മഴവില്ല് വിരിയുന്ന വിദ്യാലയം .. ഗവ. LPS ചായം …. പാലോട് സബ്ജില്ലയിലെ മികവുകൾ പൂക്കുന്ന വിദ്യാലയം…
മഴവില്ല് വിരിയുന്ന വിദ്യാലയം .. ഗവ. LPS ചായം …. പാലോട് സബ്ജില്ലയിലെ മികവുകൾ പൂക്കുന്ന വിദ്യാലയം… ഇന്ന് ആ വിദ്യാലയത്തിലെ കൂട്ടുകാർക്കൊപ്പമായിരുന്നു. മനോഹരമായ വിദ്യാലയ അന്തരീക്ഷം…
പ്രഥമാധ്യാപിക ശ്രീമതി സുജ ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ ആവേശത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
ഇന്ന് പ്രത്യേക അസംബ്ലി നടന്ന ദിവസമാണ്. അസംബ്ലിയിൽ ഞാനും പങ്കാളിയായി… പ്രിയ കൂട്ടുകാരി അയ്മി എസ്. ബിജുവിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കൈയിൽ ഒരു പേപ്പർ അവൾ കരുതിയിട്ടുണ്ട്. പക്ഷേ അതിൽ നോക്കേണ്ട കാര്യം അവൾക്കില്ല.. ചിട്ടയോടെ കൃത്യമായി അവൾ ചടങ്ങുകൾ നയിച്ചു. ഈശ്വരപ്രാർത്ഥനയും പ്രത്യേക അസംബ്ലിയുടെ പ്രാധാന്യവുമെല്ലാം അയ്മിയുടെ ക്ഷണമനുസരിച്ച് കൂട്ടുകാരും ശ്രീ സന്തോഷ് സാറും PTA പ്രസിഡന്റ് ശ്രീ പ്രവീണും കൃത്യമായി അവതരിപ്പിച്ചു. കൂട്ടുകാരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കാവ്യകേളി മികച്ച അനുഭവമായി.
വയമ്പ് വായന പരിപാടിയിലൂടെ കേരളത്തിലെ അധ്യാപകർക്ക് തന്നെ മാതൃകയായ ശ്രീ മോഹനൻ സാറിന്റെ നേതൃത്വത്തിൽ 2018 ൽ ആരംഭിച്ച കുട്ടികളുടെ ബാങ്കിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനത്തിന് വേണ്ടിയാണ് ഇന്ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടത്. കുട്ടികളിൽ ബാങ്കിംഗ് സംവിധാനത്തെ കുറിച്ച് അറിവുകൾ പകരാൻ , വിവിധ ഗണിത ശേഷികൾ നേടാൻ , ജനായത്ത ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ പറ്റുന്ന ഒരു പ്രവർത്തന സംവിധാനമാണ് ഈ സ്കൂൾ ബാങ്കിനുള്ളത്. വിശദമായ പ്രവർത്തനരേഖ ഇതിന്റെ ഭാഗമായി ശ്രീ. മോഹനൻ സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്.. എങ്ങനെയാണ് കുട്ടികളുടെ ബാങ്ക് പ്രവർത്തിക്കുക ?
ഒരു ദേശസാൽകൃത ബാങ്കിൽ നടക്കുന്ന എല്ലാ ക്രയവിക്രയങ്ങളും കുട്ടികളുടെ ബാങ്കിലും ഉണ്ടായിരിക്കും. വിവിധ ഫോമുകൾ , പാസ്ബുക്ക് , രസീതുകൾ എല്ലാം സ്കൂൾ ബാങ്കിലുമുണ്ട്. ഒരു വർഷത്തേയ്ക്ക് ആവശ്യമായ എല്ലാ ഫോമുകളും രേഖകളും അച്ചടിച്ച് സ്ക്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്. ഒരു പ്രത്യേക മുറി ബാങ്കിന്റെ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്. ചുമതലകൾ മാറി മാറി നിർവ്വഹിക്കുന്നതിന് ചുമതലക്കാരായി 8 കുട്ടികളെ തെരെഞ്ഞെടുത്തിട്ടുണ്ട്. (ഗണിത ക്വിസ് നടത്തിയാണ് ഈ കൂട്ടുകാരെ തെരെഞ്ഞെടുത്തിട്ടുള്ളത് ) സ്കൂളിലെ മുഴുവൻ കൂട്ടുകാരും ബാങ്കിന്റെ ഇടപാടുകാർ ആയിരിക്കും…?
സ്കൂൾ / ക്ലാസ് പ്രവർത്തനങ്ങൾ മുഴുവനും ബാങ്കിന്റെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. (ഉദാ.. സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കുന്നതിനുള്ള തുകയും മറ്റും അടയ്ക്കേണ്ടത് ബാങ്ക് വഴിയാണ് )
എങ്ങനെയാണ് കൂട്ടുകാർക്ക് ബാങ്കിൽ നിക്ഷേപിക്കാനുള്ള തുക ലഭിക്കുക…? അതിനാവശ്യമുള്ള തുകകൾ കളിനോട്ടായി ക്ലാസ് അധ്യാപകരുടെ പക്കലുണ്ട്. ക്ലാസ്സ് / സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായ കൂട്ടുകാരുടെ മികവുകൾക്ക് സമ്മാനമായി ലഭിക്കുന്നത് ക്യാഷ് അവാർഡുകളാണ്. ഇത് കളി നോട്ടിന്റെ രൂപത്തിൽ അവർക്ക് ലഭിക്കും. അങ്ങനെ ലഭിക്കുന്ന തുക കൂട്ടുകാർക്ക് ബാങ്കിൽ നിക്ഷേപിക്കാം..
ആവശ്യമുള്ള സമയത്ത് ഈ തുക പിൻവലിക്കാം…
ഫോമുകളും രേഖകളുമെല്ലാം യഥാർത്ഥ ബാങ്കിലേതിന് സമാനമാണ്. അതു കൊണ്ട് തന്നെ സ്കൂൾ ബാങ്കിലെ പ്രവർത്തനങ്ങളുമായി പരിചയപ്പെടുന്ന കുട്ടിയ്ക്ക് ബാങ്കിൽ പോയി ഇടപാടുകൾ നടത്താൻ ഒരു വിഷമവും ഉണ്ടാവാൻ ഇടയില്ല. സ്കൂൾ ബാങ്കിൽ ലോക്കർ സംവിധാനവും ലഭ്യമാണ്. എന്താണ് ഇവിടെ സൂക്ഷിക്കുക… വിദ്യാലയത്തിൽ കൂട്ടുകാർ മറന്നു വച്ചു പോകുന്ന വിവിധ പഠനോപകരണങ്ങളും മറ്റും ബാങ്ക് ലോക്കറിൽ സൂക്ഷിക്കും. നിശ്ചിത ഫീസ് ബാങ്കിൽ അടച്ച് ഉടമസ്ഥർക്ക് പ്രസ്തുത സാമഗ്രികൾ വീണ്ടെടുക്കാം… ബാങ്കിന്റെ പ്രവർത്തന സമയവും നിശ്ചയിച്ചിട്ടുണ്ട്. അത് ബാങ്കിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്…
എന്റെ കാഴ്ചയിൽ പെടാത്ത ഇനിയും ധാരാളം കാഴ്ചകൾ ഈ വിദ്യാലയത്തിലെ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ ഭാഗമായി തീർച്ചയായും നടക്കുന്നുണ്ടാകും. ഇതോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണാം… ഈ പ്രവർത്തനങ്ങളിൽ ഒരു അധ്യാപിയെന്ന നിലയിൽ കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെ കൊടുത്തിട്ടു നമ്പരിൽ ബന്ധപ്പെടാം..
ശ്രീ. മോഹനൻ സർ… 6238508 032, ശ്രീ സന്തോഷ് സർ ….. 9497477544
വിദ്യാലയങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന മറ്റ് ചില പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് വായന പ്രവർത്തനങ്ങളാണ്. സ്കൂൾ തുറന്നിട്ട് 3 മാസമായതേയുള്ളൂ… പക്ഷേ കൂട്ടുകാർ നിറയെ പുസ്തകങ്ങൾ വായിച്ചതിന്റെ നിറവിലാണ്… അതുല്യ ( 41 പുസ്തകങ്ങൾ ) , നന്ദന ( 30 പുസ്തകങ്ങൾ ), അമേയ ( 31 പുസ്തകങ്ങൾ ) … കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ കണക്ക് കേട്ടാൽ വലിയ വായനക്കാരനെന്ന അഹങ്കാരം പുറത്തു കാട്ടി നടക്കുന്ന എനിക്ക് നാണിക്കേണ്ടി വരും… വെറുതെ പുസ്തകം വായിക്കുകയല്ല. പുസ്തക കുറിപ്പുകൾ, വായനയുടെ ആവിഷ്കാരങ്ങൾ എല്ലാം ( ചിത്രങ്ങളും മറ്റും ) അവർ കൃത്യമായി തയ്യാറാക്കുന്നുണ്ട്. ഓരോ ക്ലാസിന്റെയും ലൈബറേറിയന്റെ ചുമതല കുട്ടികൾക്കാണ്. മാത്രമല്ല പുസ്തകപ്പോലീസിനെയും ഞാൻ കണ്ടു….
കുട്ടികളുടെ മനസ്സറിഞ്ഞ് കുട്ടികളോടൊപ്പം കൂടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു കൂട്ടം സർഗധനരായ അധ്യാപകർ. അവരോടൊപ്പം കൂടാൻ സർവ്വീസിൽ നിന്ന് വിരമിച്ച കാര്യം പോലും മറന്ന് സ്കൂളിന്റെ അക്കാഡമിക കാര്യങ്ങളിൽ എന്തിനും തയ്യാറായി എപ്പോഴും പ്രവർത്തിക്കുന്ന ശ്രീ. മോഹനൻ സാറിനെ പോലുള്ള വിദ്യാഭ്യാസ പ്രവർത്തകർ… ഈ കൂട്ടായ്മയ്ക്ക് അക്കാഡമിക രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും സംശയമില്ല… അവധി നാളുകൾ കടന്നു പോയിട്ടും യാത്രകൾ നടത്താൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു… വ്യക്തിപരമായി എന്റെ മനസ്സ് … ഒരു കുന്നിന് മുകളിലുള്ള ഈ കുഞ്ഞു വിദ്യാലയത്തിലെ കാഴ്ചകൾ എന്റെ മനസ്സ് നിറയുന്നവ തന്നെയായിരുന്നു…
(സ്കൂളിന്റെ മുഴുവൻ പ്രവർത്തന മികവും അവതരിപ്പിക്കുന്നതിന് എന്റെ എഴുത്തും ചിത്രവും പര്യാപ്തമല്ല.. )
പ്രേംജിത്ത് മാഷ്
റിട്ട. ഹെഡ് മാസ്റ്റർ