എന്താണ് കുട്ടികളുടെ ഹരിത സഭ ?
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സൂചന 3 പ്രകാരം ആരംഭിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ യുവജനങ്ങളു ടെയും,വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിലേക്ക് സംസ്ഥാനത്താകെ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ കൂടുതൽ ജനകീയമാക്കുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാദേശിക സവിശേഷതകൾ ഉൾകൊണ്ടുള്ള പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. ഖര – ദ്രവ മാലിന്യ സംസ്കരണ രീതി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന്, ജനങ്ങളുടെ മനോഭാവവും ശീലവും മാറ്റേണ്ടതുണ്ട്. ഇതിനായി വിപുലമായ സാമൂഹിക വിദ്യാഭ്യാസ പരിപാടി അനിവാര്യമാണ് . ഈ മാറ്റം സാധ്യമാകാൻ കഴിയുന്ന ഒരു വലിയ വിഭാഗമാണ് വിദ്യാർത്ഥികൾ. മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി സൂചന 2, 3 പ്രകാരം നവംബർ 14ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പൊതു നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
എന്താണ് കുട്ടികളുടെ ഹരിതസഭ
പുതുതലമുറകളിൽ മാലിന്യ നിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും തദ്ദേശ സ്ഥാപന പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് അവസരം സൃഷ്ടിക്കുന്ന തദ്ദേശ സ്ഥാപന തലത്തിലുള്ള ഒരു വേദിയാണ് കുട്ടികളുടെ ഹരിത സ മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. ഒരു ഹരിത സഭയിൽ പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്കൂളുകൾക്കും പ്രാതിനിധ്യം നല്കിക്കൊണ്ട് തെരഞ്ഞെടുക്കുന്ന 150-200 കുട്ടികൾ ഉൾപ്പെട്ടിരിക്കും.
ലക്ഷ്യം
1. സമൂഹത്തിൽ ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച് ഇപ്പോഴുള്ള അവസ്ഥയ്ക്ക് മാറ്റവും കൊണ്ടുവരുന്നതിന് ഏറ്റവും യോജിച്ച മാർഗ്ഗം നാളത്തെ പൗരൻമാരായ ഇന്നത്തെ വിദ്യാർത്ഥികളിൽ ഇവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയാണ്. മാറ്റം വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം. അതിനായി ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക.
2. മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലാത്ത പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ സംവിധാനങ്ങൾ ഉറപ്പു വരുത്തുക.
3. ശുചിത്വം സംബന്ധിച്ച ഗുണങ്ങളും വിവിധ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങളും സമൂഹത്തിനു പകർന്ന് നൽകുക.
III.ഹരിതസഭ സംഘാടനം
1. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും (സർക്കാർ, സ്വകാര്യം, എയ്ഡഡ്) വിദ്യാർത്ഥികൾക്കും പങ്കെടുക്കുന്നതിനുള്ള അവസരം ഉറപ്പാക്കണം.
2. ഒരു ഹരിത സഭയിൽ 15-20 കുട്ടികൾ. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്കൂളുകൾക്കും പ്രാതിനിധ്യം ഉണ്ടാകണം
3. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ഓരോ സ്കൂളിൽ നിന്നും പങ്കാളിത്തം ഉണ്ടാകുന്ന തരത്തിൽ പ്രാതിനിധ്യം തീരുമാനിക്കണം ഇതിനുള്ള നിബന്ധനകൾ നിശ്ചയിക്കണം. കോർപ്പറേഷൻ പരിധിയിൽ സ്കൂളുകളുടെ എണ്ണം അനുസരിച്ച് ഒന്നിലധികം ഹരിതസഭ സംഘടിപ്പിക്കാവുന്നതാണ്.
3. തദ്ദേശ സ്ഥാപനത്തിലെ ആകെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസൃതമായി ഓരോ സ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ – ഇതിൽ തുല്യാനുപാതത്തിൽ ആയിരിക്കണം. ആൺ, പെൺ തുല്യ അനുപാതത്തിൽ ആയിരിക്കണം
4. ഒക്ടോബർ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വിദ്യാലയങ്ങളുമായുള്ള യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വിളിച്ച് ചേർക്കണം. പ്രസ്തുത യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതല വിദ്യാഭ്യാസ സമിതി, സ്കൂൾ മാനേജ്മന്റ് സമിതി അംഗങ്ങളെയും ഉൾപ്പെടുത്തണം.
5. പ്രസ്തുത യോഗത്തിലൂടെ ഹരിതസഭ പ്രവർത്തനങ്ങൾ സ്കൂൾ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ഏകോപിപ്പിക്കുന്നതിന് എല്ലാ വിദ്യാലയത്തിൽ നിന്നും ഒരു അധ്യാപകനെ/അദ്ധ്യാപികയെ തീരുമാനിക്കണം.
6. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വിലയിരുത്താനും ഒരു അദ്ധ്യാപക പ്രതിനിധിയെയും (തദ്ദേശ സ്വയംഭരണ സ്ഥാപന തല വിദ്യാഭ്യാസ സമിതിയിലെ അംഗത്തിന് മുൻതൂക്കം നൽകാവുന്നതാണ്) തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഒരു ഉദ്യോഗസ്ഥനെയും ഉദ്യോഗസ്ഥയെയും നിശ്ചയിക്കണം.
7. ഓരോ വിദ്യാലയത്തിൽ നിന്നും ഹരിത സഭയിലേക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനുള്ള നിർദ്ദേശം ഒക്ടോബർ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും സ്കൂളുകൾക്ക് നൽകണം.
8. ഓരോ വിദ്യാലയത്തിൽ നിന്നും ഹരിത സഭയിലേക്ക് തിരഞ്ഞെടുത്ത വിദ്യാർഥികൾ അതാത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിത്തി റിപ്പോർട്ട് തയ്യാറാക്കണം. (മാലിന്യം കൃത്യമായി സംസ്കരിക്കാത്തത്, മാലിന്യ കൂനകൾ, മാലിന്യം കത്തിക്കുന്നത് വലിച്ചെറിയുന്നത്. നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപഭോഗം )
9. എല്ലാ ഹരിതസഭ അംഗങ്ങളും കണ്ടെത്തിയതും ശേഖരിച്ചതുമായ നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ നേരിട്ടോ, വിദ്യാലയത്തിൽ ചുമതലപ്പെടുത്തിയ അദ്ധ്യാപകൻ / അദ്ധ്യാപിക വഴിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കാവുന്നതാണ്.
10. തിരഞ്ഞെടുത്ത സ്കൂൾ ചുമതല ഉള്ള അധ്യാപകരെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികളേയും ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ലഭിയ്ക്കുന്ന നിർദ്ദേശങ്ങളും പരാതികളും ചർച്ച ചെയ്യുകയും വേണം. കുട്ടികൾ ശേഖരിക്കുന്ന വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനം എങ്ങനെ ശേഖരിക്കുമെന്നതിന്റെ വ്യക്തത വരുത്തണം. (ഇ-മെയിൽ, വാട്സാപ്പ്, ഗ്രൂപ്പ് etc)
11. ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് സ്വന്തം സ്കൂളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, മാലിന്യ സംസ്കരണത്തിൽ സ്കൂളിലെ അന്തരം കണ്ടെത്തി ആവശ്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിച്ച് സ്കൂളുകളിൽ കൃത്യമായ മാലിന്യ സംസ്കരണം ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്താവുന്നതാണ്.
12. ഹരിത സഭകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം കൃത്യമായ നടപടികൾ സ്വീകരിക്കണം.
13. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നതിന് കുട്ടികളിൽ നിന്നും 3 – 5 അംഗങ്ങളുടെ പാനലിനെ നിശ്ചയിക്കണം. വിദ്യാലയങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ തിരഞ്ഞെടുക്കുന്ന 1 – 2 കുട്ടികൾ,എൻ.എസ്.എസ് വോളണ്ടിയർമാർ 11,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പരിഗണിക്കാവുന്നതാണ്).
14. വിദ്യാഭ്യാസ സ്ഥാപന തലത്തിൽ അതത് പ്രദേശത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ആശയങ്ങൾ ചർച്ച ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാവുന്നതാണ്. ഇതിനായി വിദ്യാഭ്യാസ സ്ഥാപന തലത്തിൽ സെമിനാറുകൾ, വർക്ക് ഷോപ്പുകൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കാവുന്നതാണ്.