന് അധ്യാപകര്‍ വിളിച്ച് ശാസിച്ചെന്നും ചില വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ഇത്തരത്തിൽ വിദ്യാർഥികൾ തങ്ങൾ അനുഭവിക്കുന്ന അവകാശ ലംഘനങ്ങളെ കുറിച്ചും സംസാരിച്ചു. ബാലാവകാശ ലംഘനമുണ്ടോ വിവേചനത്തെയാണ് ഇവിടെ അച്ചടക്കവുമായി കൂട്ടികെട്ടി പുതിയ തലമുറയ്ക്ക് സ്‌കൂള്‍ തെറ്റായ സന്ദേശം നല്‍കുന്നതെന്നും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കുട്ടികളുടെ ആരോഗ്യകരമായ മാനസിക വളര്‍ച്ചയ്ക്ക് വിഘാതമാകുമെന്നും മുൻ ബാലാവകാശ കമ്മിഷനംഗവും അഭിഭാഷകയുമായ അഡ്വ ജെ. സന്ധ്യ പ്രതികരിച്ചു.
“നല്ല രീതിയിലുള്ള ബൗദ്ധിക വികാസം വിദ്യാലയങ്ങളില്‍നിന്ന് ലഭിക്കാനുള്ള അവകാശം ഓരോ കുട്ടിക്കും ഉണ്ട്. സ്‌കൂളില്‍നിന്ന് എതിര്‍ലിംഗക്കാരുമായുള്ള സംവാദം ഇല്ലാതാക്കുന്നത് അവകാശ ലംഘനമാണ്. കുട്ടികളുടെ വ്യക്തിത്വ വികാസത്തെ, എതിര്‍ലിംഗക്കാരോട് എങ്ങനെ പെരുമാറണമെന്ന് പഠിച്ചെടുക്കല്‍ രീതിയെ എല്ലാം ഇത്തരം നിയന്ത്രണങ്ങള്‍ മോശമായി ബാധിക്കും. മാത്രവുമല്ല പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന തെറ്റായ ചിന്തയും നല്‍കുന്നു അധ്യാപികമാരില്‍ ഏല്‍പിക്കപ്പെട്ട കോട്ട് മാറിടം കെട്ടിമൂടപ്പെടേണ്ടതാണെന്ന തെറ്റായ സന്ദേശവും നല്‍കുന്നു”, ജെ. സന്ധ്യ കൂട്ടിച്ചേർത്തു .
മുടിവെട്ടാത്തതിന് സസ്പെൻഷനോ?……
ആരോ തിന്ന ബബിള്‍ഗമ്മൊക്കെ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കൈകൊണ്ട് നീക്കം ചെയ്ത അനുഭവവും സ്‌കൂളിലെ
വിദ്യാര്‍ഥികള്‍ക്കുണ്ടായിട്ടുണ്ട്. “ഗ്ലൗസ് പോലും തരാതെയാണ് ഇത് ചെയ്യിച്ചത്. ആണ്‍കുട്ടികളുടെ മീശയും താടിയും ബാര്‍ബറെ വിളിപ്പിച്ച് സ്‌കൂളില്‍ വെച്ച് തന്നെ വടിച്ച സംഭവവും സ്‌കൂളിലുണ്ടായി. ഇത്തരത്തിൽ അച്ചടക്കത്തിന്റെ പേരില്‍ കുട്ടികളെ ഹരാസ് ചെയ്യുന്ന പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്നും
ചില വിദ്യാർഥികൾ പറയുന്നു.
സൈനികനാവാന്‍ ആഗ്രഹം പുലര്‍ത്തിയ വിദ്യാര്‍ഥി സൈനിക കട്ടില്‍ ( സൈനികരുടേത് പോലുള്ള പ്രത്യേക തരം മുടിവെട്ടൽ രീതി) വന്നതിന് ഒരാഴ്ച പരീക്ഷയെഴുതാന്‍ പോലും ആദ്യം അനുവദിച്ചില്ലെന്നും പിന്നീട് പ്രത്യേക ക്ലാസ് മുറിയിലിരുത്തി ശിക്ഷിച്ചുകൊണ്ടാണ് എല്ലാ പരീക്ഷയും എഴുതിപ്പിച്ചതെന്നും സഹപാഠികള്‍ പറഞ്ഞു. ആര്‍മി കട്ട് ചെയ്തതിന്റെ പേരില്‍ ചിലരെ സസ്‌പെന്‍ഡ് ചെയ്ത സംഭവവും സ്കൂളിൽ ഉണ്ടായി.
സ്‌കൂളില്‍ വെള്ളം പരസ്പരം പങ്ക് വെക്കുന്നത് വരെ കുറ്റകരമാണെന്നും പ്ലസ്ടു വിദ്യാര്‍ഥികളില്‍ ചിലര്‍ പറഞ്ഞു.തങ്ങൾ മയക്കുമരുന്ന്, കഞ്ചാവ് കേസുകളാണെന്ന മട്ടിൽ മുന്‍വിധിയോടെയാണ് അധ്യാപകർ പെരുമാറുന്നതെന്നും വിദ്യാര്‍ഥികൾ ആരോപിച്ചു. ഷേവ് ചെയ്യാത്തതിന്റെ പേരില്‍, പെണ്‍കുട്ടികളും ആണ്‍കുട്ടികളും സംസാരിച്ചതിന്റെ പേരില്‍, പിറന്നാള്‍ ആഘോഷിച്ചതിന്റെ പേരില്‍ പ്രണയിച്ചതിന്റെ പേരിലെല്ലാം സസ്‌പെന്‍ഷനും ശിക്ഷാ നടപടികളും തങ്ങളുടെ സ്‌കൂളില്‍ ഉണ്ടായിട്ടുണ്ട്. പ്രണയിച്ചതിന്റെ പേരില്‍ രേഖാപരമല്ലാതെ വാക്കാലുള്ള സസ്‌പെന്‍ഷനാണ് നല്‍കിയതെന്നും വിദ്യാര്‍ഥി മാതൃഭൂമിയോട് പറഞ്ഞു
.
നിലവില്‍ സ്‌കൂളില്‍ പഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികളോട് സംസാരിച്ചെങ്കിലും സസ്‌പെന്‍ഷനും ശിക്ഷാ നടപടികളും ഭയന്നാണ് പല കുട്ടികളും പ്രതികരിക്കാതിരുന്നത്. പ്രതികരിച്ചവരാവട്ടെ പേരു വെളിപ്പെടുത്താനും തയ്യാറായില്ല.
തെറ്റ് ചെയ്യുമ്പോള്‍ തിരുത്തുകയല്ല പകരം പ്രതികാര രീതിയിലാണ് അധ്യാപകര്‍ മക്കളോട് പെരുമാറുന്നത്. ആണും പെണ്ണും കലര്‍ന്നതല്ലേ സമൂഹം. അങ്ങനെ ഒരു സമൂഹം നിലനില്‍ക്കെ ആണും പെണ്ണും സംസാരിക്കുന്നത് വിലക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പേര് വെളിപ്പെടുത്താന്‍
താത്പര്യമില്ലാത്ത രക്ഷിതാവ് പറഞ്ഞു. സി.ബി.എസ്.ഇ. ആയതുകൊണ്ടാണ് ഇടക്ക് വെച്ച് ഈ സ്‌കൂള്‍ മാറി ചേര്‍ക്കുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും രക്ഷിതാക്കളിലൊരാള്‍ മാതൃഭൂമിയോട് പറഞ്ഞു.
എല്ലാം സുരക്ഷയ്ക്കെന്ന വിശദീകരണവുമായി പ്രിന്‍സിപ്പാള്‍.
കോറിഡോറും ഗോവണിയും ബില്‍ഡിങ് എടുത്ത കാലം മുതല്‍ ഇങ്ങനെയാണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും സൗകര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടിയാണ്, അല്ലാതെ വിവേചനമല്ലിതെന്ന് പ്രിൻസിപ്പൾ ഫാ. സോജി ജോസഫ് പ്രതികരിച്ചു. അങ്ങിനെയെങ്കില്‍
കോറിഡോര്‍ ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ അത് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാണെന്നും ഫാദര്‍ വിശദീകരിച്ചു രക്ഷിതാക്കളുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നും ഫാദര്‍ പറയുന്നു…….
സി.ജെ ജോണ്‍. ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍……
ആരോഗ്യകരമായ ആണ്‍കുട്ടി- പെണ്‍കുട്ടി ബന്ധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശം കൊടുക്കേണ്ടത് വിദ്യാലയങ്ങളിലാണ്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള
വൈമനസ്യം, കുട്ടികള്‍ കുരുത്തക്കേട് കാണിക്കുമോ എന്ന പേടി എന്നിവയാണ് ഇത്തരം നിയന്ത്രണങ്ങളിലേക്ക് സ്‌കൂളുകാരെ എത്തിക്കുന്നത്.
തുല്യതയിലൂന്നിയ സ്ത്രീപുരുഷ ബന്ധത്തില്‍ നൈപുണ്യം നേടാനുള്ള അവസരം നഷ്ടപ്പെടലാണ് ഇത്തരം വ്യത്യസ്ത ഗോവണി, ഇടനാഴി സംവിധാനം കൊണ്ടുണ്ടാവുന്നത്. സ്‌കൂളിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള മാറി നടത്തം കൂടിയാണത്. കുട്ടികളെ നല്ല പെരുമാറ്റം വീട്ടുകാര്‍ പഠിപ്പിച്ചോട്ടേ എന്നും റിസ്‌കുകളില്ലാതെ സ്‌കൂള്‍ നടത്തിക്കൊണ്ടു പോവുക എന്നുമാണ് സ്‌കൂളിന്റെ സമീപനം. ആ സമീപനം ശരിയല്ല. ആണും പെണ്ണും സംസാരിക്കുമ്പോള്‍ ലൈംഗികതയിലൂന്നിയ ബന്ധം മാത്രമല്ല തുല്യതയിലും ബഹുമാനത്തിലും ഊന്നിയുള്ള വ്യക്തിബന്ധം പഠിച്ചെടുക്കാനുള്ള അവസരം കൂടിയാണ് കൈവരുന്നത്. അത് ഭാവി ജീവിതത്തില്‍ അവര്‍ക്ക് ഗുണം ചെയ്യില്ല. ആണ്‍ പെണ്‍ ബന്ധങ്ങള്‍ കൂടി ചേര്‍ന്നതാണ് ജീവിതം. അതൊരു ലൈഫ് സ്‌കില്‍ കൂടിയാണ്. സിലബസ് പഠനം മാത്രമല്ല, സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുന്നതിലെ നൈപുണ്യവും സ്‌കൂളില്‍ നിന്നാണ് നാം നേടുന്നത് നിയന്ത്രണങ്ങള്‍ അത്തരം അവസര നഷ്ടമാണുണ്ടാക്കുന്നത്”, ഡോ. സി.ജെ ജോൺ പറയുന്നു.
ആണ്‍കുട്ടികളുടെ നോട്ടം ശരിയല്ലെങ്കില്‍ അത് തിരുത്തി കൊടുക്കേണ്ട ചുമതലയുള്ളവരാണ് അധ്യാപകരെന്നാണ് അധ്യാപികമാരുടെ കോട്ട് വിഷയവുമായി ബന്ധപ്പെട്ട് ഡോ. സി.ജെ. ജോണിന് പറയാനുള്ളത്. “കുട്ടികളെ തിരുത്താനുള്ള ചുമതല വിദ്യാലയങ്ങള്‍ക്കാണുള്ളത്. അധ്യാപകര്‍ക്ക് കോട്ട് സൗകര്യപ്രദമാണെങ്കില്‍ അതുപയോഗിക്കട്ടെ. പക്ഷെ കുട്ടികളുടെ നോട്ടം ആണ് ഈ വസ്ത്രധാരണത്തിനുള്ള കാരണമെങ്കില്‍ അതേ കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കുന്ന വിദ്യാലയത്തിന്റെ ചുമതല നിര്‍വ്വഹിക്കപ്പെടാതെ പോകും. മാത്രവുമല്ല പെണ്‍കുട്ടികള്‍ ലൈംഗിക വസ്തുവാണ് അതിനാല്‍ സുരക്ഷിതമായി അവരെ മാറ്റി നിര്‍ത്തുക എന്ന തെറ്റായ സന്ദേശമാണ് ഇതുവഴി സംവദിക്കപ്പെടുന്നത്. ഒഴിഞ്ഞുമാറല്‍ ആണ് ശരിയെന്ന് പെണ്‍കുട്ടികളും വിശ്വസിക്കും. എലിയെപ്പേടിച്ച് ഇല്ലം ചുടലലാണിത്”, ഡോ. സി.ജെ ജോൺ കൂട്ടിച്ചേർത്തു.
തന്റെ സ്‌കൂളനുഭവത്തെകുറിച്ച് ഒരു പൂര്‍വ്വ വിദ്യാര്‍ഥിക്ക് പറയാനുള്ളത് ……
പത്താം ക്ലാസ്സിനു ശേഷം അവിടെ നിന്നിറങ്ങി സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നു. ഭയങ്കര ബുദ്ധിമുട്ടായിരുന്നു സ്‌കൂള്‍ കാലം. സി.ബി.എസ്.ഇ ആയതിനാല്‍ കേരള സര്‍ക്കാരിന്റെ യാതൊരു ഇടപെടലും ഇവിടെയൊന്നും വരുന്നില്ല. ആ ആത്മവിശ്വാസത്തിലാണ് ഇത്ര വലിയ അവകാശലംഘനങ്ങള്‍ ഇവര്‍ കുട്ടികളോട് ചെയ്യുന്നത്” വാര്‍ഷികാഘോഷം, ഓണപ്പരിപ്പാടി എന്നിവയ്ക്ക് വരെ യൂണിഫോം ഇട്ടാണ് തങ്ങള്‍ക്ക് സ്‌കൂളില്‍ പോവേണ്ടി വന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഒന്നു മുതൽ നാല് വരെയുള്ള കുട്ടികൾക്കും പ്ലസ് ടു വിദ്യാർഥികൾക്കും ഓണത്തിന് കളറിടാൻ അനുവാദം നൽകിയപ്പോൾ 5 മുതൽ പ്ലസ് വൺ വരെയുള്ള കുട്ടികൾ യൂണിഫോമിൽ വരണമെന്ന് സ്കൂൾ ശട്ടം കെട്ടി.
കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം അശാസ്ത്രീയ ചട്ടങ്ങൾ പലതും സ്കൂളിൽ നിലനിൽക്കുന്നുണ്ടെന്ന് റാണി ടീച്ചറും ശരിവെക്കുന്നു. അധ്യാപകരുടെ ക്രൂരമായ പെരുമാറ്റം കാരണം തന്റെ മകന് വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്ന് സ്‌കൂളില്‍ നിന്ന് ടി.സി. വാങ്ങി പോയ വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നു.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്വരാക്ഷരങ്ങള്‍ കുത്തനെ എഴുതിയതിന് പുസ്തകത്തിലെ താള് കീറി വളരെ പരുഷമായാണ് മകനോട് ടീച്ചര്‍ പെരുമാറിയത്. കുട്ടി പേടിച്ചു പോയി. ഒരാഴ്ച്ചയിലധികം കുട്ടി പനിച്ചു കിടന്നു. പഠിക്കാനുള്ള താത്പര്യം വരെ നഷ്ടപ്പെട്ടു. അങ്ങനെ സ്‌കൂള്‍ മാറ്റി”, പ്രശ്‌നങ്ങള്‍ അനവധിയുണ്ടെങ്കിലും കുട്ടികളുടെ ഭാവിയോര്‍ത്ത് രക്ഷിതാക്കള്‍ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിശദമായ വിവരങ്ങൾ വെച്ച് വനിതാ കമ്മിഷനിൽ പരാതി നൽകിയിരിക്കുകയാണ് റാണി ടീച്ചർ. ബാലാവകാശ കമ്മിഷനെയും ഈ വിവരങ്ങൾ ധരിപ്പിക്കുമെന്നും ടീച്ചർ അറിയിച്ചു.