ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

August 06, 2022 - By School Pathram Academy

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് വീണ്ടും ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്.

 

അതിനിടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറന്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും 8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്.

Category: News