75 ന്റെ നിറവിൽ എം .എ .എച്ച്. എസ് കാക്കനാട്
1947 ജനുവരി 14 നാണ് മാർ അത്തനേഷ്യസ് ഹൈസ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. 1947 ജൂൺ 1-ാം തീയതി ഒരു താൽക്കാലിക ഷെഡിൽ ഒരു അധ്യാപകനും 40 കുട്ടികളുമായി കാക്കനാട് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പിറവി എടുത്തു. സ്കൂളിന്റെ മാനേജരായി തൃക്കാക്കരയുടെ നവോ ത്ഥാന ശില്പി കെ.പി. കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. 1966 -ൽ ഹൈസ്ക്കൂളായി ഉയർത്തുവാൻ അനുവാദം കിട്ടുകയും 1968-69 കാലഘട്ടത്തിൽ ഹൈസ്കൂളായി നിലവിൽ വരികയും ചെയ്തു.
നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു മഹത് വ്യക്തിയാണ് കെ. പി. കുര്യൻ. തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ എന്നും സ്മരിക്കപ്പെടുന്നതോടൊപ്പം തൃക്കാക്കരയുടെ വികസന പ്രവർത്തനത്തിനു വേണ്ടി ആളും അർത്ഥവും നൽകാൻ അദ്ദേഹം വൈമനസ്യം കാണിച്ചില്ല.
അജ്ഞതയാകുന്ന അന്ധകാരത്തിൽ നിന്നും വിജ്ഞാനത്തിന്റെ പൊൻകിരണത്തിലേക്ക് മാനവരാശിയെ നയിക്കാൻ ഈ മഹത് വ്യക്തിക്ക് സാധിച്ചു. വിലപിടിപ്പുള്ള ഭൂമി വിറ്റും ധാരാളം പണം ചെലവഴിച്ചുമാണ് എം.എ.എച്ച്.എസിന്റെ ശില്പിയായ കെ.പി.കുര്യൻ ഈ വിദ്യാലയം പടു ത്തുയർത്തിയതെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.
നാട്ടുകാർക്കും വീട്ടു കാർക്കും താങ്ങും തണലുമായിരുന്ന MAHS സ്ഥാപക മാനേജർ കെ.പി. കുര്യൻ 1994 സെപ്തംബർ മാസം 26-ാം തീയതി രാവിലെ 10.30-ന് വേർപിരിഞ്ഞു.
കാക്കനാടിന്റെ ഇന്നു കാണുന്ന പുരോഗതിക്കെല്ലാം നിമിത്തമായ കെ.പി. കുര്യൻ പടുത്തുയർത്തിയ സ്കൂളിനെ ഇന്ന് നയിക്കുന്നത് അദ്ദേഹത്തിന്റെ പുത്രനായ പീറ്റർ കെ കുര്യനാണ്. സ്കൂൾ മാനേജർ എന്ന നിലയിൽ പീറ്റർ കെ. കുര്യൻ നടത്തുന്ന പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസനീയമാണ്.
തൃക്കാക്കരയുടെ വിദ്യാഭ്യാസ പുരോഗതി ആരംഭിച്ചത് എം.എ.എച്ച്.എസി ലൂടെയാണ്. ഇതിലൂടെ മാനവരാശിയുടെ മൊത്തത്തിലുള്ള പുരോഗതിയാണ് സൃഷ്ടിക്കപ്പെടുന്നത്. എം.എ.എച്ച്. എസിന്റെ സ്ഥാപക മാനേജറുടെ ദീർഘദൃഷ്ടിയും ഉദാരമനസ്സുമാണ് ഒരു നാടിന്റെ തന്നെ ചിന്താധാരയെ തൊട്ടുണർത്തിയത്.
1947 ൽ സ്ഥാപിതമായ സ്കൂൾ ഇന്ന് എഴുപത്തി അഞ്ചാം വർഷത്തിന്റെ ജൂബിലി വർഷത്തിന്റെ നിറവിലാണിപ്പോൾ..
- 2011 ജനുവരിയിൽ പുറത്തിറക്കിയ സ്കൂൾ പത്രം (ഫയൽ ഫോട്ടോ )