സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവർഡ് നേടിയ ജി. യു. പി. എസ്. അരവഞ്ചാൽ പ്രീ – പ്രൈമറിയിലെ സുലേഖ ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖം
സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവർഡ് നേടിയ ജി. യു. പി. എസ്. അരവഞ്ചാൽ പ്രീ – പ്രൈമറി ടീച്ചർ സുലേഖ. പി ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖം
- വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :
ഓരോ വർഷവും അമ്മയുടെ മടിത്തട്ടിൽ വളർന്ന കുഞ്ഞുമക്കൾ നേരിട്ട് വരുന്ന ക്ലാസ് ആണ് പ്രീപ്രൈമറി. അങ്ങനെ ഒരു വർഷം ക്ലാസിലെ മൊത്തം കുട്ടികളിൽ നിന്നും വ്യത്യസ്തമായി അല്പം ബുദ്ധിവികാസം കുറഞ്ഞ ഒരു മോനെ എന്റെ ക്ലാസ്സിൽ ലഭിക്കുകയുണ്ടായി. സാധാരണ 4 നാലു വയസ്സ് പ്രായമായ കുട്ടികളെ വീട്ടിൽ നോക്കാൻ ഏറെ ബുദ്ധിമുട്ടാണ് എന്ന് രക്ഷിതാക്കൾ തന്നെ പലപ്രാവശ്യം ക്ലാസ് പി ടി എ യിൽ ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള 35 കുട്ടികളുള്ള ക്ലാസിലാണ് എനിക്ക് ബുദ്ധിവികാസം കുറഞ്ഞ ജിത്തു എന്ന മോനെ ലഭിച്ചത്. ഓരോ മാസവും കുട്ടിയിൽ പയ്യെപ്പയ്യെ മാറ്റങ്ങൾ വന്നു തുടങ്ങി. വർഷാവസാനം ക്ലാസ് കഴിഞ്ഞ് കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ എന്റെ വീട്ടിൽ വരികയുണ്ടായി. അന്ന് ജിത്തു മോന്റെ മാറ്റത്തിൽ അമ്മയുടെ സന്തോഷം നിറഞ്ഞ വാക്കുകളും സന്തോഷാശ്രുക്കളും ഒരു അമ്മ എന്ന നിലയിലും, ടീച്ചർ എന്ന പദവിയിലും എനിക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത്.
- അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ, മികവാർന്ന പ്രവർത്തനങ്ങൾ:
ഓരോ വർഷത്തിലും ക്ലാസിൽ വരുന്ന കുട്ടികൾക്ക് പഠനത്തോടൊപ്പം കലാരംഗത്തും അവരുടെ സർഗവാസനകൾ മനസ്സിലാക്കി ഡാൻസ്, പാട്ട് തുടങ്ങിയ കലാപരമായ പ്രവർത്തനങ്ങൾക്കും, ദിനാചരണ പ്രവർത്തനങ്ങൾക്കും, മറ്റും പ്രവർത്തനങ്ങൾ പറഞ്ഞു ചെയ്തു കൊടുക്കുന്നതിനും, പഠിപ്പിച്ച് കൊടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. ടീച്ചേഴ്സിന്റെ സംഘടനാപരമായി നടത്തുന്ന കലാപരിപാടികളിൽ 1st,2nd സ്ഥാനങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഈ കഴിഞ്ഞ ജൂലൈ മാസത്തിൽ സ്കൂൾ പത്രം അക്കാദമിയുടെ അച്ചീ വ്മെന്റ് സർട്ടിഫിക്കറ്റ് പ്രവർത്തന മികവിന് എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് എല്ലാം നേടാൻ കഴിഞ്ഞു എന്നതും ഒരു നേട്ടം തന്നെയാണ്.
- എങ്ങനെയാണ് വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക?
കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി അധ്യാപകരും മാറണം.
- എങ്ങനെയാണ് വിദ്യാർഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത്?
എനിക്ക് ലഭിക്കുന്ന കുഞ്ഞുമക്കൾ 4 വയസ്സ് പ്രായമുള്ള നിഷ്കളങ്കരായ മക്കളാണ്. അവർ എന്നും ആഗ്രഹിക്കുന്നത് സ്നേഹവും, ചേർത്തു നിർത്തലും ആണ്. ഞാൻ അവരിൽ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് വിഷമത്തോടെ ഇരിക്കുന്നതും, മറ്റു കുട്ടികളുമായി ഇടപഴകാതെ മാറിയിരിക്കുന്ന തുമാണ്. കൂടിവന്നാൽ ചെറുതായി കരയുന്നതും കാണാം. അങ്ങനെ വരുമ്പോൾ സ്നേഹത്തോടെ വിളിച്ച് മടിയിൽ ഇരുത്തി അല്പം കുശലം ചോദിച്ചാൽ തീരാവുന്നതേയുള്ളൂ.
- പരീക്ഷാ സമയങ്ങളിൽ വിദ്യാർഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ?
പ്രീ പ്രൈമറി കുട്ടികളെ ക്കാളും പരീക്ഷാ സമയത്ത് രക്ഷിതാക്കൾക്ക് ആണ് കൂടുതൽ ആശങ്കയും വെപ്രാളവും ഒക്കെ കാണുന്നത്. കാരണം കുട്ടികൾക്ക് അതേക്കുറിച്ചുള്ള ഗൗരവമായ ഒരു അവസ്ഥ ഞാൻ ക്ലാസിൽ കൊടുക്കാറില്ല. അവരുടെ പ്രായം സംബന്ധിച്ച് അതൊരു മൂല്യനിർണയം മാത്രമാണ്. പക്ഷേ രക്ഷിതാക്കൾക്ക് അതല്ല. അതുകൊണ്ട് ക്ലാസ് പിടിഎ വിളിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കാറുണ്ട്. കുട്ടികളെ പറഞ്ഞ് പേടിപ്പിക്കേണ്ട തല്ല പരീക്ഷ എന്നകാര്യം അവരുമായി ആശയവിനിമയം ചെയ്യാറുണ്ട്.
- പഠന നിലവാരത്തിൽ പുറകിൽ നിൽക്കുന്നവർക്ക് പ്രത്യേക പദ്ധതികൾ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ?
ഇത്തരം കുട്ടികളെ കണ്ടെത്തി മറ്റു കുട്ടികളെ ക്കാളും കുറച്ചുകൂടി സമയം ചിലവഴിച്ച് പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ട്. വീട്ടിൽനിന്ന് ശ്രദ്ധ കൊടുക്കുന്നതിനുവേണ്ടി രക്ഷിതാക്കൾക്ക് നിർദ്ദേശവും കൊടുക്കാറുണ്ട്.
- കുട്ടികളുടെ ഇടയിൽ ധാർമിക നിലവാരം കുറഞ്ഞു വരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ?
പൊതുവിൽ കുട്ടികൾക്ക് ധാർമിക നിലവാരം കുറവാണ്. പക്ഷേ അതിനുത്തരവാദി കുട്ടികളല്ല എന്നതാണ് സത്യം. എന്റെ പ്രീ പ്രൈമറി കുട്ടികളെ സംബന്ധിച്ച് അവർ പഠനത്തിലേക്ക് കാൽ വെച്ച മക്കളാണ്. അവർക്ക് ധാർമിക നിലവാരം കുറഞ്ഞു പോകാതെ സൂക്ഷിക്കാൻ ഉതകുന്ന രീതിയിൽ ക്ലാസ്സിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുണ്ട്.
- എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ്?
ഇന്നോളമുള്ള അധ്യാപന ജീവിതത്തിനിടയിൽ ഒരു മോശമായ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് അതേക്കുറിച്ച് ഒന്നും പറയാനില്ല
- അധ്യാപകരാകാൻ തയ്യാറെടുക്കുന്ന വരോട് എന്താണ് പറയാനുള്ളത്?
നല്ലൊരു അധ്യാപകരാകാൻ ക്ലാസിലെ ഓരോ കുട്ടിയേയും കുറിച്ച് ആഴ്ന്നിറങ്ങി മനസ്സിലാക്കുകയും, അവർക്ക് ഒരു അധ്യാപകൻ എന്നതിനോടൊപ്പം ഒരു രക്ഷകർത്താവ് കൂടിയായി തീരുക.
- കുട്ടികളുടെ പഠന കാര്യങ്ങളിൽ മാതാപിതാക്കൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?
അവർക്ക് പഠിക്കാൻ ആവശ്യമായ പഠനോപകരണങ്ങളും മറ്റും വാങ്ങി കൊടുക്കുന്നതോടൊപ്പം അത് നല്ല രീതിയിൽ ഉപയോഗിച്ചുകൊണ്ട് പഠനം നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കുക.
- എഴുത്തും വായനയും കളികൾ ഒന്നുമില്ലാതെ മൊബൈൽ ഫോണിൽ കൂടുതൽ
സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാൻ സാധിക്കുമോ?
ഇത്തരം കുട്ടികളെ തീർത്തും അലസൻ മാർ ആയിട്ടാണ് കാണാറ്. ഒന്നിലും കൂടുതൽ സമയം ക്ഷമയോടെ ശ്രദ്ധ കൊടുക്കാൻ അവർക്ക് കഴിയാതെ വരുന്നു.
- പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ :
പൊതുവിദ്യാഭ്യാസ ശാക്തീകരണം പടുത്തുയർത്താൻ നല്ലൊരു ഭാഗമായി പ്രവർത്തിക്കുന്ന 2012 ന് ശേഷമുള്ള പ്രീപ്രൈമറി മേഖലയേയും സർക്കാർ സ്കൂളിൽ ഭാഗമാക്കാൻ കനിവുണ്ടാകണം
- ഇഷ്ടപ്പെട്ട വിനോദം :
പാട്ട് പാടുക, കേൾക്കുക.
- സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായം :
എന്റെ അധ്യാപന ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രവർത്തന മേഖല കാണാൻ കഴിഞ്ഞത്. സ്കൂൾ പത്രം എന്നത് കുട്ടികളുടെയും ടീച്ചേഴ്സിന്റെ യും പാഠ്യപാഠ്യേതര രംഗത്തുള്ള പ്രവർത്തന മികവുകൾ തുറന്നുകാട്ടാൻ പറ്റുന്ന ഒരു വേദിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ബഹുമാനപ്പെട്ട ശ്രീ : മൊയ്തീൻ ഷാ സാറിന്റെ ഈ ഗ്രൂപ്പിൽ അംഗമായത് മുതൽ സമൂഹം എന്നെയും, ഞാൻ പഠിപ്പിക്കുന്ന എന്റെ കുഞ്ഞു മക്കളെയും, എന്റെ സ്കൂളിനെയും കൂടുതൽ അടുത്തറിഞ്ഞു എന്ന് തന്നെ പറയാം. കോവിഡ് കാലത്ത് കൂടുതലും എല്ലാ ആൾക്കാരും മീഡിയയെ ആശ്രയിച്ച പ്പോൾ സ്കൂൾ പത്രത്തിന്റെ FB പേജും നിറഞ്ഞു കവിഞ്ഞു.ഇനിയും കൂടുതൽ കരുത്താർജ്ജിച്ച് സ്കൂൾ പത്രം എന്ന ഈ പ്രവർത്തന മേഖല മുന്നോട്ടു കുതിക്കും എന്നത് തീർച്ചയാണ്. അതിന് എന്റെയും സ്കൂളിനെയും പേരിൽ എല്ലാവിധ ആശംസകളും നേരുന്നു.. 🙏
- നിർദ്ദേശങ്ങൾ :
ഒന്നും തന്നെ ഇല്ല. എല്ലാം നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നത് ആയിട്ടാണ് തോന്നുന്നത്.
അവാർഡ്ല ലഭിച്ചതുമായി ബന്ധപ്പെട്ട എന്താണ് പറയാനുള്ളത്?
എന്റെ അധ്യാപന ജീവിതത്തിൽ ഇനി എനിക്ക് മറക്കാൻ കഴിയാത്ത ഒരു നേട്ടമാണിത്. അത്രയ്ക്ക് മൂല്യവും പ്രാധാന്യവും എനിക്ക് ഇതിനുണ്ട്. ഞാൻ ഇത്രയും കാലം മനസ്സറിഞ്ഞ് കുട്ടികളെ വാർത്ത എടുത്തതിന് ദൈവത്തിന്റെ രൂപത്തിൽ സ്കൂൾ പത്രം അക്കാദമി ഒരു നിമിത്തമായി മാറി.