കേരളത്തിൽ ലഹരി ദുരുപയോഗം കൂടുതൽ

September 01, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്നു കേസുകളിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നിരട്ടിയോളം കേസുകളാണ് ഈ വർഷം ഓ​ഗസ്റ്റ് വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2020ൽ 4,650 ഉം 2021 ൽ 5,334 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ഓ​ഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2020 ൽ 5,674 പേരെയും 2021 ൽ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ൽ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വർഷം പിടിച്ചെടുത്തതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്തെ ലഹരി വ്യാപനത്തിലെ ആശങ്ക പങ്കുവച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന്റെ ചർച്ച ലഹരിക്കെതിരേ കേരളത്തിന്റെ പൊതുവികാരമായി മാറി. പ്രതിപക്ഷത്തിന്റെ നോട്ടീസ് അതീവ പ്രാധാന്യമുള്ളതാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്നു ബില്ലുകൾ ചർച്ച ചെയ്യേണ്ടി സാഹചര്യം ഇല്ലാതിരുന്നെങ്കിൽ അടിയന്തിര പ്രമേയത്തിന് അനുമതി നൽകുമായിരുന്നെന്നും പറഞ്ഞു.മയക്കുമരുന്നു കേസുകളിലെ സ്ഥിരം കുറ്റവാളികളെ രണ്ടു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ നിമയമുണ്ട്.

സെക്രട്ടറിതലത്തിലുള്ള ഉദ്യോ​ഗസ്ഥനാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ശുപാർശ സമർപിക്കാൻ പൊലീസും എക്സൈസും തയാറാകണം. കാപ്പ രജിസ്റ്റർ പോലെ സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയാറാക്കും. ലഹരി കേസുകൾ ചാർജു ചെയ്യുന്നതിൽ മാറ്റം വരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. മുൻപ് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം കുറ്റപത്രത്തിൽ വ്യക്തമാക്കാത്ത സ്ഥിതിയുണ്ട്. ഇക്കാര്യം ഉറപ്പാക്കാൻ നിർദേശം നൽകി. എൻഡിപിഎസ് നിയമത്തിലെ 34–ാം വകുപ്പ് അനുസരിച്ച് ഇനി കുറ്റകൃത്യത്തിൽ ഏർപ്പെടില്ല എന്ന തരത്തിൽ ബോണ്ട് വാങ്ങാൻ കഴിയും.

എക്സൈസ് ഇൻസ്പെക്ടർമാരും എസ്എച്ച്ഒമാരുമാണ് ബോണ്ട് വാങ്ങേണ്ടത്. ഇത് സാർവത്രികമായി ഉപയോഗിക്കുന്നില്ല. ഇക്കാര്യത്തിലും നിർദേശം നൽകിതായി മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തിൽ ഭീഷണിയായി വളർന്നിട്ടുണ്ട്.

ലഹരി ഉപയോഗത്തിൽ വർദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്. ലഹരിയുടെ പ്രശ്‌നം സംസ്ഥാന സർക്കാർ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളിൽ ലഹരിക്കടത്തും വിൽപ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി വ്യാപനം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടകിൾക്ക് പ്രതിപക്ഷ നേതാവ് യുഡിഎഫിന്റെ പൂർണ പിന്തുണ വാ​ഗ്ദാനം ചെയ്തു. സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയാണ് ലഹരി വ്യാപനം. ഇതു ത‍ടഞ്ഞ് ലഹരിമുക്ത നാടായി കേരളത്തെ മാറ്റണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Category: News