ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടിയതിന് പിരിച്ചുവിട്ട ടീച്ചർക്ക് 4 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

August 23, 2022 - By School Pathram Academy

ഓൺലൈനിൽ ക്ലാസ് എടുക്കുന്നതിനിടയിൽ അഞ്ച് വട്ടം പൂച്ച കുറുകെ ചാടിയെന്നായിരുന്നു കമ്പനി ലുവോയെ പിരിച്ചുവിടാനുള്ള കാരണമായി പറഞ്ഞത്

ഓണ്‍ലൈന്‍ ക്ലാസിനിടെ തുടര്‍ച്ചയായി പൂച്ച കുറുകെ ചാടിയതിന് അധ്യാപികയെ പിരിച്ചുവിട്ടു.

ലുവോ എന്ന ചൈനീസ് ആര്‍ട് അധ്യാപികയെയാണ് ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടി എന്ന കാരണം പറഞ്ഞ് എഡ്യുക്കേഷന്‍ ടെക് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ച അധ്യാപികയ്ക്ക് അനുകൂലമായാണ് ഒടുവില്‍ വിധി വന്നത്. ലുവോയ്ക്ക് 4.7 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ലുവോ ഓൺലൈനിൽ ക്ലാസ് എടുക്കുന്നതിനിടയിൽ അഞ്ച് വട്ടം പൂച്ച കുറുകെ ചാടിയെന്നായിരുന്നു കമ്പനി ലുവോയെ പിരിച്ചുവിടാനുള്ള കാരണമായി പറഞ്ഞത്.  ഇതിലൂടെ അധ്യാപിക സ്ഥാപനത്തിന്‍റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നും കമ്പനി ആരോപിച്ചു.
കൂടാതെ, നേരത്തെ അവർ ക്ലാസിന് 10 മിനിറ്റ് വൈകി വന്ന സംഭവമുണ്ടായിരുന്നു എന്നും, ലുവോ തന്റെ ക്ലാസുകൾക്കിടയിൽ പഠിപ്പിക്കുകയല്ലാതെ മറ്റ് കാര്യങ്ങളൊക്കെ ചെയ്തു എന്നും കമ്പനി കുറ്റപ്പെടുത്തുകയും ചെയ്തു.

എന്നാൽ, ഇതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ട് ലുവോ പരാതിയുമായി മുന്നോട്ട് പോയി. പക്ഷേ, കമ്പനി അവരെ കേൾക്കാൻ തയ്യാറാവുകയോ നഷ്ടപരിഹാരം നൽകാൻ തയ്യാറാവുകയോ ചെയ്തില്ല.

പകരം അവരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി തന്നെ മുന്നോട്ട് പോയി.
അധ്യാപകർക്ക് വേണ്ടി കമ്പനി തയാറാക്കിയ നിയമപുസ്തകത്തിലെ ഒരു നിയമത്തിന്റെ ലംഘനമാണ് പൂച്ച കുറുകെ ചാടിയത് എന്നായിരുന്നു കമ്പനിയുടെ വാദം.

എന്നാൽ, തന്റെ പൂച്ചയായ കാമിയോ ക്ലാസിൽ അതിക്രമിച്ച് കയറിയില്ല എന്ന് അധ്യാപിക വാദിച്ചു. കൊവിഡ് മഹാമാരി സമയത്ത് തങ്ങളുടെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെങ്കിൽ തൊഴിലുടമകൾ വളരെ കർശനമായ കാര്യങ്ങളൊന്നും ആവശ്യപ്പെടരുത് എന്ന് കേസ് പരി​ഗണിച്ച ഗ്വാങ്‌ഷോ ടിയാൻഹെ പീപ്പിൾസ് കോടതിയിലെ ജഡ്ജി ലിയാവോ യാജിംഗ് പറഞ്ഞു.

Category: News